രണ്ടാം പാദത്തില്‍ കടം പെരുകി റെയ്മണ്ട്‌സ്

രണ്ടാം പാദത്തില്‍ കടം പെരുകി റെയ്മണ്ട്‌സ്

റെയ്മണ്ട്‌സിന്റെ 1,282 സ്റ്റോറുകളാണ് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്

മുംബൈ: വസ്ത്ര നിര്‍മാണ രംഗത്തെ ഭീമന്മാരായ റെയ്മണ്ട്‌സ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിട്ടു. കമ്പനിയുടെ മൊത്തം കടബാധ്യതയില്‍ 24.5 ശതമാനം വാര്‍ഷിക വര്‍ധനയാണ് ഇക്കാലയളവില്‍ ഉണ്ടായത്. 2,260 കോടി രൂപയാണ് റെയ്മണ്ട്‌സിന്റെ മൊത്തം കടം.

കടം ഉയര്‍ന്നതോടെ പലിശ ചെലവ് വാര്‍ഷികാടിസ്ഥാനത്തില്‍ 20.6 ശതമാനം വര്‍ധിച്ച് 45.16 കോടി രൂപയായി. ഇത് കമ്പനിയുടെ സാമ്പത്തികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കടബാധ്യതയും പലിശ ചെലവും നടപ്പു സാമ്പത്തിക വര്‍ഷം കമ്പനിയുടെ പ്രതിഓഹരി വരുമാനത്തില്‍ 12-14 ശതമാനത്തിന്റെ ഇടിവുണ്ടാക്കുമെന്നാണ് ബ്രോക്കറേജുകളുടെ വിലയിരുത്തല്‍. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റെയ്മണ്ട്‌സിന്റെ ഓഹരി വിലയില്‍ പത്ത് ശതമാനം ഇടിവാണുണ്ടായത്.

നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദം സംബന്ധിച്ചും വലിയ ആശങ്കയാണ് കമ്പനിക്കുള്ളത്. ഉപഭോക്തൃ വികാരം മൂന്നാം പാദത്തിലും മാന്ദ്യത്തിലായിരിക്കുമെന്ന് കരുതുന്നതായി റെയ്മണ്ട്‌സ് ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സഞ്ജയ് ബാല്‍ പറഞ്ഞു. റീട്ടെയ്ല്‍ വിഭാഗങ്ങളില്‍ നിന്നുള്ള മൊത്തം വില്‍പ്പനയില്‍ മൂന്ന് ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയത്. ബ്രാന്‍ഡഡ് ടെക്‌സ്റ്റൈല്‍സ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 15 ശതമാനം വര്‍ധിച്ച് 884 കോടി രൂപയിലെത്തി.

സ്യൂട്ടിംഗ് ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ 14 ശതമാനത്തിന്റെയും ഷര്‍ട്ട് വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തില്‍ 17 ശതമാനത്തിന്റെയും വര്‍ഷിക വര്‍ധനയാണ് സെപ്റ്റംബര്‍ പാദത്തിലുണ്ടായത്. ബ്രാന്‍ഡഡ് അപ്പാരല്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 15 ശതമാനം ഉയര്‍ന്ന് 484 കോടി രൂപയായി. 38 മിനി റെയ്മണ്ട് ഷോപ്പുകളടക്കം 60 പുതിയ സ്റ്റോറുകളാണ് രണ്ടാം പാദത്തില്‍ കമ്പനി കൂട്ടിച്ചേര്‍ത്തത്. 14 സ്റ്റോറുകള്‍ ഇക്കാലയളവില്‍ അടച്ചുപൂട്ടി. റെയ്മണ്ട്‌സിന്റെ 1,282 സ്റ്റോറുകളാണ് നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Business & Economy
Tags: Raymonds