ഗൂഗിളിന്റെ പ്രതിസന്ധി

ഗൂഗിളിന്റെ പ്രതിസന്ധി

ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതില്‍ എന്നും മുന്നില്‍ നിന്ന കമ്പനിയാണ് ഗൂഗിള്‍. എന്നാല്‍ പല കാര്യങ്ങളിലും ഗൂഗിള്‍ ജീവനക്കാര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക നിലപാടുകളുമായി പോരടിക്കേണ്ടി വരുമ്പോള്‍ പുതിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുന്നത്

ഒരു ടെക് സ്റ്റാര്‍ട്ടപ്പ് എന്ന നിലയില്‍ നിന്നും ലോകത്തെ തന്നെ നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റ് ഭീമനായുള്ള ഗൂഗിളിന്റെ വളര്‍ച്ച തുറന്ന തൊഴില്‍ സംസ്‌കാരം അനുവര്‍ത്തിച്ചതിന്റെ കൂടി ഫലമായിരുന്നു. പരമ്പരാഗത രീതികളില്‍ നിന്ന് വിഭിന്നമായ പ്രവര്‍ത്തനശൈലിയും ഊര്‍ജ്ജസ്വലമായ ജീവനക്കാരും ലിംഗഭേദമില്ലാത്ത കാഴ്ച്ചപ്പാടുമായിരുന്നു സിലിക്കണ്‍ വാലിയിലെ ഇത്തരം ‘ഔട്ട് ഓഫ് ദി ബോക്‌സ്’ ടെക് കമ്പനികളുടെ സവിശേഷതകളായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് എന്നും വില കല്‍പ്പിക്കുന്ന സമീപനമാണ് ‘ഡിസ്‌റപ്റ്റീവ്’ ടെക് കമ്പനികളുടേതെന്ന് ഊറ്റം കൊള്ളുകയും ചെയ്തു സിലിക്കണ്‍ വാലി.

എന്നാല്‍ ഇതിന്റെ തുടര്‍ച്ചയെന്നോണം വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് ഗൂഗിള്‍ ഇപ്പോള്‍. ഒടുവില്‍ സിഇഒ സുന്ദര്‍ പിച്ചെക്ക് പറയേണ്ടി വന്നു, താന്‍ തന്നെയാണ് ഇപ്പോഴും കമ്പനിയുടെ സിഇഒയെന്ന്. ജീവനക്കാരുടെ സ്വതന്ത്ര അഭിപ്രായങ്ങളിലും എതിര്‍പ്പുകളിലും വീര്‍പ്പുമുട്ടിയ സിഇഒയുടെ വാക്കുകളായിരുന്നോ അത്? ‘റെഫറന്‍ഡം’ അനുസരിച്ച് ഒരു കമ്പനി നടത്താന്‍ സാധിക്കില്ലെന്ന് പിച്ചെ പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മറ്റ് കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി സുതാര്യമായ തൊഴില്‍ സംസ്‌കാരമായിരുന്നു ഗൂഗിള്‍ പിന്തുടര്‍ന്നുവന്നത്. ആഭ്യന്തര ഫോറങ്ങളില്‍ ജീവനക്കാര്‍ തുറന്ന സംവാദങ്ങള്‍ നടത്തിയിരുന്നു. എന്തിനെക്കുറിച്ച് സംസാരിക്കാനുമുള്ള സ്വതാന്ത്ര്യവും മീറ്റിംഗുകളില്‍ ഉണ്ട്. സ്ത്രീ വിരുദ്ധ മെമോ പുറത്തിറക്കിയ എന്‍ജിനീയറെ മുമ്പ് പുറത്താക്കിയ ഗൂഗിളിന്റെ നടപടി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ആയിരക്കണക്കിന് ഗൂഗിള്‍ ജീവനക്കാര്‍ ഓഫീസുകളില്‍ നിന്ന് വാക്ക്ഔട്ട് നടത്തി കമ്പനിക്കെതിരെ പ്രതിഷേധിച്ചു. ലൈംഗിക വിവാദങ്ങളിലകപ്പെട്ട ചില എക്‌സിക്യൂട്ടിവുകളെയും ആ വിഷയങ്ങളെയും ഗൂഗിള്‍ കൈകാര്യം ചെയ്ത രീതിയിലായിരുന്നു അവര്‍ക്ക് പ്രതിഷേധം. ലൈംഗിക ആരോപണങ്ങളുടെ പേരില്‍, ഗൂഗിളിന്റെ മൊബീല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് വികസിപ്പിച്ച ആന്‍ഡി റൂബിന് കമ്പനിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന വാര്‍ത്ത കഴിഞ്ഞയാഴ്ച്ചയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഒരു ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റൂബിന് പുറത്തുപോകേണ്ടി വന്നതെങ്കിലും അക്കാര്യം ഗൂഗിള്‍ മറച്ചുവെച്ചു, മാത്രമല്ല അയാള്‍ക്ക് 90 മില്ല്യണ്‍ ഡോളറിന്റെ എക്‌സിറ്റ് പാക്കേജും നല്‍കി. ഇതാണ് പല ജീവനക്കാരെയും ചൊടിപ്പിച്ചത്.

ലൈംഗിക ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് കണ്ട് പുറത്താക്കുന്ന ജീവനക്കാര്‍ക്ക് കമ്പനി എന്തിന് ഇത്രയും വലിയ എക്‌സിറ്റ് പാക്കേജുകള്‍ നല്‍കണമെന്ന ചോദ്യം വിവിധകോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ചൈനയില്‍ ഗൂഗിള്‍ ബ്രൗസര്‍ ലോഞ്ച് ചെയ്യാനുള്ള പിച്ചെയുടെ നീക്കവും പല ജീവനക്കാരുടെയും എതിര്‍പ്പിന് വഴിവെച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലുവില കല്‍പ്പിക്കാത്ത ചൈന പോലൊരു രാജ്യത്ത് അവരുടെ സെന്‍സര്‍ഷിപ്പിന് വിധേയമായി ഗൂഗിള്‍ എന്തിന് പ്രവര്‍ത്തിക്കണം എന്നതായിരുന്നു പലരും ഉന്നയിച്ച ചോദ്യം. ഗൂഗിള്‍ എന്ന സംരംഭത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമായ ബിസിനസ് നീക്കമായും അത് വിലയിരുത്തപ്പെട്ടു.

പല വിഷയങ്ങളിലായി ജീവനക്കാരുടെ എതിര്‍പ്പ് ഉയരുമ്പോള്‍ അതിനെ എങ്ങനെ അഭിമുഖീകരിക്കണമെന്ന കാര്യമാകും ഇന്ത്യന്‍ വംശജനായ ഗൂഗിള്‍ സിഇഒയുടെ മുന്നിലുള്ള വലിയ വെല്ലുവിളി. തുടക്കത്തില്‍ പറഞ്ഞ രീതിയിലുള്ള പ്രസ്താവനകള്‍ ബൂമറാംഗ് ആകാനേ സാധ്യതയുള്ളൂ. കുറച്ചുകൂടി ക്രിയാത്മകമായ രീതിയിലുള്ള സമീപനം സ്വീകരിച്ചാല്‍ മാത്രമേ ഈ വിഷയം കൈകാര്യം ചെയ്യാന്‍ പിച്ചെക്ക് സാധിക്കൂ. അല്ലെങ്കില്‍ മറ്റേതൊരു കമ്പനിയെയും പോലെയുള്ള സ്ഥാനമേ ജനം ഗൂഗിളിനും നല്‍കൂ.

Comments

comments

Categories: Editorial, Slider
Tags: Google