റേറ്റിംഗ് ഏജസികളുടെ ചുമതലകളില്‍ അഴിച്ചുപണിക്കൊരുങ്ങി സെബി

റേറ്റിംഗ് ഏജസികളുടെ ചുമതലകളില്‍ അഴിച്ചുപണിക്കൊരുങ്ങി സെബി

റേറ്റിംഗ് സംരംഭവും റേറ്റിംഗ് ഇതര ബിസിനസുകളും വേര്‍തിരിക്കണം

ന്യൂഡെല്‍ഹി: രാജ്യത്തെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താന്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ആലോചിക്കുന്നു. അടിസ്ഥാനസൗകര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍സിംഗ് കമ്പനിയായ ഐഎല്‍ & എഫ്എസ് വായ്പാ കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് സെബി ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ ചുമതലകള്‍ പുനഃപരിശോധിക്കാന്‍ ഒരുങ്ങുന്നത്.
വിരുദ്ധ താല്‍പ്പര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുന്നതിന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ റേറ്റിംഗ് സംരംഭവും റേറ്റിംഗ് ഇതര ബിസിനസുകളും വേര്‍തിരിക്കുന്നതിനുള്ള നിര്‍ദേശം സെബി പരിശോധിക്കുന്നതായാണ് വിവരം. റേറ്റിംഗ് ബിസിനസിലുള്ള കമ്പനികള്‍ റേറ്റിംഗ് ഇതര ബിസിനസില്‍ നിന്നുള്ള ലാഭമോ ലാഭവിഹിതമോ വാങ്ങുന്നവരായിരിക്കരുതെന്നും ഓഹരി ഉടമസ്ഥതയ്ക്ക് പുറമെ റേറ്റിംഗ് ഇതര ബിസിനസുകളുമായി കമ്പനികള്‍ക്ക് യാതൊരു ബന്ധവും ഉണ്ടാകരുതെന്നുമാണ് മറ്റൊരു നിര്‍ദേശത്തില്‍ പറയുന്നത്.
റേറ്റിംഗ് ഏജന്‍സികള്‍ക്ക് പ്രതിഫലം നല്‍കുന്നതിന് ഒരു ചട്ടക്കൂടൊരുക്കാനും സെബിക്ക് പദ്ധതിയുണ്ട്. ഏതൊരു വായ്പാ ഇന്‍സ്ട്രുന്റിലും റേറ്റിംഗ് അടിസ്ഥാനമാകുന്നുണ്ടെന്നും ഫിക്‌സഡ് ഇന്‍കം ഇന്‍സ്ട്രുമെന്റുകള്‍ ഉപയോഗിച്ചുള്ള നിക്ഷേപങ്ങളില്‍ റേറ്റിംഗ് നിര്‍ണായകമാണെന്നും സെബി പറയുന്നു. അതുകൊണ്ട് വിവാദങ്ങളില്‍ നിന്നും പക്ഷപാതങ്ങളില്‍ നിന്നും സ്വതന്ത്രമായിട്ടുള്ള ഒരു ചട്ടക്കൂട് റേറ്റിംഗ് ഏജന്‍സികള്‍ക്കായി ഒരുക്കേണ്ടതുണ്ടെന്നാണ് സെബി പറയുന്നു.
നിലവില്‍ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ വാങ്ങുന്ന പ്രതിഫലത്തില്‍ യാതൊരു സുതാര്യതയുമില്ല. പുതിയ വ്യവസ്ഥകളും നിര്‍ദേശങ്ങളും നടപ്പാക്കുന്നത് ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തും. റേറ്റിംഗ് ഏജന്‍സികള്‍ക്ക് റൊട്ടേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്ന കാര്യവും സെബി പരിഗണിക്കുന്നുണ്ട്. ഓഹരി വിപണിയില്‍ കടം രേഖപ്പെടുത്തിയ കമ്പനികളുടെ വായ്പാ കുടിശ്ശിക റേറ്റ് ചെയ്യുന്നതിന് മൂന്ന് വര്‍ഷത്തേത്ത് രണ്ട് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ ഉണ്ടായിരിക്കണം. ഇതിനുശേഷം മറ്റ് രണ്ട് ക്രെഡിറ്റ് ഏജന്‍സികളെ നിയമിക്കണം. ഇതാണ് റൊട്ടേഷനിലൂടെ സെബി ഉദ്ദേശിക്കുന്നത്. അതായത് ഒരു റേറ്റിംഗ് ഏജന്‍സിയെയും തുടര്‍ച്ചതായി രണ്ട് ടേമിലേക്ക് നിയമിക്കാനാവില്ല എന്ന് സാരം.

Comments

comments

Categories: FK News
Tags: Sebi