ഐകിയക്ക് പിന്നാലെ ഡാന്യൂബും ഇന്ത്യയിലെത്തി

ഐകിയക്ക് പിന്നാലെ ഡാന്യൂബും ഇന്ത്യയിലെത്തി

ഹൈദരാബാദിലെ ശരത് സിറ്റി കാപിറ്റല്‍ മാളില്‍ 60,000 ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സ്റ്റോര്‍ ആരംഭിച്ചു

ഹൈദരാബാദ്: ദുബായ് ആസ്ഥാനമായുള്ള ഡാന്യൂബ് ഗ്രൂപ്പിന്റെ ഭവന ഫര്‍ണിച്ചര്‍ വിഭാഗമായ ഡാന്യൂബ് ഹോമിന്റെ രാജ്യത്തെ ആദ്യ സ്‌റ്റോര്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ മുന്‍നിര മാളുകളിലൊന്നായ ശരത് സിറ്റി കാപിറ്റല്‍ മാളില്‍ ഏതാണ്ട് 60,000 ചതുരശ്ര അടിയിലധികം വിസ്തൃതിയിലാണ് ഡാന്യൂബ് ഹോമിന്റെ പുതിയ സ്‌റ്റോര്‍ തുറന്നിരിക്കുന്നത്. 40 കോടി രൂപയിലാണ് പുതിയ സ്റ്റോര്‍ സജ്ജമാക്കിയിരിക്കുന്നത്. വിദേശ ഫര്‍ണിച്ചര്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ താല്‍പര്യമേറുന്നെന്ന സൂചനയാണ് ഇത് നല്‍കുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് സ്വീഡിഷ് ഫര്‍ണിച്ചര്‍ കമ്പനിയായ ഐകിയയുടെ രാജ്യത്തെ ആദ്യ സ്റ്റോര്‍ ഹൈദരാബാദില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് ഡാന്യൂബ് ഹോമും ഹൈദരാബാദില്‍ സാന്നിധ്യം ഉറപ്പാക്കിയിരിക്കുന്നത്. 200 പേര്‍ക്കാണ് കമ്പനി തൊഴില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

അമേരിക്ക, സ്‌പെയ്ന്‍, ഇറ്റലി, തുര്‍ക്കി, മലേഷ്യ തുടങ്ങി 20 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് ഡാന്യൂബ് ഹോം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്. പുതിയ സ്‌റ്റോറില്‍ താങ്ങാവുന്ന നിരക്കിലുള്ള 30,000 ലധികം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മൂന്നിലൊന്ന് പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ വാറണ്ടി ഉല്‍പ്പന്നങ്ങള്‍ക്ക് ലഭ്യമാണ്. ഇതോടൊപ്പം ഉല്‍പ്പന്നങ്ങള്‍ക്കുണ്ടാകുന്ന തകരാറുകളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനൊപ്പം മാറ്റി വാങ്ങുന്നതിനുള്ള അവസരവും കമ്പനി നല്‍കുന്നുണ്ട്. കൂടാതെ വിദഗ്ധരായ ഇന്റീരിയര്‍ ഡിസൈനര്‍മാരുടെ സേവനങ്ങളും കമ്പനി സൗജന്യമായി നല്‍കും.

വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 35 സ്‌റ്റോറുകള്‍ കൂടി ആരംഭിക്കാനും ഡാന്യൂബ് ലക്ഷ്യമിടുന്നുണ്ട്. 1,400 കോടി രൂപയോളം ഇതിനായി നിക്ഷേപിക്കാനാണ് പരിപാടി. പത്ത് വലിയ സ്റ്റോറുകളുടെ രൂപത്തില്‍ ഒരു വലിയ ലോജിസ്റ്റിക് ഹബ്ബ്, ഗതാഗത ശൃംഖല, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സജ്ജമാക്കുന്നതും കമ്പനിയുടെ വിപുലീകരണ പരിപാടിയില്‍ ഉള്‍പ്പെടും. ഏതാണ്ട് 400 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക. ‘രാജ്യത്തിന്റെ വര്‍ധിച്ച് വരുന്ന ജനസംഖ്യയാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. മധ്യവര്‍ഗക്കാരാണ് കമ്പനിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം. ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം ഞങ്ങളുടെ ആഗോള വിപുലീകരണത്തിന്റെ സുപ്രധാനമായ ചുവടുവെയ്പ്പാണ്,’ ഡാന്യൂബ് ഹോമിന്റെ ഡയറക്റ്റര്‍ ആദെല്‍ സാജന്‍ പറഞ്ഞു. നിര്‍മാണ വസ്തുക്കള്‍, ഭവന ഫര്‍ണിച്ചറുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനി കഴിഞ്ഞ വര്‍ഷം 1.3 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് നേടിയത്.

Comments

comments

Categories: Business & Economy
Tags: danube, Ikea