ജാവ വീണ്ടും; മൂന്ന് ബൈക്കുകളുടെയും ടീസര്‍ പുറത്തുവിട്ടു

ജാവ വീണ്ടും; മൂന്ന് ബൈക്കുകളുടെയും ടീസര്‍ പുറത്തുവിട്ടു

റോഡ്‌സ്റ്റര്‍, അഡ്വഞ്ചര്‍ ടൂറര്‍, ബോബര്‍ മോട്ടോര്‍സൈക്കിളുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

ന്യൂഡെല്‍ഹി : ജാവ മോട്ടോ വീണ്ടും ഒച്ചയും അനക്കവും പ്രകടിപ്പിച്ചു. നവംബര്‍ 15 ന് മുംബൈയില്‍ നടക്കുന്ന അനാവരണത്തിന് മുന്നോടിയായി മൂന്ന് പുതിയ ബൈക്കുകളും ഉള്‍പ്പെടുത്തിയ ടീസര്‍ വീഡിയോ ജാവ പുറത്തുവിട്ടു. മോട്ടോര്‍സൈക്കിളുകളിലൊന്നിന്റെ പരീക്ഷണ ഓട്ടം കാമറക്കണ്ണുകളില്‍ പതിഞ്ഞതിനുപിന്നാലെയാണ് മൂന്ന് ബൈക്കുകളുടെയും ടീസര്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ബൈക്കുകളുടെ വിവിധ ഡിസൈന്‍ സ്റ്റൈലുകള്‍ സാമൂഹ്യ മാധ്യമ എക്കൗണ്ടുകളില്‍ പങ്കുവെച്ച ടീസര്‍ വീഡിയോയില്‍ കാണാം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സാണ് ജാവ മോട്ടോയുടെ ഇപ്പോഴത്തെ മാതൃ കമ്പനി.

റോഡ്‌സ്റ്റര്‍, സ്‌ക്രാംബ്ലര്‍/അഡ്വഞ്ചര്‍ ടൂറര്‍, ബോബര്‍ എന്നീ മോട്ടോര്‍സൈക്കിളുകളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നവംബര്‍ 15 ന് മുംബൈയില്‍ മൂന്ന് മോട്ടോര്‍സൈക്കിളുകളും പ്രദര്‍ശിപ്പിക്കും. എന്നാല്‍ ജാവ റോഡ്‌സ്റ്റര്‍ ആയിരിക്കും ആദ്യം വിപണിയില്‍ എത്തിക്കുന്നത്. മറ്റ് രണ്ട് മോഡലുകള്‍ പിന്നീട് വില്‍പ്പനയ്‌ക്കെത്തിക്കും. നിലവില്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നതാണ് ജാവ റോഡ്‌സ്റ്റര്‍. ടെലിസ്‌കോപിക് ഫോര്‍ക്ക്, ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍, ഗ്യാസ് ചാര്‍ജ്ഡ് കാനിസ്റ്റര്‍, മുന്‍ ചക്രത്തില്‍ സിംഗിള്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയെല്ലാം റോഡ്‌സ്റ്ററിന്റെ ടീസറില്‍ കാണാം.

രണ്ടാമത്തെ ബൈക്ക് സ്‌ക്രാംബ്ലര്‍ എന്നതിനേക്കാള്‍ അഡ്വഞ്ചര്‍ ടൂററാണ്. റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയനുമായി സാമ്യം കാണാം. ലോംഗ്-ട്രാവല്‍ യുഎസ്ഡി ഫോര്‍ക്ക്, വലിയ സ്‌പോക്കുകളുള്ള മുന്‍ചക്രം, ഉയര്‍ന്ന ഹാന്‍ഡില്‍ബാര്‍, ഉയര്‍ന്നുപൊങ്ങിയ ഫെന്‍ഡര്‍, ഉയരമുള്ള വിന്‍ഡ്‌സ്‌ക്രീന്‍ എന്നിവ നല്‍കിയിരിക്കുന്നു. നിരപ്പായ സീറ്റ്, ഉയരത്തില്‍ സീറ്റിനടിയില്‍ നല്‍കിയ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, മോണോഷോക്ക്, റിയര്‍ ഡിസ്‌ക് ബ്രേക്ക്, നീളമേറിയ സ്വിംഗ്ആം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ജാവയുടെ ടീസര്‍ വീഡിയോയില്‍ കാണുന്ന മൂന്നാമത്തെ മോട്ടോര്‍സൈക്കിള്‍ ബോബറാണ്. ജാവ ബോബര്‍ പ്രചോദനമുള്‍ക്കൊണ്ടിരിക്കുന്നത് ട്രയംഫ് ബോണവില്‍ ബോബറില്‍നിന്നാണെന്ന് തോന്നുന്നു. കാന്റിലിവര്‍ സിംഗിള്‍ സീറ്റ്, അതിന് തൊട്ടുതാഴെ മോണോഷോക്ക് സസ്‌പെന്‍ഷന്‍, നീളംകുറഞ്ഞ ഫെന്‍ഡറുകള്‍, ബലൂണ്‍ സ്റ്റൈല്‍ ടയറുകള്‍ എന്നിവ കാണാനാകും. സ്‌പോര്‍ടി റൈഡിംഗ് സ്റ്റാന്‍സ് സമ്മാനിക്കുന്നതാണ് സവിശേഷ ഹാന്‍ഡില്‍ബാര്‍. മറ്റ് രണ്ട് ബൈക്കുകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് കാസ്റ്റ് സ്വിംഗ്ആം. യുഎസ്ഡി ഫോര്‍ക്ക്, റിയര്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയും ജാവ ബോബറിന്റെ ടീസറില്‍ കാണാം.

മൂന്ന് ജാവ മോട്ടോര്‍സൈക്കിളുകള്‍ക്കും 293 സിസി, ഡിഒഎച്ച്‌സി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് മോട്ടോര്‍ കരുത്തേകും. ഈ എന്‍ജിന്‍ 27 എച്ച്പി കരുത്തും 28 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോറിന് കൂട്ട്. ആദ്യം മുതല്‍ വികസിപ്പിച്ചതാണ് പുതിയ എന്‍ജിനെന്ന് ജാവ അവകാശപ്പെടുന്നു. എന്നാല്‍ നിലവില്‍ മഹീന്ദ്ര മോജോ ഉപയോഗിക്കുന്ന 300 സിസി എന്‍ജിന്റെ ബോര്‍, സ്‌ട്രോക്ക് എന്നിവ മാത്രം അതേപോലെ സ്വീകരിച്ചു. ബിഎസ്-6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് എന്‍ജിന്‍. ഉദാരമായ മിഡ്‌റേഞ്ച്, ഫഌറ്റ് ടോര്‍ക്ക് കര്‍വ് എന്‍ജിന്റെ സവിശേഷതയായിരിക്കും. മാത്രമല്ല ഒറിജിനല്‍ ജാവയുടെ എക്‌സ്‌ഹോസ്റ്റ് നോട്ടുമായി സാമ്യം ഉണ്ടായിരിക്കും. ഒറിജിനല്‍ ജാവ എന്‍ജിന്റെ ഡിസൈന്‍ പുന:സൃഷ്ടിക്കുക എന്നതായിരുന്നു ക്ലാസിക് ലെജന്‍ഡ്‌സിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളി. ഇക്കാര്യത്തില്‍ കമ്പനി വിജയിച്ചുവെന്ന് പറയാം. എന്‍ജിന്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

Comments

comments

Categories: Auto
Tags: Java moto