3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആദ്യ 25ല്‍ ഇടം നേടുമെന്ന് അമിതാഭ് കാന്ത്

3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആദ്യ 25ല്‍ ഇടം നേടുമെന്ന് അമിതാഭ് കാന്ത്

ലോകബാങ്കിന്റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ ഇന്ത്യ അതിവേഗകുതിപ്പ് തുടരുമെന്ന പ്രതീക്ഷയിലാണ് നിതി ആയോഗ് സിഇഒ

ന്യൂഡെല്‍ഹി: ലോക ബാങ്ക് തയാറാക്കുന്ന ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ 25ല്‍ ഇടം നേടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. അടുത്ത മൂന്ന് വര്‍ഷംകൊണ്ട് ഈ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്കാകുമെന്നാണ് അമിതാഭ് കാന്തിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷത്തെ ബിസിനസ് സൗഹൃദ സൂചികയില്‍ 77-ാം സ്ഥാനത്താണ് ഇന്ത്യ നിലയുറപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിംഗില്‍ നിന്നും 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയുള്ള കുതിപ്പായിരുന്നു ഈ വര്‍ഷം ഇന്ത്യ നടത്തിയത്. അടുത്ത വര്‍ഷം ഏറ്റവും മികച്ച ബിസിനസ് അന്തരീക്ഷമുള്ള ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമിതാഭ് കാന്ത് പറഞ്ഞു. 2014ല്‍ 142-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഗംഭീരമായ മുന്നേറ്റമാണ് ഈ വര്‍ഷത്തെ റാങ്കിംഗില്‍ ഇന്ത്യ നേടിയിരിക്കുന്നത്. ഇന്ത്യയുടെ അത്ര വലുപ്പവും സങ്കീര്‍ണ്ണതയുമുള്ള മറ്റൊരു രാജ്യവും ഇത്ര വലിയൊരു നേട്ടം കൈവരിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷത്തിനുള്ളില്‍ 65 സ്ഥാനത്തിന്റെ മുന്നേറ്റമാണ് ഇന്ത്യയുടെ റാങ്കിംഗില്‍ ഉണ്ടായതെന്നും കാന്ത് ചൂണ്ടിക്കാട്ടി. അഞ്ച് വര്‍ഷത്തിനുള്ളില്‍ ആദ്യ 50ല്‍ ഇടം നേടുക എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. മൂന്ന് വര്‍ഷംകൊണ്ട് തന്നെ ആദ്യ 25ല്‍ ഇടം നേടുകയെന്നത് വളരെ പ്രധാനമാണെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയിട്ടുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഫലമായാണ് ലോക ബാങ്ക് റാങ്കിംഗില്‍ ഇന്ത്യ കൈവരിച്ചിട്ടുള്ള അഭിമാന നേട്ടത്തെ വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യന്‍ വിപണിയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് പട്ടികയിലെ കുതിപ്പ് സഹായകമാകും. എട്ട് ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള രാജ്യം ഇന്ത്യയാണ്. പത്ത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക ബാങ്ക് രാജ്യങ്ങളുടെ പുരോഗതി വിലയിരുത്തിയിട്ടുള്ളത്. പത്തില്‍ ആറ് മാനദണ്ഡങ്ങളിലും ഇന്ത്യ പുരോഗതി നേടി.

സംരംഭ തുടക്കം, നിര്‍മാണ അനുമതി, വൈദ്യുതി ലഭ്യത, വായ്പാ ലഭ്യത, അതിര്‍ത്തി കടന്നുള്ള വ്യാപാരം, കരാര്‍ വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് ഇന്ത്യ നേട്ടം രേഖപ്പെടുത്തിയത്. നിര്‍മാണ അനുമതികള്‍ നല്‍കുന്നതില്‍ 2014ല്‍ 184-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് 52-ാം സ്ഥാനത്തെത്തി. 190 രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മികച്ച പുരോഗതി നേടിയ പത്ത് സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍, ഡെന്മാര്‍ക്ക്, ഹോങ്കോംഗ് എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങളിലുള്ളത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാന്‍ പോകുന്ന കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ പ്രതീക്ഷയാണ് ലോക ബാങ്ക് റാങ്കിംഗ് നല്‍കുന്നത്.

Comments

comments

Categories: FK News