വിപുലീകരണത്തിന് രാംകോ സിമെന്റ്

വിപുലീകരണത്തിന് രാംകോ സിമെന്റ്

പ്രമുഖ സിമെന്റ് ഉല്‍പ്പാദന കമ്പനിയായ രാംകോ സിമെന്റ്‌സ് തങ്ങലുടെ ഉല്‍പ്പാദന പ്ലാന്റുകള്‍ വിപുലീകരിക്കാന്‍ 1,930 കോടി രൂപ ചെലവാക്കാനൊരുങ്ങുന്നു. കോലഘട്ട് ഗ്രൈന്‍ഡിംഗ് യൂണിറ്റിന്റെ പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി രണ്ട് ദശലക്ഷം ടണ്‍ വരെ ഉയര്‍ത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ ഒന്‍പത് ലക്ഷം ടണ്ണാണ് ഈ പ്ലാന്റിന്റെ ശേഷി. വിശാഖപട്ടണം ഗ്രൈന്‍ഡിംഗ് യൂണിറ്റിന്റെ ശേഷിയും സമാനമായി വിപുലീകരിക്കുമെന്ന് കമ്പനി അറിയിച്ചു. ഒഡീഷയില്‍ പ്രതിവര്‍ഷം ഒന്‍പത് ലക്ഷം ടണ്‍ ശേഷിയുള്ള പുതിയ ഗ്രൈന്‍ഡിംഗ് യൂണിറ്റ് തുടങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ജയന്തിപുരം പ്ലാന്റിന്റെ ക്ലിന്‍കെറിംഗ് (കല്‍ക്കരി കത്തിക്കഴിഞ്ഞാല്‍ അവശേഷിക്കുന്ന കട്ടിയുള്ള ചാരം) ശേഷി പ്രതിവര്‍ഷം 1.50 ദശലക്ഷം ട്ണ്ണായി വര്‍ധിപ്പിക്കും.

ആഭ്യന്തര പ്രവര്‍ത്തനങ്ങളില്‍ നിന്നായിരിക്കും വിപുലീകരണത്തിനാവശ്യമായ തുക സമാഹരിക്കുകയെന്ന് കമ്പനി അറിയിച്ചു. ആവശ്യം വന്നാല്‍ വായ്പാസാധ്യതകളും പരിഗണിക്കും.

ഇന്ധന വിലവര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച, അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ മൂലം നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദ ഫലങ്ങളില്‍ കമ്പനിക്ക് നിരാശയാണ് ഫലം. ഇക്കാലയളവില്‍ അറ്റാദായം 32 ശതമാനം ഇടിഞ്ഞ് 114.47 കോടി രൂപയായി. 2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ സമാന കാലയളവില്‍ 168.52 കോടി രൂപയായിരുന്നു അറ്റാദായം. അവലോകന കാലയളവില്‍ കമ്പനിയുടെ ആകെ വരുമാനം 10.78 ശതമാനം വര്‍ധിച്ച് 1,189.45 കോടി രൂപയായിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാന പാദത്തില്‍ 1,073.66 കോടി രൂപ ആയിരുന്നു ആകെ വരുമാനം. പ്രഷയം മൂലം കേരളത്തിലെ വില്‍പ്പന താറുമാറായത് ലാഭത്തെ ബാധിച്ചെന്ന് കമ്പനി അറിയിച്ചു. പെറ്റ്‌കോക്കിന്റെയും കല്‍ക്കരിയുടെയും വില ഉയര്‍ന്നു നിന്നതും ചെലവ് വര്‍ധിപ്പിച്ചു. വില്‍പ്പന കൂടിയെങ്കിലും ഗതാഗത ചെലവ് വര്‍ധിച്ചതോടെ നേട്ടം ഇല്ലാതായെന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: Business & Economy
Tags: Ramco cement