ജിയോയെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി എയര്‍ടെല്‍

ജിയോയെ മറികടക്കാന്‍ പുതിയ തന്ത്രങ്ങളുമായി എയര്‍ടെല്‍

ന്യൂഡെല്‍ഹി: എതിരാളികളായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡുമായി മല്‍സരിക്കാന്‍ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നു. പ്രതിമാസം 35 രൂപയില്‍ താഴെ റീചാര്‍ജ് ചെയ്യുന്ന ഉപഭോക്താക്കളില്‍ കേന്ദ്രീകരിച്ചുള്ള നീക്കമാണ് കമ്പനി നടത്തുന്നത്. ഇത് പ്ലാനുകള്‍ക്കായി കൂടുതല്‍ പണം മുടക്കുന്ന ഉപയോക്താക്കള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കമ്പനിയെ സഹായിക്കുമെന്നും കുറഞ്ഞ ചെലവ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായുള്ള ചെലവിടല്‍ കുറയ്ക്കാനും അത്തരം ഉപഭോക്താക്കളെ അപ് ഗ്രേഡ് ചെയ്യാനും കമ്പനിയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
വിപണിയിലുണ്ടാകുന്ന കടുത്ത മല്‍സരം മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി എയര്‍ടെല്‍ കമ്പനിയുടെ വരുമാനത്തിലും ലാഭക്ഷമതയിലും ഇടിവുണ്ടായിട്ടുണ്ട്. ഇത് നികത്താന്‍ പുതിയ പദ്ധതികള്‍ക്കും തന്ത്രങ്ങള്‍ക്കും സാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനിയുടെ അറ്റാദായം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 65 ശതമാനം കുറഞ്ഞ് 119 കോടി രൂപയിലെത്തി.
കമ്പനിക്ക് ഏകദേശം 330 മില്യണ്‍ ഉപഭോക്താക്കള്‍ വയര്‍ലെസ് വിഭാഗത്തിലുണ്ട്. എന്നാല്‍ ഉപഭോഗത്തിന്റെ രീതി കണക്കിലെടുത്താല്‍ 100 മില്യണ്‍ ഉപയോക്താക്കളും കുറഞ്ഞ ശരാശരി വരുമാനം നല്‍കുന്ന വിഭാഗത്തിലാണ് ഉള്ളതെന്ന് നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഭാരതി എയര്‍ടെലിന്റെ സിഇഒ ഗോപാല്‍ വിത്തല്‍ പറഞ്ഞു. തമിഴ്‌നാട്, ഉത്തര്‍പ്രദേശ്(വെസ്റ്റ്),പഞ്ചാബ് എന്നീ സര്‍ക്കിളുകളില്‍ കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ തങ്ങള്‍ ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കുറഞ്ഞ നിരക്കിലുള്ള ചെറുകിട പ്ലാനുകള്‍ കൂടുതലായി അവതരിപ്പിച്ചിരുന്നു. ഇതിനു ശേഷം നല്ല ഫലങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഈ പദ്ധതി രാജ്യത്തുടനീളം വ്യാപിപ്പിക്കാനും കമ്പനിക്കായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ ഏപ്രില്‍-ജൂണ്‍ മാസത്തിലെ ഡാറ്റ പ്രകാരം ഗ്രാമീണ വരിക്കാരുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വിഹിതം കൈവരിക്കാന്‍ എയര്‍ടെലിനു കഴിഞ്ഞു. എയര്‍ടെലിന്റെ വിപണിവിഹിതം 33.44 ശതമാനമാണ്. അതേസമയം, റിലയന്‍സ് ജിയോയുടേത് 12.22 ശതമാനമാണ്. എന്നാല്‍ ഇന്റര്‍നെറ്റ് വരിക്കാരുടെ അടിസ്ഥാനത്തില്‍ കണക്കെടുത്താല്‍ എയര്‍ടെലിന് 25.3 ശതമാനം മാത്രമാണ് വിപണിവിഹിതം. ജിയോ 43.8 ശതമാനം വിഹിതം സ്വന്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Tech
Tags: Airtel