അടിസ്ഥാന സൗകര്യ വികസനത്തിന് 4.5 ട്രില്യണ്‍ വേണമെന്ന് കാന്ത്

അടിസ്ഥാന സൗകര്യ വികസനത്തിന് 4.5 ട്രില്യണ്‍ വേണമെന്ന് കാന്ത്

2040 വരെയുള്ള കണക്കുകൂട്ടല്‍; രാജ്യത്തിന്റെ പ്രതിവര്‍ഷ വളര്‍ച്ചാ നിരക്ക് 7.5 ശതമാനം

ന്യൂഡെല്‍ഹി: രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയും സാമൂഹിക ക്ഷേമവും മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ 2040 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 4.5 ട്രില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അമിതാഭ് കാന്ത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പ്രതിവര്‍ഷം 7.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജം പകരാന്‍ ഗുണമേന്മയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായ വിശകല കമ്പനിയായ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് (ഡി&ബി) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിതാഭ് കാന്ത്.

ഊര്‍ജം, പാലങ്ങള്‍, റോഡുകള്‍, ഡാമുകള്‍ എന്നിവ ഉള്‍പ്പെടുന്ന അടിസ്ഥാനസൗകര്യ മേഖല ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റത്തിനുള്ള പ്രധാന ചാലക ശക്തിയാണ്. ഏതൊരു രാജ്യത്തിന്റേയും മൊത്തത്തിലുള്ള വികസനത്തിന് ശക്തി പകരുന്നതില്‍ ഈ മേഖലയ്ക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. നിലവിലുള്ള പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) ചട്ടക്കൂടിനെ അടിയന്തരമായി തന്നെ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്ന് വിവിധ കാരണങ്ങളാല്‍ രാജ്യത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പൂര്‍ത്തീകരിണം വൈകുന്നത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

‘പ്രാഥമിക ഘട്ടത്തില്‍ സര്‍ക്കാര്‍ ചെലവില്‍ അടിസ്ഥാനസൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതാണ് നല്ലത്. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ നിലനിര്‍ത്തുന്നതിലും പരിപാലിക്കുന്നതിലുമുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തന പാരമ്പര്യം വളരെ ശോചനീയമായ അവസ്ഥയിലാണ്. അതിനാല്‍ നിര്‍മാണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ ഇതില്‍ നിന്നും പുറത്ത് കടക്കണം,’ അമിതാഭ് കാന്ത് പറഞ്ഞു.

2016 ല്‍ ലോകബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സില്‍ 160 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 35ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. 19 രാജ്യങ്ങളെ ഇക്കാലത്ത് പിന്തള്ളാന്‍ ഇന്ത്യക്ക് സാധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ 5.97 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയും രൂപയുടെ വിലയിടിവും എണ്ണ വില വര്‍ധനവും സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ വളര്‍ച്ച കരുത്തുറ്റതാണെന്നാണ് ഡി&ബിയുടെ വിലയിരുത്തല്‍. ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നേരിട്ട് സൃഷ്ടിക്കപ്പെടുമെന്നതിനാല്‍ നിക്ഷേപങ്ങള്‍ ത്വരിതപ്പെടുത്തുന്നത് ഉറപ്പാക്കേണ്ടതുണ്ടെവന്നും കമ്പനി ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News