മോദി റൂപേ കാര്‍ഡിനെ അമിതമായി പ്രോത്സാഹിപ്പിക്കുന്നു; ട്രംപിന് മാസ്റ്റര്‍കാര്‍ഡിന്റെ പരാതി

മോദി റൂപേ കാര്‍ഡിനെ അമിതമായി പ്രോത്സാഹിപ്പിക്കുന്നു; ട്രംപിന് മാസ്റ്റര്‍കാര്‍ഡിന്റെ പരാതി

ഇന്ത്യയുടേത് സംരക്ഷണവാദ നടപടിയെന്ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവിന് പരാതി നല്‍കി മാസ്റ്റര്‍കാര്‍ഡ്; റൂപേ കാര്‍ഡിന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക മുന്‍ഗണന അവസാനിപ്പിക്കണമെന്ന് ആവശ്യം

ന്യൂഡെല്‍ഹി: ദേശീയവാദത്തെ അടിസ്ഥാനമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര പണമിടപാട് ശൃംഖലയെ പ്രോത്സാഹിപ്പിക്കുന്നെന്ന പരാതിയുമായി അമേരിക്കന്‍ പേമെന്റ്‌സ് കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് യുഎസ് സര്‍ക്കാരിനെ സമീപിച്ചു. ഇന്ത്യ സ്വീകരിക്കുന്ന സംരക്ഷണവാദ നടപടികള്‍ വിദേശ പേമെന്റ്‌സ് കമ്പനികളെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ട്രംപ് ഭരണകൂടത്തിന് നല്‍കിയ പരാതിയില്‍ ആഗോള പേമെന്റ് കാര്‍ഡ് സേവന കമ്പനിയായ മാസ്റ്റര്‍കാര്‍ഡ് കുറ്റപ്പെടുത്തുന്നു. റൂപേ കാര്‍ഡുകള്‍ക്ക് പ്രാധാനം നല്‍കിക്കൊണ്ട് ആഭ്യന്തര പേമെന്റ്‌സ് സവിധാനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ കാണിക്കുന്ന ഉത്സാഹമാണ് അമേരിക്കന്‍ ആഗോള കുത്തക കമ്പനിയെ ചൊടിപ്പിച്ചിരിക്കുന്നത്. തദ്ദേശീയമായി രൂപപ്പെടുത്തിയ റൂപേ പേമെന്റ് സംവിധാനത്തിലൂടെയാണ് രാജ്യത്തെ ഒരു ബില്യണോളം ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളുടെ പകുതിയും യാഥാര്‍ഥ്യമാകുന്നത്. അതിവേഗം വളരുന്ന ഇന്ത്യന്‍ പേമെന്റ്‌സ് വിപണിയില്‍ പടര്‍ന്നു കയറാമെന്ന, അമേരിക്ക ആസ്ഥാനമായുള്ള പേമെന്റ്‌സ് ഭീമന്മാരായ മാസ്റ്റര്‍കാര്‍ഡ്, വിസ കാര്‍ഡ് എന്നിവയുടെ മോഹങ്ങളാണ് ഇതോടെ തകര്‍ന്നത്.

എല്ലാവര്‍ക്കും ബാങ്ക് എക്കൗണ്ടുകളെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന ജന്‍ ധന്‍ പദ്ധതി പ്രകാരം 30 കോടിയിലധികം എക്കൗണ്ടുകള്‍ക്ക് റൂപേ കാര്‍ഡുകളാണ് നല്‍കിയിരിക്കുന്നത്. ഇതോടെ ലോകത്തെ തന്നെ വലിയ കാര്‍ഡ് സേവനദാതാക്കളായി റൂപേ മാറിയിരുന്നു. റൂപേ കാര്‍ഡ് ഉപയോഗിക്കുന്നത് രാജ്യത്തെ സേവിക്കുന്നതിന് തുല്യമാണെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നത്. കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളുടെ ഫീസ് തുക രാജ്യത്തിന് പുറത്തേക്ക് പോകില്ലെന്നും റോഡുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവ നിര്‍മിക്കാന്‍ ഇത് സഹായകമാകുമെന്നുമായിരുന്നു മോദി തദ്ദേശീയമായ കാര്‍ഡ് പേമെന്റ്‌സ് ശൃംഖലയെ വാഴ്ത്തിക്കൊണ്ട് അഭിപ്രായപ്പെട്ടത്.

മോദിയുടെ നിലപാട് സംബന്ധിച്ച് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ (യുഎസ്ടിആര്‍) ഓഫീസില്‍ രേഖാമൂലമാണ് മാസ്റ്റര്‍കാര്‍ഡ് പരാതിപ്പെട്ടിരിക്കുന്നത്. ‘ഡിജിറ്റല്‍ പേമെന്റ്‌സിന് പ്രോത്സാഹനം നല്‍കാനുള്ള മോദിയുടെ നീക്കം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ആഗോള കമ്പനികള്‍ക്ക് ഹാനികരമാകുന്ന തരത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സംരക്ഷണ നയങ്ങളുടെ പരമ്പര തന്നെ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള അമേരിക്കന്‍ കമ്പനികള്‍ മോദിയുടെ ഈ ദേശീയതാ നയങ്ങള്‍ക്ക് മുന്നില്‍ കടുത്ത പോരാട്ടത്തിലാണ്,’ മാസ്റ്റര്‍ കാര്‍ഡിന്റെ ആഗോള പബ്ലിക് പോളിസി വിഭാഗം വൈസ് പ്രസിഡന്റ് സാറ ഇംഗ്ലീഷ്, കത്തില്‍ സൂചിപ്പിക്കുന്നു. റൂപേ കാര്‍ഡിന് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക മുന്‍ഗണന അവസാനിപ്പിക്കണമെന്നും സാറ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂണ്‍ 21ന് നല്‍കിയ പരാതിയിന്‍മേല്‍ യുഎസ് സര്‍ക്കാര്‍ ഇന്ത്യയോട് ആശയവിനിമയം നടത്തിയിട്ടുണ്ടോ എന്ന് അറിവായിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് യുഎസ്ടിആറും പ്രതികരിച്ചില്ല. പാരന്‍മാരുടെ ഡാറ്റ പ്രാദേശികമായി സംഭരിച്ച് സൂക്ഷിക്കണമെന്ന ഇന്ത്യയുടെ നിലപാടിനെതിരെയും നേരത്തെ യുഎസ് സാങ്കേതിക കമ്പനികള്‍ രംഗത്ത് വന്നിരുന്നു. ഇന്ത്യ സംരക്ഷണവാദമാണ് നടപ്പാക്കുന്നതെന്നാണ് പ്രധാന പരാതി.

2014-19 കാലയളവില്‍ ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഇന്ത്യയില്‍ നടത്താനാണ് മാസ്റ്റര്‍കാര്‍ഡ് പദ്ധതിയിട്ടിരുന്നത്. ഇന്ത്യന്‍ വംശജനായ പ്രസിഡന്റ് അജയ് ബംഗയാണ് ഇതില്‍ പ്രത്യേക താല്‍പര്യം എടുത്തിരിക്കുന്നത്. യുഎസ് കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവനക്കാരെ നിയമിച്ചിരിക്കുന്ന ഇന്ത്യന്‍ വിപണിയെ അതീവ പ്രാധാന്യമുള്ളതായാണ് മാസ്റ്റര്‍കാര്‍ഡ് കാണുന്നത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 14 ശതമാനം (2,000 ആളുകള്‍) ഇന്ത്യയിലാണുള്ളത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് (എന്‍പിസിഐ) റൂപേ കാര്‍ഡുകളും പണമിടപാടും നിയന്ത്രിക്കുന്നതും യാഥാര്‍ഥ്യമാക്കുന്നതും. 2016 ല്‍ നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയതോടെയാണ് ഇന്ത്യയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം കുതിച്ചുയര്‍ന്നത്. 2018 ഓഗസ്റ്റ് മാസത്തില്‍ 51 ബില്യണ്‍ കാര്‍ഡ് ഇടപാടുകളാണ് രാജ്യത്ത് നടന്നത്. 2016 നവംബറില്‍ ഇത് 25 ബില്യണിന് താഴെയായിരുന്നു.

Comments

comments

Categories: Current Affairs
Tags: RuPay card

Related Articles