സ്‌പെക്ട്രം വിലയില്‍ വെട്ടിക്കുറക്കല്‍ ഉണ്ടാകും

സ്‌പെക്ട്രം വിലയില്‍ വെട്ടിക്കുറക്കല്‍ ഉണ്ടാകും

ന്യൂഡെല്‍ഹി: ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് (ഡിഒടി) നടത്തുന്ന അടുത്ത സ്‌പെക്ട്രം ലേലത്തില്‍ ഏകദേശം 40,000 കോടി രൂപ മാത്രമേ സമാഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിലയിരുത്തല്‍. 2016 ല്‍ കഴിഞ്ഞ സ്‌പെക്ട്രം വില്‍പ്പനയില്‍ 66,000 കോടി രൂപയാണ് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ് സമാഹരിച്ചത്. ടെലികോം മേഖലയിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കുമ്പോള്‍ മിക്ക ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ടോപ് അപ്പ് സ്‌പെക്ട്രം മാത്രമാണ് ആവശ്യമുള്ളത്.

ബാങ്കുകള്‍, പ്രത്യേകിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകള്‍ ടെലികോം കമ്പനികള്‍ക്ക് വായ്പ നല്‍കുന്നതില്‍ ജാഗ്രത പുലര്‍ത്തുകടയാണ്. ഇപ്പോള്‍ തന്നെ വന്‍ കട ബാധ്യത പല കമ്പനികള്‍ക്കുമുണ്ടെന്നത് പരിഗണിച്ചാണിത്. അതിനാല്‍ സ്‌പെക്ട്രം ലേലം നടത്തുമ്പോള്‍ 40,000 കോടി രൂപയ്ക്കടുത്ത് മാത്രം തുക സമാഹരിക്കാനാകുമെന്നാണ് കരുതുന്നതെന്ന് ടെലികോം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

ടെലികോം മേഖലയില്‍ ഇതിനകം തന്നെ ഏകീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇത് പല കമ്പനികള്‍ക്കും സ്‌പെക്ട്രം ശേഷി ഉയര്‍ത്താനും സഹായകമായിട്ടുണ്ട്. നവംബര്‍ 15 നുള്ളില്‍ എയര്‍വേവിന്റെ വിലയില്‍ അന്തിമ തീരുമാനമുണ്ടാകും. ടെലികോം റെഗുലേറ്റര്‍ നിര്‍ദേശിച്ച രീതിയില്‍ സ്‌പെക്ട്രം വില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകുമെന്ന പ്രതീക്ഷയാണ് ടെലികോം വകുപ്പ് അധികൃതര്‍ മുന്നോട്ടുവെക്കുന്നത്. ടെലികോം മേഖലയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തുകൊണ്ടായിരിക്കണം സ്‌പെക്ട്രത്തിന്റെ വില നിര്‍ണയിക്കേണ്ടതെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

5ജി സേവനങ്ങള്‍ക്കായുള്ള 3300-3600 മെഗാഹെര്‍ട്‌സ് ബാന്‍ഡിനു പുറമെ 4ജി സേവനങ്ങള്‍ക്കായി 700 , 800, 900, 1,800, 2100,2300, 2500 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളിലുള്ള എയര്‍വേവുകളുടെ ലേലത്തിനും ടെലികോ റെഗുലേറ്ററായ ട്രായ് ഓഗസ്റ്റ് മാസത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു. 2016 ഓക്‌റ്റോബറില്‍ നടന്ന വില്‍പ്പനയില്‍ നിന്നും മിക്ക ബാന്‍ഡുകളുടെയും വില ടെലികോം റെഗുലേറ്റര്‍ കുറച്ചിരുന്നു. എന്നാല്‍ ടെലികോം വ്യവസായത്തിന്റെ വരുമാനത്തിലും ലാഭക്ഷമതയിലുമുണ്ടായ വന്‍ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ഈ വിലക്കുറവ് പര്യാപ്തമല്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഏഴ് ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ കടബാധ്യതയാണ് ടെലികോം മേഖലയ്ക്ക് ഇപ്പോഴുള്ളത്.

ഉദാഹരണത്തിന്, 5 ജി സേവനങ്ങള്‍ക്കായി ഒരു യൂണിറ്റ് സ്‌പെക്ട്രത്തിന് അടിസ്ഥാന വില 492 കോടി രൂപയാണ് ട്രായ് നിശ്ചയിച്ചിട്ടുള്ളത്. ഇത് കൊറിയയില്‍ അടുത്തകാലത്ത് നടന്ന 5 ജി ലേലത്തില്‍ വിറ്റുപോയ സെപ്ക്ട്രത്തിന്റെ അടിസ്ഥാന വിലയേക്കാള്‍ ഏറെ കൂടുതലാണ്. കൊറിയയില്‍ ഒരു യൂണിറ്റ് 5 ജി സ്‌പെക്ട്രത്തിന് 65 കോടി രൂപയാണ് അടിസ്ഥാന വിലയെന്ന് വിദഗ്ധര്‍ പറയുന്നു.

Comments

comments

Categories: FK News
Tags: spectrum