വേദാന്തയുടെ ലാഭം 34% ഇടിഞ്ഞു

വേദാന്തയുടെ ലാഭം 34% ഇടിഞ്ഞു

മുംബൈ: ഉയര്‍ന്ന സാമ്പത്തിക ചെലവുകളുടെ പശ്ചാത്തലത്തില്‍ മെറ്റല്‍സ് മൈനിംഗ് കമ്പനിയായ വേദാന്തയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലെ സംയോജിത അറ്റാദായത്തില്‍ 34.32 ശതമാനത്തിന്റെ ഇടിവ്. ഇതോടെ 1,343 കോടി രൂപയിലേക്കെത്തിയിരിക്കുകയാണ് അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവില്‍ 2,045 കോടി രൂപ അറ്റാദായമായിരുന്നു കമ്പനി നേടിയിരുന്നത്.

എങ്കിലും, ബാലന്‍സ് ഷീറ്റ് ശക്തമാണെന്നും അറ്റബാധ്യതയില്‍ ഇക്കാലയളവില്‍ 3,553 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. സെപ്റ്റബര്‍ അവസാനത്തില്‍ 26,357 കോടി രൂപയായിരുന്നു അറ്റബാധ്യത. കമ്പനിയുടെ ആകെ വരുമാനം 23,297 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. പോയ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ 22,509 കോടി രൂപയായിരുന്നു വരുമാനം.

കമ്പനിയുടെ ചെലവ് നിയന്ത്രണാതീതമായി വര്‍ധിച്ചതാണ് അറ്റാദായം ഇടിയാന്‍ കാരണമായിരിക്കുന്നത്. തൊട്ട് മുന്‍വര്‍ഷത്തെ 18,854 കോടി രൂപയെ അപക്ഷേിച്ച് ഇത്തവണ ചെലവ് 20,999 കോടി രൂപയാണ്. പലിശ നിരക്ക് വര്‍ധിക്കുന്നതും ഇലക്ട്രോസ്റ്റീലിനെ ഏറ്റെടുത്തതിനെ തുടര്‍ന്ന് വായ്പകള്‍ കൂടിയതും മൂലം കമ്പനിയുടെ ധനകാര്യ ചെലവ് 1,572 കോടിയായി. പ്രതിവര്‍ഷം 144 കോടിയുടെ വര്‍ധനവാണ് ഈ വിഭാഗത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂണിലാണ് കടക്കെണിയിലായ ഇലക്ട്രോസ്റ്റീലിന്റെ നിയന്ത്രണം വേദാന്ത ഏറ്റെടുത്തത്. ഇക്കാലയളവില്‍ എസ്സാര്‍ സ്റ്റീലിന്റെ സമ്മര്‍ദ്ദിത ആസ്തികള്‍ ഏറ്റെടുക്കുന്നതിനായും വേദാന്ത മല്‍സരിച്ചിരുന്നു. ഇലക്ട്രോസ്റ്റീലിന്റെ വിപുലീകരണത്തിനായി 200 മുതല്‍ 300 ദശലക്ഷം ഡോളര്‍ വരെ ചെലവാക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നതെന്ന് സിഇഒ ശ്രീനിവാസന്‍ വെങ്കടകൃഷ്ണന്‍ വ്യക്തമാക്കി.

Comments

comments

Categories: Business & Economy
Tags: Vedanta