എയര്‍ടെല്‍ ആഫ്രിക്ക ഐപിഒയ്ക്ക് റെഡ് സിഗ്നല്‍

എയര്‍ടെല്‍ ആഫ്രിക്ക ഐപിഒയ്ക്ക് റെഡ് സിഗ്നല്‍

എയര്‍ടെല്‍ ടാന്‍സാനിയയില്‍ 40 ശതമാനം ഉടമസ്ഥാവകാശം ടാന്‍സാനിയന്‍ സര്‍ക്കാരിനാണ്

ന്യൂഡെല്‍ഹി: ആഫ്രിക്കന്‍ ബിസിനസിനായി പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) സംഘടിപ്പിക്കാനുള്ള ഭാരതി എയര്‍ടെലിന്റെ നീക്കത്തിന് ചുവപ്പുകൊടി കാട്ടി ടാന്‍സാനിയന്‍ സര്‍ക്കാര്‍. എയര്‍ടെല്‍ ആഫ്രിക്കയുടെ അനുബന്ധ സംരംഭമായ എയര്‍ടെല്‍ ടാന്‍സാനിയയില്‍ 40 ശതമാനം ഓഹരി അവകാശമാണ് ടാന്‍സാനിയന്‍ സര്‍ക്കാരിനുള്ളത്. ബാക്കി ഓഹരികള്‍ ഭാരതി എയര്‍ടെലിന്റെ കൈവശമാണ്. എയര്‍ടെല്‍ ടാന്‍സാനിയ ഉപസംരംഭമായിട്ടുള്ള എയര്‍ടെലിന്റെ ആഫ്രിക്കന്‍ ബിസിനസിലേക്ക് പുതിയ ഓഹരിയുടമകളെ ക്ഷണിക്കാനുള്ള നീക്കം തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

എയര്‍ടെലിന്റെ ഓഹരിയുടമ എന്ന നിലയില്‍ കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനുള്ള തീരുമാനത്തില്‍ തങ്ങളും ഭാഗമായിരിക്കേണ്ടതുണ്ടെന്ന് ടാന്‍സാനിയന്‍ സര്‍ക്കാര്‍ പറഞ്ഞു. കമ്പനിയുടെ സഹ-ഓഹരി ഉടമകളുടെ അനുമതിയില്ലാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിയമപ്രകാരം ഭാരതി എയര്‍ടെലിന് കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനെതിരെ പ്രതികരണവുമായി എയര്‍ടെല്‍ വക്താവ് രംഗത്ത് വന്നിട്ടുണ്ട്. എയര്‍ടെല്‍ ആഫ്രിക്ക ലിമിറ്റഡിനായി ഒരു അന്താരാഷ്ട്ര ഓഹരി വിപണിയില്‍ ഐപിഒ നടത്താനുദ്ദേശിക്കുന്നതായി കഴിഞ്ഞ മാസം 24ന് ടാന്‍സാനിയ സര്‍ക്കാരുമായി ആശയവിനിമയം നടത്തിയതായാണ് എയര്‍ടെല്‍ വക്താവ് അറിയിക്കുന്നത്.

ഐപിഒയ്ക്ക് മുന്‍പായി ആറ് ആഗോള നിക്ഷേപകരില്‍ നിന്നും നിക്ഷേപം സമാഹരിക്കാനുള്ള നീക്കവും എയര്‍ടെല്‍ നടത്തുന്നുണ്ട്. വാര്‍ബെര്‍ഗ് പിന്‍കസ്, ടെമാസെക്, സിംഗ്‌ടെല്‍, സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് തുടങ്ങിയ ആഗോള നിക്ഷേപകരാണ് എയര്‍ടെല്‍ ആഫ്രിക്കയില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നിട്ടുള്ളത്. 1.25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് പദ്ധതി. ആഫ്രിക്കന്‍ ബിസിനസില്‍ തങ്ങള്‍ക്കുള്ള ഓഹരികള്‍ ഭാരതി എയര്‍ടെല്‍ വില്‍ക്കാനുദ്ദേശിച്ചിട്ടില്ല. ആഫ്രിക്കന്‍ ബിസിനസിലുള്ള നിയന്ത്രണം എയര്‍ടെല്‍ തുടരുമെന്നും കമ്പനി വക്താവ് പറഞ്ഞു.

എയര്‍ടെല്‍ ആഫ്രിക്കയുടെ കടബാധ്യത തീര്‍ക്കുന്നതിനും നെറ്റ്‌വര്‍ക്ക് പരിധി വിപുലീകരിക്കുന്നതിനും ടെലികോം ശേഷി വര്‍ധിപ്പിക്കുന്നതിനും ടാന്‍സാനിയ ഉള്‍പ്പടെ 14 രാജ്യങ്ങളില്‍ കമ്പനിയുടെ മൊബീല്‍ മണി ഓപ്പറേഷന്‍സ് വ്യാപിപ്പിക്കുന്നതിനുമായിരിക്കും നിക്ഷേപകരില്‍ നിന്നുള്ള ധനസമാഹരണം വിനിയോഗിക്കുക. എയര്‍ടെല്‍ ടാന്‍സാനിയയുടെ ഓഹരി പങ്കാളിത്തം ഭാരതി എയര്‍ടെലിനും ടാന്‍സാനിയന്‍ സര്‍ക്കാരിനും തന്നെയായി തുടരും. ഓഹരി ഉടമസ്ഥതയുടെ കാര്യത്തില്‍ യാതൊരു മാറ്റവും ഉണ്ടാകില്ലെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കുന്നതിന് ടാന്‍സാനിയ സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതായും കമ്പനി വ്യക്തമാക്കി.

Comments

comments

Categories: Slider, Tech