ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെല്‍ മുന്നില്‍, കവറേജില്‍ ജിയോ

ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെല്‍ മുന്നില്‍, കവറേജില്‍ ജിയോ

10 ബില്യണ്‍ ഡാറ്റാ പോയ്ന്റുകള്‍ 1.7 മില്യണ്‍ ഏകീകൃത ഡിവൈസുകളില്‍ നിന്ന് ശേഖരിച്ച ശേഷം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് എയര്‍ടെലും ജിയോയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

ന്യൂഡെല്‍ഹി: മൊബീല്‍ കമ്യൂണിക്കേഷനില്‍ ഡാറ്റയ്ക്ക് പ്രാധാന്യമേറുന്ന സാഹചര്യത്തില്‍ 4ജി എല്‍ടിഇ സേവന ലഭ്യതയില്‍ വേഗതയ്ക്കാണ് മുന്‍ഗണന. കൂടാതെ ഡൗണ്‍ലോഡ് വേഗതയിലാണ് ടെലികോം കമ്പനികളുടെ പുതിയ മല്‍സരം മുറുകുന്നത്. ടെലികോം കമ്പനികളുടെ ഈ മല്‍സരത്തില്‍ റിലയന്‍സ് ജിയോയും രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണിപ്പോള്‍.

ഡൗണ്‍ലോഡ് വേഗതയുടെ കാര്യത്തില്‍ ജിയോയെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കാന്‍ എയര്‍ടെലിനു സാധിച്ചുവെന്ന് അന്താരാഷ്ട്ര വയര്‍ലെസ് കവറേജ് മാപ്പിംഗ് കമ്പനിയായ ഓപ്പണ്‍സിഗ്നല്‍ വ്യക്തമാക്കുന്നു. 10 ബില്യണ്‍ ഡാറ്റാ പോയ്ന്റുകള്‍ 1.7 മില്യണ്‍ ഏകീകൃത ഡിവൈസുകളില്‍ നിന്നായി ശേഖരിച്ച ശേഷമാണ് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

എന്നാല്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യതയുടെ കാര്യത്തില്‍ റിലയന്‍സ് ജിയോയാണ് മുന്നില്‍. എല്‍ടിഇ നെറ്റ്‌വര്‍ക്ക് ലഭ്യതയില്‍ 96.70 ശതമാനം കവറേജാണ് ജിയോയ്ക്കുള്ളത്. അതേസമയം, ഡൗണ്‍ലോഡ് വേഗത കണക്കാക്കുമ്പോള്‍ 7.53 എംബിപിഎസുമായി എയര്‍ടെലാണ് മുന്നില്‍ നില്‍ക്കുന്നത്. നെറ്റ്‌വര്‍ക്ക് കവറേജിന്റെ അടിസ്ഥാനത്തില്‍(4ജി സിഗ്നല്‍ കണ്ടെത്താനുള്ള ശേഷിയുടെ അടിസ്ഥാനത്തില്‍) ജിയോ എയര്‍ടെലിനെ പിന്നിലാക്കിയിട്ടുണ്ട്. 73.99 ശതമാനം കവറേജാണ് ജിയോയ്ക്കുള്ളത്. അതുപോലെ ഡൗണ്‍ലോഡ് വേഗതയില്‍ ജിയോ 5.47 എംബിപിഎസുമായി എയര്‍ടെലിനു പിന്നിലാണ്.

ഡൗണ്‍ലോഡ് വേഗതയില്‍ എയര്‍ടെലും ജിയോയും തമ്മിലുള്ള അന്തരം വര്‍ധിക്കുമോയെന്നതാണ് ടെക് ലോകം ഉറ്റുനോക്കുന്നത്. എയര്‍ടെല്‍ 9.96 എംബിപിഎസിനു മുകളില്‍ കൂടുതല്‍ 4ജി ഡൗണ്‍ലോഡ് വേഗത വര്‍ധിപ്പിച്ചെങ്കില്‍ മാത്രമേ അതിന് സാധ്യതയുള്ളൂ. എയര്‍ടെലിന്റെ 3ജി ഡൗണ്‍ലോഡ് വേഗത 2.53 എംബിപിഎസാണ്. മൊത്തം ഡൗണ്‍ലോഡ് വേഗതയില്‍ 7.53 എംബിപിഎസ് കുറവുണ്ടായിട്ടുണ്ട്. ഇതിനര്‍ത്ഥം എയര്‍ടെല്‍ 4ജി നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുകയും 3 ജി സേവനം പൂര്‍ണമായി നിര്‍ത്തലാക്കുകയും ചെയ്യുമെന്നാണ്.

ഭാരതി എയര്‍ടെലിനേക്കാള്‍ 4ജി നെറ്റ്‌വര്‍ക്ക് കവറേജിന്റെ കാര്യത്തില്‍ ജിയോ മുന്നില്‍ നില്‍ക്കുന്നതിന്റെ കാരണം കമ്പനി പൂര്‍ണമായും 4ജി എല്‍ടിഇ സേവനം നല്‍കുന്നതിനാലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എയര്‍ടെല്‍ 4 ജി നെറ്റ്‌വര്‍ക്ക് ക്രമേണ വിപുലീകരിക്കുകയും 2ജി, 3ജി സേവനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചത്.

നെറ്റ്‌വര്‍ക്ക് കവറേജ് വിഭാഗത്തില്‍ ജിയോ മുന്നില്‍ നില്‍ക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് ഓപ്പണ്‍ സിഗ്നല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ടിഇ സേവനം മാത്രം ലഭ്യമാക്കുന്ന കമ്പനിയായിട്ടാണ് ജിയോ ആരംഭിച്ചത്. 4ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്തു എന്നതാണ് ഇതിന്റെ കാരണമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

4ജി ഇല്ലാതെ വെബ് ബ്രൗസിംഗ് പോലുള്ള മൊബീല്‍ ഡാറ്റ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. മ്യൂസിക്, വീഡിയോ സ്ട്രീമീംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും 4ജിയില്ലാതെ അസാധ്യമാവുകയാണ്. രാജ്യത്തെയാകമാനം ബന്ധിപ്പിക്കുന്നതില്‍ മാത്രമല്ല 4ജി സേവനം പങ്കുവഹിക്കുന്നത്. അത് ദശലക്ഷകണക്കിന് വരുന്ന ഇന്ത്യയിലെ മൊബീല്‍ ഉപയോക്താക്കളുടെ ഫോണ്‍ ഉപയോഗ ശീലങ്ങള്‍ വരെ രൂപപ്പെടുത്തിയെടുക്കുന്നു-റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൗണ്‍ലോഡ് വേഗതയില്‍ മുന്നില്‍ നില്‍ക്കുന്ന എയര്‍ടെല്‍ നെറ്റ് വര്‍ക്ക് വിപുലീകരണത്തിലും ശ്രദ്ധയൂന്നുന്നുണ്ട്. അടുത്തിടെ കമ്പനി കര്‍ണാടക, ഉത്തര്‍പ്രദേശ്(കിഴക്കന്‍, പടിഞ്ഞാറന്‍ ടെലികോം മേഖലകള്‍), രാജസ്ഥാന്‍, എന്നിവടങ്ങളില്‍ വ്യാപകമായ വികസന പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.

Comments

comments

Categories: Tech
Tags: Airtel