കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രതിരോധ, വ്യോമയാന രംഗം വരെ

കണ്‍സള്‍ട്ടന്‍സിയില്‍ നിന്നും പ്രതിരോധ, വ്യോമയാന രംഗം വരെ

ആഗോളതലത്തില്‍ കേരളത്തിന് അഭിമാനാര്‍ഹമായ നേട്ടം സമ്മാനിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണത്തില്‍ കേരള ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന് (കിറ്റ്‌കോ) വഹിച്ച പങ്ക് വളരെ വലുതാണ്. സാങ്കേതിക നിര്‍മാണ മേഖലയിലുള്ള ഇന്ത്യയിലെ ആദ്യത്തെ പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ തുടക്കം കുറിച്ച കിറ്റ്‌കോ, ഇന്ന് കേവലമൊരു ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി എന്ന ലേബലില്‍ നിന്നും ഏറെ വളര്‍ന്നു കഴിഞ്ഞിരിക്കുന്നു. പ്രതിരോധ, വ്യോമയാന രംഗം വരെ തങ്ങളുടെ സാന്നിധ്യം അറിയിച്ച കിറ്റ്‌കോ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട മറീനയായ കൊച്ചിന്‍ മറീന, കണ്ണൂര്‍ ഇന്റര്‌നാഷണല്‍ എയര്‍പോര്‍ട്ട്, ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ്, വൈറ്റില മൊബിലിറ്റി ഹബ്, സ്‌പൈസസ് ബോര്ഡിന്റെ സുഗന്ധ വ്യഞ്ജന പാര്‍ക്കുകള്‍ തുടങ്ങി കേരളത്തിന്റെ അഭിമാനമായ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. നീണ്ട നാലര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള കിറ്റ്‌കോ ഇന്ന് കണ്‍സള്‍ട്ടന്‍സി മേഖലയിലെ ഒരു പ്രമുഖ ഇന്ത്യന്‍ ബ്രാന്‍ഡായി മാറിയിരിക്കുന്നു. കിറ്റ്‌കോയുടെ അഭിമാനകരമായ പദ്ധതികളെക്കുറിച്ചും നിലവിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കിറ്റ്‌കോയുടെ മാനേജിംഗ് ഡയറക്റ്റര്‍ സിറിയക് ഡേവിസ് ഫ്യൂച്ചര് കേരളയോട്…..


ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിയായി പ്രവര്ത്തനം ആരംഭിച്ച് പ്രതിരോധ, വ്യോമയാന രംഗം വരെ വരെ സേവനനിരതരായ കിറ്റ്‌കോയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ?

1972 ല്‍ സംസ്ഥാന സര്‍ക്കാരിന് കീഴില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സിയായി തുടക്കമിട്ടതാണ് കിറ്റ്‌കോ.എന്നാല്‍ പിന്നീട് സ്ഥാപനം തങ്ങളുടെ പ്രവര്‍ത്തനം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡെവലപ്‌മെന്റ് രംഗത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു. അടിസ്ഥാനസൗകര്യ വികസനം, പോര്‍ട്ടുകള്‍, മൊബിലിറ്റി ഹബ്ബുകള്‍ തുടങ്ങിയവയുടെ നിര്‍മാണം എന്നിവയിലേക്ക് കിറ്റ്‌കോ തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇന്ന് ഫീസിബിലിറ്റി സ്റ്റഡി, എന്‍ജിനീയറിംഗ് വര്‍ക്കുകള്‍ , കണ്‍സള്‍ട്ടന്‍സി സര്‍വീസുകള്‍ തുടങ്ങിയ കാര്യങ്ങള്‍ കിറ്റ്‌കോ ചെയ്തു വരുന്നു. പൊതു മേഖലാ സ്ഥാപനങ്ങളായ ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ്, എയര്‍ ഇന്ത്യ എന്നിവയുടെ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള കരാര്‍ കിറ്റ്‌കോ നേടിയിട്ടുണ്ട്. ഒരു പുതിയ വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഞങ്ങളെ സമീപിക്കുന്ന ഏതൊരു സംരംഭകനും ആവശ്യമായ എല്ലാവിധ സഹായങ്ങളും കിറ്റ്‌കോ ലഭ്യമാക്കുന്നുണ്ട്.

കിറ്റ്‌കോയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ഏറ്റവും മികച്ച പ്രൊജക്റ്റ് ഏതാണ്?

കിറ്റ്‌കോയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ ഏറ്റവും മികച്ച പ്രൊജക്റ്റ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. കിറ്റ്‌കോ ഏറ്റെടുത്ത് നടപ്പിലാക്കുന്ന ഓരോ പദ്ധതിയെയും തുല്യ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടി കോഴിക്കോട്മുതല്‍ കണ്ണൂര്‍ വരെ 40 ഓളം മേല്‍പ്പാലങ്ങളും കിറ്റ്‌കോ പണിത് കൊടുത്തിട്ടുണ്ട്. സാധാരണയായി റെയില്‍വേ പദ്ധതികള്‍ പുറത്തു നിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കുന്ന പതിവില്ല. ആദ്യമായി അത്തരം ഒരു അവസരം ലഭിക്കുന്നത് കിറ്റ്‌കോയ്ക്കായിരുന്നു.

ഏറ്റെടുക്കുന്ന പദ്ധതികള്‍ വളരെ കുറഞ്ഞ പ്രൊജക്റ്റ് കോസ്റ്റില്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും എന്നതാണ് കിറ്റ്‌കോയെ മറ്റ് ഏജന്‍സികളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഉദാഹരണമായി പറയുകയാണ് എങ്കില്‍ നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എസ്റ്റിമേറ്റഡ് കോസ്റ്റിനേക്കാള്‍ അന്പത് ശതമാനം കുറഞ്ഞ ചെലവിലാണ് ഞങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഇത് ദേശീയതലത്തില്‍ കിറ്റ്‌കോയെ ശ്രദ്ധേയമാക്കി. ഇതിലൂടെ സമാനമായ മറ്റ് പ്രൊജക്റ്റുകളുടെ ചെലവുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാനുള്ള അധികാരം ഏവിയേഷന്‍ ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി കിറ്റ്‌കോയ്ക്ക് നല്‍കി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത് എസ്റ്റിമേറ്റഡ് കോസ്റ്റിനേക്കാള്‍ 50 ശതമാനം കുറഞ്ഞ ചെലവിലാണെന്ന് പറഞ്ഞല്ലോ, എങ്ങനെയാണ് ഇത്തരത്തില്‍ ഒരു നേട്ടം കൈവരിച്ചത് ?

‘റൈറ്റ് സൈസിംഗ് ‘ എന്ന ആശയം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇത് പലരും കണക്കിലെടുക്കുന്നില്ല. കിറ്റ്‌കോയ്ക് ഇത്രയും കുറഞ്ഞ ചെലവില്‍ വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഈ ഒരു കാരണം കൊണ്ട് തന്നെയാണ്. നിര്‍മാണം കഴിഞ്ഞു പ്രവര്‍ത്തനം ആരംഭിക്കുന്ന വിമാനത്താവളം 5 വര്‍ഷത്തില്‍ തന്നെ ലാഭത്തില്‍ വരുമെന്നായിരുന്നു കിറ്റ്‌കോയുടെ കണക്കു കൂട്ടല്‍ . പദ്ധതി പ്രകാരം അത് 5 വര്‍ഷത്തിനുള്ളില്‍ തന്നെ ലാഭത്തില്‍ വന്നു. കുറഞ്ഞ ചിലവില്‍ നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത് എയര്‍പോര്‍ട്ടിന് മറ്റ് വികസന പദ്ധതികളുമായി മുന്നോട്ട് പോകാന്‍ സഹായിച്ചു.

കേരളത്തില്‍ ഇപ്പോള്‍ സംരംഭകത്വത്തിന്റെ നാളുകളാണല്ലോ, സംരംഭകത്വ മോഹവുമായി വരുന്നവരെ കിറ്റ്‌കോ ഏതു രീതിയിലാണ് സഹായിക്കുന്നത് ?

സംരംഭകത്വ വികസനം കിറ്റ്‌കോയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്.വ്യവസായം തുടങ്ങുന്നതിനായി സമീപിക്കുന്ന ഏതൊരു സംരംഭകനും ആവശ്യമായ എല്ലാ സഹായവും കിറ്റ്‌കോ ടെക്‌നോ ലാബ് എന്ന സംവിധാനത്തിലൂടെ ഞങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. മാത്രമല്ല, സംരംഭത്തിന്റെ സ്വഭാവം, സാധ്യതകള്‍ എന്നിവ പഠിച്ചശേഷം ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് ആവശ്യമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടുകളും കിറ്റ്‌കോ തയ്യാറാക്കി നല്‍കുന്നു. സംരംഭകത്വത്തിലെ സംശയദുരീകരണത്തിനായി കിറ്റ്‌കോ ലൈബ്രറിയുടെ സേവനവും സംരംഭക മോഹികള്‍ക്ക് ലഭ്യമാണ്. തങ്ങളുടെ ബിസിനസ് ആശയം പങ്ക് വച്ച് സാധ്യതകള്‍ ആരായുന്നതിനും പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായി വിദഗ്ദരുമായുള്ള ആദ്യത്തെ ഒരു സിറ്റിംഗ് തികച്ചും സൗജന്യമായി ചെയ്തുകൊടുക്കാറുണ്ട്.

 

സ്‌കൂള്‍ ഇന്നൊവേഷന്‍ ലാബ് എന്നൊരു ആശയത്തിന്‍ ഞങ്ങള്‍ രൂപം നല്‍കിയിട്ടുണ്ട് . ഇതിനായി രണ്ട് സ്‌കൂളുകളെയാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ ക്രിയേറ്റിവിറ്റി മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പദ്ധതിയാരംഭിച്ചത്. ഈ പദ്ധതിയിലൂടെ കൂടുതല്‍ പ്രവര്‍ത്തനനിരതരാക്കുന്നു. ആലോചിക്കാനും അന്വേഷിക്കാനും ചോദ്യം ചെയ്യാനുമുള്ള പരിശീലനം അവര്‍ക്ക് നല്‍കുന്നു. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു എന്നാണ് സ്‌കൂള്‍ ഇന്നവേഷന്‍ ലാബിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് മനസിലാകുന്നത്. വിവര സാങ്കേതിക വിദ്യ ഇത്രത്തോളം വളര്ന്ന അവസരത്തില്‍ കാണാതെ പഠിച്ചു പരീക്ഷ എഴുതുക എന്ന കാഴ്ചപ്പാട് തന്നെ പുനഃപരിശോധിക്കേണ്ടതാണ്.

മേല്‍പ്പറഞ്ഞ പദ്ധതിക്ക് പുറമേ, പൊതുവിദ്യാഭ്യാസമേഖലയെ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 400 സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്ന ഒരു പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. ഈ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനും പ്രാരംഭ ജോലികളും ഏറ്റെടുത്തിരിക്കുന്നത് കിറ്റ്‌കോയാണ്. ഇതിന് പുറമേ, നിരവധി കോളെജുകളുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളിലും കിറ്റ്‌കോ ഭാഗമാണ്.

കിറ്റ്‌കോയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പുതിയ പദ്ധതികള്‍ ?

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ട് പ്രധാനപ്പെട്ട എക്‌സ്പ്രസ് ഹൈവേയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ കിറ്റ്‌കോയ്ക്ക് ആണ്. കടുത്ത മത്സരം മറികടന്നാണ് ഗോരഖ്പൂര്‍ ലിങ്ക് എക്‌സപ്രസ്സ്‌ഹൈവേ, പ്രയാഗ ലിങ്ക്എ എക്‌സ്പ്രസ് ഹൈവേ എന്നിവയുടെ കരാറുകള്‍ കരസ്ഥമാക്കിയത്.നാലു ലെയിന്‍ (6 വരിയായി വികസിപ്പിക്കാവുന്ന) ഗോരഖ്പൂര്‍ ലിങ്ക് എക്‌സപ്രസ്സ്‌ഹൈവേ യുടെനീളം 88.48 കി.മിയാണ്, വീതി 110 മീറ്റര്‍. ജൈത്പൂരിനുസമീപംഅണ്ടര്‍പാസ്സിന് 1 .3 കി.മി മാറി ഗോരഖ്പൂര്‍ ബൈപാസില്‍ നിന്ന്തുടങ്ങി നിര്‍ദ്ദിഷ്ട ലക്‌നൗ ഗാസിപുര്‍പൂര്‍വാഞ്ചല്‍ ഗോരഖ്പൂര്‍ ലിങ്ക് എക്‌സപ്രസ്സ്‌ഹൈവേയിലാണ് അവസാനിക്കുന്നത്. ഗോരഖ്പൂര്‍, അംബേദ്കര്‍നഗര്‍, അസംഗര്‍ഹ് എന്നീ ജില്ലകളിലൂടെയാണ് എക്‌സ്പ്രസ്സ് ഹൈവേ .എക്‌സിം ബാങ്കിന്റെ കണ്‍സള്‍ട്ടന്‍സിയില്‍ കിറ്റ്‌കോ സീഷെല്‍സില്‍ ഒരു പ്രധാന പ്രൊജക്റ്റ് നടപ്പിലാക്കി വരുന്നു.

സ്‌പോര്‍ട്‌സ് , ടൂറിസം എന്നീ മേഖലകളില്‍ ഏതൊക്കെ രീതിയിലാണ് കിറ്റ്‌കോ ഇടപെടുന്നത് ?

സ്‌പോര്‍ട്ട്‌സ് , ടൂറിസം മേഖലകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് കിറ്റ്‌കോ ചെയ്യുന്നത്. മസ്‌കറ്റില്‍ നിര്‍മിച്ച ഗാല ഗോള്‍ഫ് കോഴ്‌സ് കിറ്റ്‌കോയ്ക്ക് ഏറെ പ്രശസ്തി നേടിത്തന്ന പദ്ധതിയാണ്. ഇത്തരത്തില്‍ ഒരു സജ്ജീകരണം ഒരുക്കിയ ഏഷ്യയിലെ ആദ്യത്തെ സ്ഥാപനമാണ് കിറ്റ്‌കോ. ഇവ കൂടാതെ ഗ്രീന് ഫീല്‍ഡ് സ്റ്റേഡിയം, ഫുട്ബാള്‍ സ്റ്റേഡിയം, അത്‌ലറ്റിക് ട്രാക്‌സ്, ടെന്നീസ് കോംപ്ലക്‌സ് തുടങ്ങിയ ഒട്ടേറെ സംവിധാനങ്ങള്‍ള് കിറ്റ്‌കോ ചെയ്തു കൊടുക്കുന്നുണ്ട്. ടൂറിസം മേഖലയില്‍ കിറ്റ്‌കോ പ്രധാനമായും സേവനമനുഷ്ഠിക്കുന്നത് കേരളത്തിലാണ്.ഇന്റഗ്രേറ്റഡ് ടൂറിസം എന്ന ആശയത്തില് ഊന്നല്‍ കൊടുത്ത പ്രാദേശികമായി ലഭ്യമാകുന്ന റിസോഴ്‌സുകളെയും കമ്മ്യൂണിറ്റികളെയും ബന്ധപ്പെടുത്തിയാണ് ഇവ മുന്നോട്ടു കൊണ്ടുപോകുന്നത് . കിഫ്ബിയുടെ ഫണ്ടിംഗിലൂടെ സംസ്ഥാനത്ത് നടത്തിവരുന്ന കായിക വികസനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണത്തിനുള്ള ഏജന്‍സിയായി കിറ്റ്‌കോ പ്രവര്‍ത്തിച്ചു വരുന്നു.

കിറ്റ്‌കോയുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളെപ്പറ്റി വിശദീകരിക്കാമോ ?

സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന പദ്ധതികളാണ് ഞങ്ങളുടെ സിഎസ്ആര്‍ പദ്ധതികളായി നടപ്പിലാക്കുന്നത്. സ്വയംതൊഴില്‍ വികസനത്തിനായുള്ള പരിശീലനമാണ് പ്രധാനമായും നല്‍കുന്നത്. കുട്ടമ്പുഴ എന്ന സ്ഥലത്തെ മൂന്നു ആദിവാസി കോളനിയിലെ സ്ത്രീകള്‍ക്കാണ് പ്രധാനമായും ഇത്തരം പരിശീലനം നല്കുന്നത്. ബാംബൂ ക്രാഫ്റ്റ് , തേന് വ്യവസായം എന്നിവ അവയില് ചിലതാണ്. ബിസിനസ് വികസനത്തിനൊപ്പം സ്ത്രീകളുടെ വ്യക്തിത്വ വികസനത്തിനും കിറ്റ്‌കോ സാഹചര്യം ഒരുക്കുന്നു.

കിറ്റ്‌കോയുടെ വിഷന്‍ 2020 എന്താണ്?

കിറ്റ്‌കോയുടെ സേവനങ്ങള്‍ പാന്‍ ഇന്ത്യ തലത്തില്‍ ഒന്നുകൂടി ശക്തിപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരളത്തിന് പുറത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കിറ്റ്‌കോയുടെ കണ്‍സള്‍ട്ടന്‍സിയില്‍ വിവിധങ്ങളായ പദ്ധതികള്‍ നടന്നു വരുന്നുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളുമായി കിറ്റ്‌കോ മുന്നോട്ട് പോകുന്നു

Comments

comments

Categories: FK News, Slider
Tags: Kitco