ബ്രിട്ടീഷ്ജനതയുടെ മാംസാഹാരശീലം കുറഞ്ഞു

ബ്രിട്ടീഷ്ജനതയുടെ മാംസാഹാരശീലം കുറഞ്ഞു

മൃഗസംരക്ഷണം, പരിസ്ഥിതിസൗഹാര്‍ദ്ദം, ആരോഗ്യകാര്യങ്ങളിലെ ആശങ്ക തുടങ്ങിയ കാര്യങ്ങളാണ് ആഹാരശീലങ്ങളില്‍ മാറ്റം വരുത്താന്‍ കാരണം

മാംസാഹാരശീലത്തിന് സാംസ്‌കാരികവും മതപരവുമായ നിരവധി ഘടകങ്ങള്‍ കാരണമാകാറുണ്ട്. മാംസ ഉപഭോഗത്തെ സ്വാധീനിക്കുന്ന ഏറ്റവും വലിയ ഘടകങ്ങളിലൊന്നാണ് സാമ്പത്തികനില. ഗാര്‍ഹിക വരുമാനം മാംസഉപഭോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇറച്ചി ലഭ്യതയും ജനങ്ങളുടെ വാങ്ങല്‍ ശേഷിയും പരസ്പരപൂരകങ്ങളാകുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മാംസം ഉപഭോക്താക്കള്‍ വികസിതരാജ്യങ്ങളിലെ ജനങ്ങളാണ്. ഓസ്‌ട്രേലിയയാണ് ഏറ്റവും കൂടുതല്‍ മാംസം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളും വലിയ അളവില്‍ മാംസം ഉപയോഗിക്കുന്നു. കന്നുകാലിവളര്‍ത്തല്‍ വ്യവസായം പുഷ്ടിപ്പെടുന്തോറും മാംസഉപഭോഗവും ജനങ്ങളുടെ ഇടയില്‍ ഉയരുന്നു.

ഒരു ഓസ്‌ട്രേലിയക്കാരന്‍ പ്രതിവര്‍ഷം ശരാശരി 205 പൗണ്ട് മാംസം കഴിക്കുന്നു. തൊട്ടു പിന്നിലുള്ള യുഎസ് പൗരന്‍ ശരാശരി 200 പൗണ്ടിലധികം മാംസമാണ് പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. 189.6 പൗണ്ട് മാംസമാണ് ഇസ്രായേലി പ്രതിവര്‍ഷം ഉപയോഗിക്കുന്നത്. അര്‍ജന്റീനക്കാരും വലിയ മാംസഉപഭോക്താക്കളാണ്. 2013 ലെ കണക്ക് പ്രകാരം ഓരോ അര്‍ജന്റീനക്കാരനും പ്രതിവര്‍ഷം 186.7 പൗണ്ട് മാംസം ഉപയോഗിക്കുന്നു. ഈ രാജ്യത്തെ പരമ്പരാഗതമായ വിഭവങ്ങളില്‍ ഒരു പ്രധാന ഘടകം മാട്ടിറച്ചിയാണ്. ഉറുഗ്വേയില്‍ ഒരാള്‍ 182.8 പൗണ്ട് മാംസം ഉപയോഗിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതല്‍ മാംസം ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനക്കാരാണ് ബ്രസീല്‍. വര്‍ഷംതോറും ഒരാള്‍ ശരാശരി 172 പൗണ്ട് മാംസം വാങ്ങുന്ന ബ്രസീല്‍ മാംസോപഭോഗത്തില്‍ പക്ഷെ ആറാമതാണ്. ലോകത്തിലെ ഏറ്റവും വലിയ മാട്ടിറച്ചി സംസ്‌ക്കരണശാല ജെബിഎസ് സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. 2012 ല്‍ കമ്പനിയുടെ വരുമാനം 38.7 ബില്ല്യണ്‍ ഡോളറായിരുന്നു.

ഓരോരുത്തരും പ്രതിവര്‍ഷം 162 പൗണ്ട് മാംസം ഉപയോഗിക്കുന്ന ന്യൂസിലന്‍ഡാണ് പട്ടികയില്‍ ഏഴാമത്. ഇവരുടെ മാംസഉപഭോഗത്തില്‍ ഏതാണ്ട് 25% വും ചെമ്മരിയാട്ടിറച്ചിയാണ്. ചിലിയിലെ മിക്ക വിഭവങ്ങളുടെയും പ്രധാന ഘടകം മാംസമാണ്. ഇവിടെ പ്രതിവര്‍ഷം ഒരാള്‍ 59.8 പൗണ്ട് മാംസം കഴിക്കുന്നു.അര്‍ജന്റീനയില്‍ നിന്നാണ് മാംസം കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. മാംസാഹാരത്തിന്റെ കാര്യത്തില്‍ കാനഡ ഒമ്പതാമതാണ്. കഴിഞ്ഞ ദശാബ്ദത്തില്‍ ഇറച്ചി ഉപഭോഗം കുറഞ്ഞിട്ടുണ്ട്. 2013 ലെ കണക്ക് പ്രകാരം പ്രതിവര്‍ഷം ഒരാള്‍ ശരാശരി 155.4 പൗണ്ട് വീതം ഭക്ഷിക്കുന്നു. വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും മാംസാഹാരശീലം കുറയുന്നതിന് കാരണമാണ്. പട്ടികയില്‍ അവസാന രാജ്യം മലേഷ്യയാണ്. പ്രതിവര്‍ഷം ഓരോ പൗരനും 121 പൗണ്ട് ഇറച്ചിയാണ് കഴിക്കുന്നത്. മലേഷ്യയുടെ കാര്യത്തില്‍, വരുമാനം മാംസഭക്ഷണവുമായി യോജിക്കുന്നതല്ല. ഭക്ഷണത്തിലെ മാംസം കൂടുതലായും കോഴിയിറച്ചിയാണ്. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഇവിടേക്ക് മാംസം ഇറക്കുമതി ചെയ്യുന്നത്. പസഫിക് ഏഷ്യന്‍ പ്രദേശങ്ങളാണ് മാംസഉപഭോഗത്തില്‍ പിന്നിട്ടു നില്‍ക്കുന്നത്. സാംസ്‌കാരിക വ്യത്യാസങ്ങളാണ് ഇതിനു കാരണം.

ഇന്നു ലോകത്ത് മാംസാഹാരശീലം കുറഞ്ഞുവരുന്നുണ്ട്. ആരോഗ്യവിചാരം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ എന്നിവയ്ക്കു പുറമെ പരിസ്ഥിതിക്കുണ്ടാകുന്ന കോട്ടം എന്നിങ്ങനെ പല കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. മാംസാഹാരം ശീലമാക്കിയ പാശ്ചാത്യരില്‍ വലിയൊരു വിഭാഗം ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി ഭക്ഷണക്രമത്തില്‍ നിന്ന് മാംസം എടുത്തു മാറ്റിയിരിക്കുന്നു. ഇതില്‍ ബ്രിട്ടണിലാണ് ഏറ്റവും കൂടുതല്‍ പേര്‍ സസ്യാഹാരശീലത്തിലേക്കു തിരിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ന് എട്ടു ബ്രിട്ടീഷുകാരില്‍ ഒരാള്‍ സസ്യാഹാരിയാണ്. ഇത് ബ്രിണിലെ ഭക്ഷണ ശീലത്തില്‍ ഒരു വിപ്ലവം നടക്കുന്നതായി വ്യക്തമാക്കുന്നു. രാജ്യത്തെ 21% ആളുകള്‍ വല്ലപ്പോഴും മാസം കഴിക്കുന്ന സ്ഥിരം സസ്യാഹാരികളായി മാറിയിരിക്കുന്നു. അതായത് ബ്രിട്ടീഷുകാരില്‍ മൂന്നില്‍ ഒരു വിഭാഗം അവര്‍ കഴിച്ചു പോന്നിരുന്ന മാംസത്തിന്റെ അളവ് മനഃപൂര്‍വ്വം കുറച്ചുകഴിഞ്ഞുവെന്നര്‍ത്ഥം.

ഭക്ഷണശീലത്തിലെ തെരഞ്ഞെടുപ്പിന് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന ചര്‍ച്ചകളില്‍ പ്രധാന പങ്കുണ്ടെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ വെയ്റ്റ്‌റോസ് പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു. മാംസവും, പാലുല്‍പ്പന്നങ്ങളും ഒഴിവാക്കുന്നതാണ് പരിസ്ഥിതിയാഘാതം കുറയ്ക്കാന്‍ ഏറ്റവും വലിയ മാര്‍ഗമെന്ന് ഭൂരിഭാഗം ഉപഭോക്താക്കളും ഒരേ സ്വരത്തില്‍ പറയുന്നു. മൃഗപരിപാലനം വളരെയധികം കാര്‍ബണ്‍ഡയോക്‌സൈഡ് പുറംതള്ളുന്ന പ്രക്രിയയായി മാറിയിരിക്കുന്നു. മൃഗജന്യ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനായി ബ്രിട്ടീഷുകാര്‍ ശ്രമിക്കുന്നുവെന്നത് പ്രോത്സാഹനജനകമാണെന്നു കംപാഷന്‍ ഇന്‍ വേള്‍ഡ് ഫാമിംഗ് യുകെ തലവന്‍ നിക്ക് പാമര്‍ പറയുന്നു. സസ്യാഹാരം ശീലിക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണരീതിയെന്ന് ശാസ്ത്രവും തെളിയിക്കുന്നു. കുറഞ്ഞ അളവില്‍ മാംസം, മത്സ്യം, മുട്ട, പാല് എന്നിവയുടെ ഉപഭോഗം ജീവജാലങ്ങളുടെയും ഭൂമിയുടെയും നിലനില്‍പ്പ് ഉറപ്പു വരുത്തുന്നു.

സസ്യാഹാരശീലം പുലര്‍ത്തുന്നവര്‍ അചഞ്ചലമായ ധാര്‍മ്മികനിലപാട് എടുത്തിരുന്നു. മാംസഭക്ഷണപ്രിയരും സസ്യാഹാരികളും തമ്മിലുള്ള വ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും അതു തമ്മിലുള്ള അതിര്‍വരമ്പ് മാഞ്ഞു തുടങ്ങിയിരിക്കുന്നു. പുതിയ കാലത്തെ ഭക്ഷണശീലങ്ങള്‍ വീഗനിസം എന്ന ആശയത്തിനു കൂടി ബീജാവാപം ചെയ്തിരിക്കുന്നു. പാലും പാലുല്‍പ്പന്നങ്ങളും മുട്ടയും കൂടെ കഴിക്കുന്ന വെജിറ്റേറിയന്‍സിനെ എഗ്ഗിറ്റേറിയന്‍സ് എന്ന് വിളിക്കും. നോണ്‍-വെജിറ്റേറിയന്‍ എന്നു സാധാരണ വിളിക്കാറുള്ളവര്‍ സസ്യാഹാരത്തോടൊപ്പം മല്‍സ്യം, മാംസം, മുട്ട എന്നിവയെല്ലാം കഴിക്കുന്ന മിശ്രഭുക്കുകളാണ്. സസ്യാഹാരികളില്‍ പാലും, മുട്ടയും കഴിക്കുന്നവരുണ്ട്. എന്നാല്‍ വീഗനിസം പിന്തുടരുന്നവരാകട്ടെ യാതൊരു വിധ ജന്തുജന്യ വിഭവങ്ങളും കഴിക്കാത്തവരാണ്. പാല്‍, തൈര്, മോര്, ബട്ടര്‍, വെണ്ണ, നെയ്യ്, മുട്ട, മീന്‍, ഇറച്ചി, തേന്‍ തുടങ്ങി യാതൊന്നും തൊടില്ല. പട്ട്, കമ്പിളി, തുകല്‍, രോമം എന്നിവ പോയിട്ട് ഏതെങ്കിലും ജന്തുജന്യഘടകം ചേര്‍ന്ന സൗന്ദര്യംവര്‍ധിനികള്‍ പോലും ഉപയോഗിക്കാറില്ല. ഒരു ജീവിയെയും ഉപദ്രവിച്ചു കൊണ്ടാകരുത് ജീവിതം എന്ന ധാര്‍മികതയാണ് അവരെ ഇതിനു നിര്‍ബന്ധിതരാക്കുന്നത്.

തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ വരുന്ന ഉപഭോക്താക്കളുടെ ശീലങ്ങളെ അടിസ്ഥാനമാക്കിയാണ് വെയ്റ്റ്‌റോസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. സസ്യാഹാരശീലം വളരുകയും വികസിക്കുകയും ചെയ്തിരിക്കുന്നുവെന്ന് എക്‌സിക്യൂട്ടീവ് ഷെഫ് ജോനാതന്‍ മൂര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ ആളുകള്‍ മാംസാഹാരശീലത്തില്‍ നിന്നു മുക്തി നേടുന്നതായി അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട സമയം അല്‍പ്പം മോശമായിപ്പോയി. വീഗന്‍സിനെ അപമാനിച്ചെന്ന ആരോപണത്തെ വെയ്റ്റ്‌റോസ് പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ വില്യം സിറ്റ്‌വെല്ലിനു രാജിവെക്കേണ്ടി വന്നു. ബ്രിട്ടീഷ് വീഗന്‍ സൊസൈറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രാജ്യത്തെ വീഗന്മാര്‍ക്കിടയില്‍ നാലു മടങ്ങു വര്‍ധനയുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ ഒന്നര ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം പേരാണ് വീഗനിസത്തിലേക്കു തിരിഞ്ഞത്.

വീഗനുകളെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന സ്ഥാപനമാണ് വെയ്റ്റ്‌റോസ്. തങ്ങളുടെ 134 സ്റ്റോറുകളില്‍ വീഗനുകള്‍ക്കായി മാത്രം പ്രത്യേക വിഭാഗം അവര്‍ തുടങ്ങിയിരുന്നു. ഇത്തരം സെന്ററുകള്‍ സ്ഥാപിച്ച ആദ്യ ബ്രിട്ടീഷ് സൂപ്പര്‍മാര്‍ക്കറ്റാണിത്. ഇതു കൂടാതെ വീഗന്‍, സസ്യാഹാരങ്ങളുടെ 40-ല്‍ അധികം ശ്രേണിയും തയ്യാറാക്കിയിട്ടുണ്ട്. വീഗന്‍ ഭക്ഷണശാലകളുടെ നിര്‍മാണവും ബ്രിട്ടണില്‍ പുരോഗമിക്കുന്നുണ്ട്. ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ വീഗന്‍ ഭക്ഷണവിവരപ്പട്ടിക പ്രദാനം ചെയ്യുന്ന ഹോട്ടലുകളെ ഉയര്‍ത്താക്കാട്ടിയ ഗുഡ്ഫുഡ് ഗൈഡ് ഈ വര്‍ഷം പുറത്തിറങ്ങി. പ്രധാന കച്ചവട കേന്ദ്രങ്ങളിലെ നിരവധി ഹോട്ടലുകളും പബ്ബുകളും തങ്ങളുടെ മെനുവില്‍ കൂടുതല്‍ സസ്യാഹാരവും ക്ഷീരേതര ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. സമൂഹത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ സംരംഭകര്‍ ഇപ്പോള്‍ വീഗനുകള്‍ക്കു സൗകര്യമൊരുക്കാനുള്ള നെട്ടോട്ടത്തിലാണ്.

ഈ വര്‍ഷം വീഗന്‍ ഭക്ഷണം മുഖ്യധാരയിലേക്ക് പ്രവേശിക്കുമെന്ന് വെയ്റ്റ്‌റോസിന്റെ ബ്രാന്‍ഡ് ഡെവലപ്‌മെന്റ് മേധാവി നറ്റാലി മിച്ചല്‍ വിലയിരുത്തുന്നു. വീഗന്‍ ഭക്ഷണങ്ങള്‍ ആളുകളുടെ മനം കവരുകയാണ്. വീട്ടില്‍ പാചകം ചെയ്തതായാലും ഹോട്ടലില്‍ നിന്നു വാങ്ങിയ പാഴ്‌സല്‍ ആയാലും പുതിയതായി തുടങ്ങിയ വീഗന്‍ റെസ്റ്റോറന്റുകളില്‍ ചെന്നു കഴിച്ചതായാലും ഇത്തരം വിഭവങ്ങളുടെ രുചി ഒന്നു വേറെയാണെന്ന് ആളുകള്‍ പറയുന്നു. മാംസഭക്ഷണത്തില്‍ നിന്നു വ്യതിചലിച്ച ആളുകള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ തെളിഞ്ഞ കാര്യങ്ങള്‍ പുതിയ മാറ്റത്തെ അടിവരയിടുന്നതാണ്. സര്‍വേയില്‍ പങ്കെടുത്ത 2000 പേരില്‍ 60 ശതമാനം വീഗനുകളും 40 ശതമാനം സാദാ സസ്യാഹാരികളുമായിരുന്നു. പുതിയ ജീവിതരീതിയിലേക്കു തിരിഞ്ഞിട്ട് അഞ്ചു വര്‍ഷം പിന്നിട്ടവരായിരുന്നു ഇവര്‍. ഇതിലേക്കു തിരിയാന്‍ കാരണമായി 55 ശതമാനം പേര്‍ ചൂണ്ടിക്കാട്ടിയത് മൃഗസ്‌നേഹമാണ്. 45 ശതമാനം ആരോഗ്യ കാരണങ്ങളും 38 ശതമാനം പാരിസ്ഥിതികപ്രശ്‌നങ്ങളും കാരണമായി പറഞ്ഞു.

യുവാക്കളാണ് വീഗനിസത്തെ വലിയ ആവേശത്തോടെ എതിരേറ്റത്. 18- 34 വരെ പ്രായപരിധിയിലുള്ള നിരവധി പേര്‍ വീഗനിസത്തിലേക്ക് താല്‍പര്യപൂര്‍വം മാറാന്‍ തയാറായപ്പോള്‍, 55 കഴിഞ്ഞവരില്‍ പലരും അത്രയ്ക്കു താല്‍പര്യമില്ലാതെയാണ് മാംസഭക്ഷണം ഉപേക്ഷിച്ചതെന്ന് സര്‍വേ പറയുന്നു. സസ്യാഹാരികളാകാന്‍ നിര്‍ബന്ധിതരായിവരില്‍ പലരും സാന്‍ഡ്‌വിച്ചും പന്നിയിറച്ചി വിഭവങ്ങളും മിസ് ചെയ്യുന്നതായി പരിഭവിക്കുന്നു. തങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളില്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമായി നടന്ന ലക്ഷക്കണക്കിന് ഇടപാടുകളെ അധികരിച്ചാണ് വെയ്റ്റ്‌റോസ് റിപ്പോര്‍ട്ട് തയാറാക്കിയത്. പരിസ്ഥിതിയാഘാതത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ വളരുന്ന ആശങ്കളെക്കുറിച്ച് ഗവേഷണം ശ്രദ്ധയാകര്‍ഷിക്കുന്നു. മാംസത്തിന്റെയും പാലുല്‍പ്പന്നങ്ങളുടെയും ഉപഭോഗം 75 ശതമാനത്തിലധികം കുറച്ചാല്‍പ്പോലും മിച്ചം വരുന്ന ആഗോളതലത്തില്‍ പടര്‍ന്നുകിടക്കുന്ന കൃഷിയിടങ്ങള്‍ക്ക് ലോകത്തെ തീറ്റിപ്പോറ്റാനാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. യുഎസ്, ചൈന, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കൃഷിയിടങ്ങളെല്ലാം ചേരുന്നതിനു തുല്യമാണിത്.

സര്‍വേയില്‍ പങ്കെടുത്ത 88 ശതമാനം ആളുകളും കടലില്‍ അടിയുന്ന പ്ലാസ്റ്റിക്കിന്റെ ആഘാതം തങ്ങളുടെ സ്വഭാവത്തെ മാറ്റിമറിച്ചുവെന്നാണ് വെയ്റ്റ്‌റോസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ 800% വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് വെയ്റ്റ്‌റോസ് പറയുന്നു. വീഗനുകള്‍ക്ക് ചക്കവിഭവങ്ങള്‍ ശീലമാക്കാമെന്ന് വെയ്റ്റ്‌റോസ് പറയുന്നു. ചക്കയെ പ്രോല്‍സാഹിപ്പിക്കാനുള്ള പ്രചാരണങ്ങള്‍ക്കും അവര്‍ തുടക്കമിട്ടിട്ടുണ്ട്. ചക്കവിഭവങ്ങള്‍ പന്നിയിറച്ചി വിഭവങ്ങള്‍ക്കു പകരമാക്കാന്‍ കഴിയും. ജൈവ വീഞ്ഞും പ്രോല്‍സാഹിപ്പിക്കാനുള്ള ശ്രമത്തിലാണവര്‍. ഇതിന്റെ വില്‍പ്പനയില്‍ വര്‍ഷാവര്‍ഷം 53 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 18 പ്രദേശങ്ങളില്‍ നിന്നുള്ള 54 ഇനം വീഞ്ഞിന്റെ ശേഖരത്തിലേക്ക് വികസിപ്പിക്കാനായിട്ടുണ്ട്.

ആധുനികജീവിതരീതിയില്‍ ഭക്ഷണക്രമത്തെക്കുറിച്ച് ബോധവാന്മാരാകേണ്ടത് സര്‍വ്വപ്രധാനമാണെന്നു വെയ്റ്റ്‌റോസ് മാനേജിംഗ് ഡയറക്റ്റര്‍, റോബി കോളിന്‍സ് പറയുന്നു. നമ്മുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുന്നതോടെ കുടുംബത്തിന്റെയും പരിസ്ഥിതിയുടെയും ക്ഷേമത്തിനു കൂടി വേണ്ടിയാണ് നാം നിലനില്‍ക്കുന്നതെന്നു മനസിലാകുന്നു. ഉപഭോഗശീലം, പാചകം, ഭക്ഷണം തുടങ്ങി നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും അതിനു വേണ്ടി പരുവപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

Comments

comments

Categories: Top Stories