ഉത്തര കൊറിയയില്‍ സ്ത്രീകള്‍ക്കെതിരേ അക്രമം പതിവ് സംഭവമെന്ന് റിപ്പോര്‍ട്ട്

ഉത്തര കൊറിയയില്‍ സ്ത്രീകള്‍ക്കെതിരേ അക്രമം പതിവ് സംഭവമെന്ന് റിപ്പോര്‍ട്ട്

സോള്‍(ദക്ഷിണ കൊറിയ): മീ ടു മുന്നേറ്റം ഉത്തര കൊറിയയില്‍ സംഭവിച്ചിരുന്നെങ്കില്‍ മറ്റേതൊരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ അധികം വെളിപ്പെടുത്തലുകള്‍ ഉത്തര കൊറിയയില്‍ ഉണ്ടാകുമായിരുന്നെന്നാണു ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ പുതിയ റിപ്പോര്‍ട്ട സൂചിപ്പിക്കുന്നത്.
ഉത്തര കൊറിയയില്‍ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം പതിവ് സംഭവമാകുന്നെന്നും അത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കപ്പെട്ടെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്(എച്ച്ആര്‍ഡബ്ല്യു) വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പീഡനത്തെ തുടര്‍ന്ന് ഉത്തര കൊറിയ ഉപേക്ഷിച്ച് പുറത്തുകടന്ന 106 പേരുമായി എച്ച്ആര്‍ഡബ്ല്യു നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 106 പേരില്‍ 72 സ്ത്രീകള്‍, നാല് പെണ്‍കുട്ടികള്‍, 30 പുരുഷന്മാര്‍ എന്നിവരുണ്ട്. ഇവരില്‍ പകുതി പേരും 2011 ല്‍ ഉത്തര കൊറിയ ഉപേക്ഷിച്ചവരാണ്.
പീഡനത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്കു പലപ്പോഴും ശബ്ദമുയര്‍ത്താന്‍ സാധിക്കുന്നില്ല. കാരണം, കിം ജോങ് ഉന്നിന്റെ ഏകാധിപത്യത്തിനു കീഴില്‍ വിമത സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. ലൈംഗിക ചൂഷണത്തിനു വിധേയരാകുന്നവര്‍ക്കു പലപ്പോഴും സമൂഹത്തിനു മുന്‍പാകെ അത് അവതരിപ്പിക്കാനോ പൊലീസില്‍ പരാതിപ്പെടാനോ സാധിക്കാറില്ലെന്നതും പ്രശ്‌നങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Comments

comments

Categories: World
Tags: North Korea