ഫോണ്‍പേയ്ക്കും ആമസോണ്‍ പേയ്ക്കും കനത്ത നഷ്ടം

ഫോണ്‍പേയ്ക്കും ആമസോണ്‍ പേയ്ക്കും കനത്ത നഷ്ടം

നഷ്ടത്തിനിടയിലും ഇരുകമ്പനികള്‍ക്കും വരുമാനത്തില്‍ വര്‍ധനവ്

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫഌപ്കാര്‍ട്ട് പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയുടെയും ആമസോണ്‍ ഇന്ത്യയുടെ പേമെന്റ് വിഭാഗമായ ആമസോണ്‍ പേയുടെയും നഷ്ടം വര്‍ധിച്ചു. 1,135 കോടി രൂപയാണ് ഇക്കാലയളവിലെ ഇരു കമ്പനികളുടെയും സംയുക്ത നഷ്ടം. വിപണി ഗവേഷണ സ്ഥാപനമായ ടോഫഌറിന്റെ കണക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫോണ്‍പേയുടെ നഷ്ടം മുന്‍ വര്‍ഷത്തെ 129 കോടിയില്‍ നിന്നും 800 കോടി രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ആമസോണ്‍ പേയുടേത് മുന്‍ വര്‍ഷത്തേതില്‍ നിന്ന് ഇരട്ടിയായി വര്‍ധിച്ച് 335 കോടി രൂപയായി.

ഇക്കാലയളവില്‍ ഇരു കമ്പനികളുടെയും വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടായതായിട്ടാണ് കാണുന്നത്. ആമസോണ്‍ പേ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 390 കോടിയുടെ വരുമാനം നേടിയപ്പോള്‍ ഫോണ്‍പേ 43 കോടി രൂപയുടെ വരുമാനമാണ് നേടിയത്. മുന്‍ വര്‍ഷങ്ങളില്‍ യഥാക്രമം നാലു കോടിയും മൂന്നു കോടിയുമായിരുന്നു ആമസോണിന്റെയും ഫഌപ്കാര്‍ട്ടിന്റെയും വരുമാനം. ബ്രാന്‍ഡ് ബില്‍ഡിംഗ്, സേവന വിഭാഗം വികസിപ്പിക്കല്‍, വിപണനം എന്നീ ബിസിനസുകള്‍ക്കായി ഇക്കാലയളവില്‍ നിക്ഷേപം നടത്തിയതായി ഫോണ്‍പേ വ്യക്തമാക്കി. കൂടാതെ ടെക്‌നോളജി ജീവനക്കാരുടെ എണ്ണവും അടിസ്ഥാന സൗകര്യങ്ങളും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്.

ആമസോണ്‍ പേയുടെ മൊത്ത ചെലവ് മുന്‍ വര്‍ഷം 185ല്‍ നിന്ന് വര്‍ധിച്ച് 727 കോടി രൂപയിലെത്തി. അതേ സമയം ഫോണ്‍പേയുടെ മൊത്തം ചെലവ് 150 കോടി രൂപയില്‍ നിന്ന് 831 കോടി രൂപയായും വര്‍ധിച്ചു. പേമെന്റ് വിപണിയിലെ എതിരാളികളായ പേടിഎമ്മുമായുള്ള മല്‍സരത്തില്‍ ആധിപത്യം നേടുന്നതിനും ഇ-കൊമേഴ്‌സ് വില്‍പ്പന വര്‍ധനവിനുമായി ആമസോണും ഫഌപ്കാര്‍ട്ടും ഉപഭോക്താക്കള്‍ക്കു നല്‍കിയ കാഷ്ബാക്ക് ഓഫറുകളും ഡിസ്‌കൗണ്ടുകളും തങ്ങളുടെ പേമെന്റ് വിഭാഗങ്ങളുടെ ചെലവില്‍ വലിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഇക്കാലയളില്‍ പരസ്യം അടക്കമുള്ള പ്രചരണ പരിപാടികള്‍ക്കായി 600 കോടി രൂപയാണ് ഫോണ്‍പേ ചെലവാക്കിയത്. ഈ ഇനത്തില്‍ ആമസോണ്‍ 265 രൂപ ചെലവാക്കി.

Comments

comments

Categories: Business & Economy