എംജി എസ്‌യുവിയില്‍ ബിഎസ്-6 എന്‍ജിനുകള്‍ നല്‍കും

എംജി എസ്‌യുവിയില്‍ ബിഎസ്-6 എന്‍ജിനുകള്‍ നല്‍കും

2019 ആദ്യ പകുതിയില്‍ ഇന്ത്യന്‍ അരങ്ങേറ്റം നടക്കും

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി മോട്ടോര്‍ ബി-സെഗ്‌മെന്റ് എസ്‌യുവി അവതരിപ്പിച്ചുകൊണ്ടായിരിക്കും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. 2019 ആദ്യ പകുതിയില്‍ ഇന്ത്യന്‍ അരങ്ങേറ്റം നടക്കും. എന്നാല്‍ രണ്ട് ബിഎസ്-6 എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും എംജി എസ്‌യുവി ഇന്ത്യയിലെത്തുന്നത്.

ബിഎസ്-6 പ്രാബല്യത്തിലാകുന്നതിന് ഒരു വര്‍ഷം മുമ്പ് ആദ്യ എസ്‌യുവി അവതരിപ്പിക്കേണ്ടിവരുന്നു എന്നതാണ് ആദ്യ വെല്ലുവിളിയെന്ന് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രാജീവ് ഛാബ പറഞ്ഞു. രണ്ട് ഓപ്ഷനുകളാണ് തങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്നുകില്‍ ഭാരത് സ്റ്റേജ്-6 പ്രാബല്യത്തിലായശേഷം എന്‍ജിനുകള്‍ അതിനനുസരിച്ച് പരിഷ്‌കരിക്കേണ്ടിവരും. അല്ലെങ്കില്‍ ഒരു വര്‍ഷം മുമ്പുതന്നെ ബിഎസ്-6 എന്‍ജിനുകളുമായി എസ്‌യുവി പുറത്തിറക്കണം. കൂടിയാലോചനകള്‍ക്കുശേഷം രണ്ടാമത്തെ മാര്‍ഗ്ഗമാണ് തെരഞ്ഞെടുത്തതെന്ന് രാജീവ് ഛാബ അറിയിച്ചു. എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ബിഎസ്-6 പാലിക്കുന്ന എന്‍ജിനുകളായിരിക്കും നല്‍കുന്നത്.

എംജി എസ്‌യുവിയുടെ ഇന്ത്യന്‍ വേര്‍ഷന്‍ തുടക്കത്തില്‍ 5 സീറ്ററായി മാത്രമായിരിക്കും ലഭിക്കുന്നത്. 4,655 എംഎം നീളവും 1,835 എംഎം വീതിയും 1,760 എംഎം ഉയരവും ഉണ്ടായിരിക്കും. 1.5 ലിറ്റര്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ടര്‍ബോ-പെട്രോള്‍, എഫ്‌സിഎയില്‍നിന്ന് വാങ്ങിയ 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍.

‘ഫ്രീ-സ്റ്റാന്‍ഡിംഗ്’ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, പനോരമിക് സണ്‍റൂഫ്, വൈദ്യുതിയാല്‍ ക്രമീകരിക്കാവുന്ന തുകല്‍ സീറ്റുകള്‍, ടിഎഫ്ടി മള്‍ട്ടി-ഇന്‍ഫൊ ഡിസ്‌പ്ലേ, ക്രൂസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവയാണ് ഫീച്ചറുകള്‍. ഹ്യുണ്ടായ് ടൂസോണ്‍, ജീപ്പ് കോംപസ് എന്നിവര്‍ക്കെതിരെയാണ് എംജി എസ്‌യുവി മല്‍സരിക്കേണ്ടത്. എംജി മോട്ടോറിന്റെ ഇന്ത്യയിലെ രണ്ടാമത്തെ ലോഞ്ച് ഇലക്ട്രിക് എസ്‌യുവി ആയിരിക്കും.

കടപ്പാട് : ഓട്ടോകാര്‍ ഇന്ത്യ

Comments

comments

Categories: Auto
Tags: MG SUV