എസ്ബി എനര്‍ജിയും എസ്സല്‍ ഗ്രൂപ്പും കൈകോര്‍ത്തു

എസ്ബി എനര്‍ജിയും എസ്സല്‍ ഗ്രൂപ്പും കൈകോര്‍ത്തു

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് നടത്തുന്ന ആക്രമണോത്സുക നിക്ഷേപ പദ്ധതികളുടെ ഭാഗമാണ് ഈ കരാര്‍

മുംബൈ: ജാപ്പനീസ് ഇന്‍വെസ്റ്റ്‌മെന്റ് സംരംഭമായ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിനുകീഴിലുള്ള ആഭ്യന്തര കമ്പനിയയ എസ്ബി എനര്‍ജിയും എസ്സല്‍ ഗ്രൂപ്പും കൈകോര്‍ക്കുന്നു. രാജ്യത്ത് 500 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പാര്‍ക്ക് നിര്‍മിക്കുന്നതിനായാണ് കമ്പനികള്‍ കരാര്‍ ഒപ്പുവെച്ചത്. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സന്നിധ്യം കൂടുതല്‍ ശക്തമാക്കുന്നതിന് മാസയോഷി സണ്‍ നയിക്കുന്ന സോഫ്റ്റ്ബാങ്ക് ഗ്രൂപ്പിന് ഈ കരാറിലൂടെ സാധിക്കും.

രാജ്യത്ത് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് നടത്തുന്ന ആക്രമണോത്സുക നിക്ഷേപ പദ്ധതികളുടെ ഭാഗമാണ് ഈ കരാറെന്ന് എസ്സല്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എസ്ബി എനര്‍ജിയുടെ സൗരോര്‍ജ ആസ്തികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിന് എസ്സല്‍ ഗ്രൂപ്പുമായുള്ള കരാര്‍ സഹായിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

സൗരോര്‍ജ പാര്‍ക്കുമായി ബന്ധപ്പെട്ട സാമ്പത്തിക വിവരങ്ങളോ, പാര്‍ക്ക് വരുന്ന സ്ഥലമോ സമയമോ സംബന്ധിച്ച വിവരങ്ങളോ കമ്പനികള്‍ പുറത്തുവിട്ടിട്ടില്ല. വിവിധ മേഖലകളിലെ വന്‍കിട അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലാണ് എസ്സല്‍ ഗ്രൂപ്പിന്റെ ഭാഗമായ എസ്സല്‍ ഇന്‍ഫ്രാപ്രൊജക്റ്റ്‌സ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. സൗരോര്‍ജ ആസ്തികളുടെ വികസനത്തിലും കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരേപോലുള്ള ഒന്നിലധികം സോളാര്‍ ആസ്തികള്‍ വികസിപ്പിക്കുന്നതിനും കമ്പനി പദ്ധതിയിടുന്നുണ്ട്.

എസ്ബി എനര്‍ജിയുമായുള്ള പങ്കാളിത്തത്തിനുപുറമെ സ്വന്തമായി പുനഃസ്ഥാപിത ഊര്‍ജ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്ന കാര്യവും എസ്സല്‍ ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. സൗരോര്‍ജ ശേഷി വികസിപ്പിക്കുന്നതിനായി ഈ വര്‍ഷം മേയില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സിംഗ് കമ്പനിയായ ഐഎല്‍ & എഫ്എസുമായി സഹകരണം പ്രഖ്യാച്ചിരുന്നു. 2025ഓടെ രാജ്യത്ത് 20 ജിഗാവാട്ടിലധികം സൗരോര്‍ജ ശേഷിയുള്ള പ്ലാന്റ് വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സഹകരണം.

ഇന്ത്യയില്‍ 1,400 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതികള്‍ വികസിപ്പിക്കുന്നതിന് എസ്ബി എനര്‍ജി ഇതിനകം ടെന്‍ഡര്‍ നേടി കഴിഞ്ഞു. 930 മില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ ഇന്ത്യന്‍ സൗരോര്‍ജ കമ്പനി നിര്‍മിക്കുന്നതിന് ചൈനയുടെ ജിസിഎല്‍ സിസ്റ്റം ഇന്റഗ്രേഷന്‍ ടെക്‌നോളജിയുമായും സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഫോക്‌സ്‌കോണ്‍ ടെക്‌നോളജി, ഭാരതി എന്റര്‍പ്രൈസസ് എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ സോളാര്‍ പദ്ധതികളില്‍ 20 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ 2015ല്‍ സോഫ്റ്റ്ബാങ്ക് കരാര്‍ ഒപ്പിട്ടിരുന്നു.

Comments

comments

Categories: Business & Economy