ബജാജിന്റെ ഡയറക്റ്ററായി പൊദ്ദാര്‍

ബജാജിന്റെ ഡയറക്റ്ററായി പൊദ്ദാര്‍

രാജ്യത്തെ മുന്‍നിര ഇലക്ട്രിക്കല്‍, എഞ്ചിനീയറിംഗ്, ഉപഭോക്തൃ കമ്പനിയായ ബജാജ് ഇലക്ട്രിക്കല്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായി അനുജ് പൊദ്ദാറിനെ നിയമിച്ചു. കമ്പനിയുടെ വ്യവസായ സംബന്ധിയായ എല്ലാ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരിക്കും. ബജാജ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശേഖര്‍ ബജാജ് മുന്‍പാകെയാണ് അനുജ് പൊദ്ദാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മാനേജിംഗ് ഡയറക്റ്ററായിരുന്ന ആനന്ദ് ബജാജിന്റെ പെട്ടെന്നുള്ള നിര്യാണത്തെ തുടര്‍ന്നാണ് ഉന്നത പദവിയില്‍ ഒഴിവ് വന്നിരുന്നത്. ഇതിനൊപ്പം അഡീഷണല്‍ ഡയറക്റ്റര്‍മാരായി അന്തരിച്ച ആനന്ദ് ബാജാജിന്റെ ഭാര്യ പൂജ ബജാജും മുനിഷ് ഖേത്രപാലും നിയമിതരായി. അഞ്ച് വര്‍ഷമാണ് മൂന്ന് നിയമനങ്ങളുടേയും കാലാവധി.

‘2016 മുതല്‍ ബജാജ് ഇലക്ട്രിക്കല്‍സിന്റെ ബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് ഇതര സ്വതന്ത്ര ഡയറക്റ്ററായി പ്രവര്‍ത്തിച്ച് വരികയാണ് അനുജ്. കൂടാതെ കമ്പനിയുടെ ഓഡിറ്റ് കമ്മിറ്റി ചെയര്‍മാനായും അനുജ് പ്രവര്‍ത്തിച്ചിട്ടുണ്ട്,’ ബജാജ് ഇലക്ട്രിക്കല്‍സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ശേഖര്‍ ബജാജ് പറഞ്ഞു.

വയാകോം 18 മീഡിയയില്‍ നിന്നുമാണ് അനുജ് ബജാജിലേക്ക് എത്തുന്നത്. വയാകോമിന്റെ സ്ഥാപക ടീം അംഗങ്ങളില്‍ ഒരാളായിരുന്ന അദ്ദേഹം ലീഡര്‍ഷിപ്പ് ടീമിന്റെയും ഭാഗമായിരുന്നു. കമ്പനിയോടൊപ്പമുള്ള പതിമൂന്ന് വര്‍ഷത്തില്‍ വിവിധ തലങ്ങളില്‍ നേതൃത്വം വഹിച്ചു. വയോകോമിന്റെ അന്തര്‍ദേശീയ മേഖലകളിലേക്കുള്ള വ്യാപനം, മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ഏറ്റെടുക്കലും സംപ്രേക്ഷണവും പ്രാദേശിക ഭാഷാ നെറ്റ്‌വര്‍ക്ക് വ്യവസായത്തിലേക്കുള്ള പ്രവേശനം തുടങ്ങിയ വികസനങ്ങളിലൂടെ കമ്പനിയുടെ അവിഭാജ്യഘടകമായിരുന്നു അനുജ്.

Comments

comments

Categories: FK News
Tags: Bajaj