മോണ്ടെലെസിന് ഇന്ത്യയില്‍ 900 ദശലക്ഷം ഡോളറിന്റെ റെക്കോഡ് വില്‍പ്പന

മോണ്ടെലെസിന് ഇന്ത്യയില്‍ 900 ദശലക്ഷം ഡോളറിന്റെ റെക്കോഡ് വില്‍പ്പന

5.7 ബില്യണ്‍ ഡോളറാണ് ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക മേഖലകളില്‍ നിന്ന് മോണ്ടെലെസ് നേടിയത്

മുംബൈ: കാഡ്ബറി ചോക്ലേറ്റ്, ബോണ്‍വിറ്റ ബ്രാന്‍ഡുകളുടെ ഉടമകകളായ മോണ്ടെലെസ് ഇന്റര്‍നാഷണല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 900 ദശലക്ഷം ഡോളറിന്റെ റെക്കോര്‍ഡ് വില്‍പ്പന നടത്തി. ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം വില്‍പ്പന നടത്താനായത് ഇന്ത്യയിലാണെന്നും കമ്പനിയുടെ എക്കാലത്തേയും പ്രധാന വിപണിയായി ഇന്ത്യ മാറിയെന്നും മോണ്ടെലെസ് ഇന്റര്‍നാഷണലിന്റെ ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക മേഖലകളിലെ പ്രസിഡന്റ് മൗറിസ്യോ ബ്രുസാദെലി പറഞ്ഞു. ‘ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്. ഇന്നിന്റെയും നാളെയുടെയും വിപണി കൂടിയാണിത്. ഇവിടെ വ്യവസായം ഇരട്ടിയാക്കാമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ചോക്ലേറ്റ് വിപണിയില്‍ മുന്നിലാണ് ഞങ്ങളെങ്കിലും പരിധികളില്ലാത്ത അഭിലാഷങ്ങളാണ് കമ്പനി വെച്ചുപുലര്‍ത്തുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൊത്തം ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് വരുന്നതാണ് ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക മേഖലകള്‍. കമ്പനിയുടെ മൊത്തം വില്‍പ്പനയുടെ 22 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. 5.7 ബില്യണ്‍ ഡോളറാണ് എഷ്യയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമായി കമ്പനി നേടിയത്. മോണ്ടെലെസിന്റെ വളര്‍ച്ചാ എഞ്ചിനായി ഈ മേഖലകള്‍ മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബ്രുസാദെലി പറഞ്ഞു. കമ്പനിക്ക് പ്രധാന വില്‍പ്പന മുന്നേറ്റം നേടിക്കൊടുത്ത ഉല്‍പ്പന്നങ്ങള്‍ അഞ്ച് രൂപയ്ക്കും പത്ത് രൂപയ്ക്കും ഇടയിലുള്ളതാണെന്നും ബ്രുസാദെല്ലി വ്യക്തമാക്കി. രാജ്യത്തെ ചോക്ലേറ്റ് വിപണിയുടെ 66 ശതമാനവും മോണ്ടെലെസിന്റെ കൈപ്പിടിയിലാണുള്ളത്. ഈ വര്‍ഷം പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നങ്ങളിലൂടെ വിപണി വിപിതം 0.9 ശതമാനം കൂടി വര്‍ധിപ്പിക്കാനായി. 70 വര്‍ഷം മുന്‍പ് ഇന്ത്യന്‍ വിപണിയിലെത്തിയ കമ്പനി അടുത്തിടെ ഗ്രാമീണ വിപണിയില്‍ 10 ശതമാനം മുന്നേറ്റം ഉണ്ടാക്കുകയും ചെയ്തു. 1.2 ബില്യണ്‍ മൂല്യമുള്ള ഇന്ത്യന്‍ ചോക്ലേറ്റ് വിപണിയില്‍ ഇറ്റാലിയന്‍ കമ്പനിയായ ഫെറേറോ, സ്വിസ് കമ്പനിയായ നെസ്‌ലെ എന്നിവയാണ് മോണ്ടെലെസിന്റെ എതിരാളികള്‍. പ്രതിവര്‍ഷം ശരാശരി 120 ഗ്രാം ചോക്ലേറ്റാണ് ഇന്ത്യക്കാര്‍ കഴിക്കുന്നത്.

മഹാരാഷ്ട്രയിലെ താനെയില്‍ കഴിഞ്ഞ ദിവസമാണ് 15 ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന പുതിയ ഗവേഷണ-വികസന-ഗുണനിലവാര കേന്ദ്രം മോണ്ടെലെസ് ആരംഭിച്ചത്. ഇന്ത്യയിലേയും മറ്റ് വിപണികളിലേയും ചോക്ലേറ്റ്, ബവ്‌റിജസ് ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനാണ് പുതിയ കേന്ദ്രം സ്ഥാപിച്ചത്. 150 ല്‍ അധികം ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, മറ്റ് വിദഗ്ധര്‍ എന്നിവരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ ഇത്തരത്തിലുള്ള പത്താമത്തെ കേന്ദ്രമാണിത്. മോണ്ടെലെസിന്റെ രാജ്യത്തെ രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. ആന്ധ്രാ പ്രദേശില്‍ ഗ്രീന്‍ഫീല്‍ഡ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടി 190 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചതാണ് ഇതിന് മുന്‍പ് കമ്പനി നടത്തിയ വലിയ നിക്ഷേപം.

Comments

comments

Categories: Business & Economy
Tags: Mondelez