വായ്പാ ഞെരുക്കം തടയാന്‍ ആര്‍ബിഐ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിഐഐ

വായ്പാ ഞെരുക്കം തടയാന്‍ ആര്‍ബിഐ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിഐഐ

ആര്‍ബിഐ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് സിഐഐ മുന്നറിയിപ്പ് നല്‍കുന്നത്

ന്യൂഡെല്‍ഹി: ധന വിപണിയില്‍ പണലഭ്യത(ലിക്വിഡിറ്റി) ഉറപ്പാക്കുന്നതിന് കേന്ദ്ര ബാങ്ക് ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് വ്യവസായ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) ആവശ്യപ്പെട്ടു. വ്യാവസായിക മേഖലയ്ക്ക് വായ്പാ ലഭ്യത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമാണെന്നാണ് സിഐഎ വിലയിരുത്തുന്നത്.
പണക്ഷാമം കുറയ്ക്കുന്നതിനായി കൂടുതല്‍ വായ്പകള്‍ ഉറപ്പാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)തയാറാകണമെന്ന് സിഐഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പണത്തിന്റെ ഞെരുക്കം ഉപഭോക്തൃ ആവശ്യകതയ്ക്കും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കും ആഘാതമേല്‍പ്പിക്കുമെന്നും സിഐഐ ചൂണ്ടിക്കാട്ടി.
പണലഭ്യതയിലെ ഇടിവ് ഹ്രസ്യകാല വായ്പകളുടെ ലഭ്യതയെ ബാധിച്ച് തുടങ്ങിയെന്നും സിഐഎ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും(ഐഎല്‍ ആന്‍ഡ് എഫ്എസ്) അതിന്റെ ഉപവിഭാഗങ്ങളും വായ്പാതിരിച്ചടവില്‍ വരുത്തിയ വീഴ്ച സൃഷ്ടിച്ച പ്രതിസന്ധി മുഴുവന്‍ സംവിധാനങ്ങളിലേക്കും വ്യാപിക്കുകയാണെന്നും സിഐഐ മുന്നറിയിപ്പ് നല്‍കി.
മ്യൂച്വല്‍ ഫണ്ടുകളിലെ കടംവീട്ടല്‍ സമ്മര്‍ദം വര്‍ധിച്ചുവരികയും ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികള്‍( എന്‍ബിഎഫ്‌സി)ക്കുള്ള വായ്പ ചുരുങ്ങുകയും ചെയ്യുന്നതായി സിഐഐ വ്യക്തമാക്കി. എന്‍ബിഎഫ്‌സികളിലെ അപകടസാധ്യത മുന്നില്‍ക്കണ്ട് വായ്പകളില്‍ വീണ്ടും നിക്ഷേപം നടത്താന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ തയാറാകുന്നില്ല. ബാങ്കുകളില്‍ നിന്ന് എന്‍ബിഎഫ്‌സികളിലേക്കുള്ള വായ്പകളും പ്രതിസന്ധിയിലാണെന്നസിഐഐ പറഞ്ഞു.
ആര്‍ബിഐ നിലപാടുകള്‍ക്ക് വിരുദ്ധമായാണ് സിഐഐ മുന്നറിയിപ്പ് നല്‍കുന്നത്. എന്‍ബിഎഫ്‌സി രംഗത്ത് ചില മേഖലകളില്‍ ഒഴികെ പണക്ഷാമം ഇല്ലെന്നാണ് കേന്ദ്രബാങ്കിന്റെ നിലപാട്.

Comments

comments

Categories: FK News
Tags: RBI