ടിസിഎസ് ഡബ്ല്യൂ12 സ്റ്റുഡിയോസിനെ ഏറ്റെടുത്തു

ടിസിഎസ് ഡബ്ല്യൂ12 സ്റ്റുഡിയോസിനെ ഏറ്റെടുത്തു

ടിസിഎസിന്റെ ഡിജിറ്റല്‍ മേഖലയിലെ ആദ്യത്തെ ഏറ്റെടുക്കലാണിത്

മുംബൈ: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്) ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ കമ്പനിയായ ഡബ്ല്യൂ12 സ്റ്റുഡിയോസിയെ സ്വന്തമാക്കി. ടിസിഎസിന്റെ ഡിജിറ്റല്‍ മേഖലയിലെ ആദ്യത്തെ ഏറ്റെടുക്കല്‍ ഇടപാടാണിത്. ആഗോള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ബിസിനസില്‍ വലിയ വിഹിതം നേടാന്‍ ഇത് ടിസിഎസിന് സഹായകമാകും. ഇടപാടിന്റെ സാമ്പത്തിക വിവരങ്ങള്‍ ലഭ്യമല്ല. ടിസിഎസിന്റെ വിപണി എതിരാളികളായ കോഗ്നിസെന്റ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവരെല്ലാം ഈ മേഖലയില്‍ മുമ്പ് ഏറ്റെടുക്കല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്.

ഡബ്ല്യൂ12 ലോകത്തിലെ ഐക്കോണിക് ഡിസൈന്‍ കമ്പനികളിലെന്നാണെന്നും കമ്പനിയുടെ വിവിധ വിഭാഗങ്ങളിലുള്ള പ്രാഗല്‍ഭ്യത്തിലൂടെ പല അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ടെന്നും ടിസിഎസ് ബിസിനസ് ആന്‍ഡ് ടെക്‌നോളജി സര്‍വീസസ് പ്രസിഡന്റ് കൃഷ്ണന്‍ രാമാനുജന്‍ പറഞ്ഞു. കമ്പനിയുടെ ഇന്ററാക്റ്റീവ് ബിസിനസ് വികസിപ്പിക്കാനും അടുത്ത കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വിഭാഗത്തില്‍ നിന്ന് മികച്ച വരുമാനം നേടാനും ടിസിഎസ് പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡബ്ല്യൂ12ന്റെ ഇപ്പോഴത്തെ സിഇഒ ആയ ഫാബിയന്‍ ബിര്‍ജ്‌ഫെല്‍ഡ്, ചീഫ് ക്രിയേറ്റീവ് ഓഫീസറായ മൈക്കിള്‍ ആല്‍ബേഴ്‌സ് എന്നിവരുടെ നേതൃത്വത്തില്‍ 2012 ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിക്കുന്നത്. ഇടപാടിനു ശേഷവും സ്ഥാപകര്‍ ഈ സ്ഥാനങ്ങളില്‍ തുടരും.

Comments

comments

Categories: Business & Economy
Tags: TCS