കിയ സീഡ് ഇന്ത്യയിലെത്തും

കിയ സീഡ് ഇന്ത്യയിലെത്തും

4.3 മീറ്റര്‍ നീളമുള്ള വലിയ ഹാച്ച്ബാക്കായ സീഡ് ഇപ്പോള്‍ മൂന്നാം തലമുറയിലെത്തി നില്‍ക്കുകയാണ്

ന്യൂഡെല്‍ഹി : കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‌സ് അടുത്ത വര്‍ഷം ഇന്ത്യയില്‍ തങ്ങളുടെ ആദ്യ മോഡല്‍ അനാവരണം ചെയ്യും. എസ്പി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷനാണ് ഈ മോഡല്‍. ഇന്ത്യന്‍ നിര്‍മ്മിത ഈ കോംപാക്റ്റ് എസ്‌യുവി 2020 ല്‍ വിപണിയിലെത്തിക്കും. കിയ മോട്ടോഴ്‌സ് ഇദംപ്രഥമമായി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന മോഡലായിരിക്കും എസ്പി കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍.

എന്നാല്‍ എസ്പി കണ്‍സെപ്റ്റ് കിയയുടെ ആവനാഴിയിലെ ഒരു അസ്ത്രം മാത്രമാണ്. എസ്പിയുടെ പിന്നാലെ ഇന്ത്യന്‍ വിപണിയിലെത്തുന്ന മറ്റ് മോഡലുകളില്‍ കിയ സീഡ് ഹാച്ച്ബാക്ക് ഉള്‍പ്പെടുമെന്ന് സ്ഥിരീകരണം ലഭിച്ചിരിക്കുന്നു. കിയ മോട്ടോഴ്‌സ് ഇന്ത്യ സീനിയര്‍ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ് ആന്‍ഡ് പിആര്‍) സണ്‍ വൂക് ഹ്വാങാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്.

4.3 മീറ്റര്‍ നീളമുള്ള വലിയ ഹാച്ച്ബാക്കായ സീഡ് ഇപ്പോള്‍ മൂന്നാം തലമുറയിലെത്തി നില്‍ക്കുകയാണ്. വിദേശ വിപണികളില്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ്, ഹ്യുണ്ടായ് ഐ30 തുടങ്ങിയവയാണ് എതിരാളികള്‍. കിയ സീഡ് ഹാച്ച്ബാക്കിന്റെ ജിടി ലൈന്‍ വേരിയന്റ് മാത്രമായിരിക്കും ഇന്ത്യയില്‍ പുറത്തിറക്കുന്നത്. കൂടുതല്‍ സ്‌പോര്‍ടിയായ ബംപറുകള്‍, ചുവപ്പ്-കറുപ്പ് നിറങ്ങളില്‍ എക്സ്റ്റീരിയര്‍ അലങ്കാരങ്ങള്‍, വലിയ 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ സവിശേഷതകളായിരിക്കും. ഓള്‍-ബ്ലാക്ക് കാബിനില്‍ മുന്‍ സീറ്റുകള്‍ കൂടുതല്‍ സ്‌പോര്‍ടി ആയിരിക്കും.

140 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ടര്‍ബോ-പെട്രോള്‍, 136 എച്ച്പി കരുത്ത് പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍ എന്നിവയായിരിക്കും ഇന്ത്യയില്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. രണ്ട് എന്‍ജിനുകളുമായും 7 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും.

Comments

comments

Categories: Auto
Tags: Kia cars