ഐഎംഎഫ് പിന്തുണ കേന്ദ്ര ബാങ്കിന്; സ്വാതന്ത്ര്യം വേണം

ഐഎംഎഫ് പിന്തുണ കേന്ദ്ര ബാങ്കിന്; സ്വാതന്ത്ര്യം വേണം

ഇന്ത്യയിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഐഎംഎഫ്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും(ആര്‍ബിഐ) കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രൂക്ഷമായ തര്‍ക്കത്തെ വളരെ പ്രാധാന്യത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്).

ലോകത്തെവിടെയാണെങ്കിലും കേന്ദ്രബാങ്കുകളുടെ സ്വാതന്ത്ര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഏതൊരു നടപടിക്കെതിരെയും വിയോജിപ്പ് പ്രകടിപ്പിക്കുന്നതായി ഐഎംഎഫ് വ്യക്തമാക്കി.

2008-14 കാലത്ത് ബാങ്കുകള്‍ നിയന്ത്രണമില്ലാതെ വായ്പ നല്‍കിയതു നിയന്ത്രിക്കാന്‍ കേന്ദ്ര ബാങ്കിനായില്ലെന്നും ഇതാണ് ഇപ്പോഴത്തെ നിഷ്‌ക്രിയാസ്തി പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമെന്നും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരുന്നു.ആഗോളമാന്ദ്യത്തിനു ശേഷം കരകയറാന്‍ യുപിഎ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കേന്ദ്ര ബാങ്ക് എതിര്‍പ്പില്ലാതെ അനുസരിച്ചെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി.

ആര്‍ബിഐയുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നത് വിനാശാത്മകമാകുമെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ കഴിഞ്ഞ ആഴ്ച്ച തുറന്ന അഭിപ്രായപ്രകടനം നടത്തിയതോടെയാണ് കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നത്.

ഈ പ്രശ്‌നത്തില്‍ മുന്‍പോട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് തങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അത് തുടരുക തന്നെ ചെയ്യുമെന്നും ഐഎംഎഫ് കമ്യൂണിക്കേഷന്‍സ് ഡയറക്റ്റര്‍ ജെറി റൈസ് പറഞ്ഞു.

ഇതുപോലുള്ള വിഷയങ്ങളില്‍ നേരത്തെതന്നെ ഐഎംഎഫ് നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അന്താരാഷ്ട്രതലത്തിലുള്ള നടപ്പുരീതിയനുസരിച്ച് കേന്ദ്രബാങ്കുകളുടെയോ വിപണി നിയന്ത്രണ സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരോ കോര്‍പ്പറേറ്റ് ലോകമോ ഇടപെടല്‍ നടത്താതിരിക്കുന്നതാണ് അഭികാമ്യം-റൈസ് പറഞ്ഞു.

ഏത് രാജ്യത്തായാലും കേന്ദ്രബാങ്കിന്റെ സ്വതന്ത്ര അസ്തിത്വം സംരക്ഷിക്കുകയെന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും റൈസ് ചൂണ്ടിക്കാട്ടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കയിലെ കേന്ദ്രബാങ്ക് മേധാവിയെ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍ബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തി അനുകൂല നയങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി ആര്‍ബിഐ ആക്റ്റിലെ സെക്ഷന്‍ 7 അനുസരിച്ച് കേന്ദ്രബാങ്കിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

കേന്ദ്ര ബാങ്കിന് തീരെ റോളില്ലാത്ത പുതിയ പേമെന്റ്‌സ് റെഗുലേറ്ററെ കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, പൊതുമേഖല ബാങ്കുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ആര്‍ബിഐക്കുള്ള പരിമിതമായ അധികാരങ്ങള്‍, കേന്ദ്ര ബാങ്ക് കൂടുതല്‍ ലാഭവിഹിതം നല്‍കണമെന്ന് പറഞ്ഞുള്ള കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ചയായ ആവശ്യം എന്നീ കാര്യങ്ങളിലാണ് ഇരു ചേരികളും തമ്മില്‍ ശക്തമായ അഭിപ്രായഭിന്നത നിലനില്‍ക്കുന്നത്. ആര്‍ബിഐയുടെ നയങ്ങളില്‍ സ്വാധീനം ചെലുത്താന്‍ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്ത് കേന്ദ്ര ബാങ്കിന്റെ ബോര്‍ഡിലെത്തിയ ഡയറക്റ്റര്‍മാര്‍ നിരന്തരമായ ശ്രമിക്കുന്നുണ്ടെന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകള്‍ ലഘൂകരിക്കണമെന്ന ആവശ്യമാണ് സര്‍ക്കാര്‍ നോമിനികളായ ഡയറക്റ്റര്‍മാര്‍ കേന്ദ്ര ബാങ്കില്‍ പ്രധാനമായും ഉന്നയിക്കുന്നത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഉര്‍ജിത് പട്ടേല്‍ രാജിവെച്ചേക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

Comments

comments

Categories: Banking
Tags: RBI