ഡാറ്റാ സംരക്ഷണ നിയമത്തില്‍ കടുത്ത ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

ഡാറ്റാ സംരക്ഷണ നിയമത്തില്‍ കടുത്ത ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍

നിയമം സര്‍ക്കാരിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒരു പോലെ ബാധകം; വര്‍ഷാവസാനത്തോടെ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള കരട് ഡാറ്റാ സംരക്ഷണ നിയമത്തിന് കീഴില്‍ നിയമ ലംഘനം നടത്തുന്നവര്‍ക്ക് ആഗോളതലത്തില്‍ അനുവര്‍ത്തിക്കുന്ന മാതൃകയില്‍ കുറ്റം ചുമത്തുന്നതിനും കടുത്ത ശിക്ഷ നടപടികള്‍ വ്യവസ്ഥ ചെയ്യുന്നതിനുമുള്ള സാധ്യതകള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നതായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സെക്രട്ടറി അജയ് പ്രകാശ് സാഹ്നി വ്യക്തമാക്കി. ഡാറ്റാ സംരക്ഷണ നിയമം സര്‍ക്കാരിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒരു പോലെ ബാധകമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ലോകമെമ്പാടുമുള്ള സ്വകാര്യ ഡാറ്റാ നിയമനിര്‍മാണങ്ങളില്‍ ഉത്തരവാദിത്തവും ശിക്ഷയും സംബന്ധിച്ചുള്ള തത്വങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ആവശ്യകതയുടെ അടിസ്ഥാനത്തില്‍ ഇത് ഇവിടെയും നടപ്പാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇത് യാഥാര്‍ഥ്യമാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യാ ഡാറ്റാ ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അജയ് പ്രകാശ്.

‘ഡാറ്റാ സംരക്ഷണം സംബന്ധിച്ച ഏത് നിയമ നിര്‍മാണവും സാങ്കേതികമായി സംശയങ്ങള്‍ വെച്ച് പുലര്‍ത്തുന്നവയാവണം. സ്വകാര്യ കമ്പനികള്‍ക്ക് മാത്രമല്ല, സര്‍ക്കാര്‍ മേഖലയ്ക്കും ബാധകമാക്കിക്കൊണ്ട് ഇതിനെ തീര്‍ത്തും സമഗ്രമാക്കണം,’ അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാറ്റാ സ്വകാര്യതാ ലംഘനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ ഗ്ലോബല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ (ജിഡിപിആര്‍) പ്രകാരം 20 ദശലക്ഷം യൂറോയ്ക്ക് (160 കോടി രൂപ) മുകളിലാണ് പിഴ ചുമത്തുന്നത്. തൊട്ട് മുന്‍പത്തെ സാമ്പത്തിക വര്‍ഷത്തിലെ ആഗോള വിറ്റുവരവിന്റെ നാല് ശതമാനം തുക വരെ ഈടാക്കാനും ഈ നിയമപ്രകാരം സാധിക്കും.

പ്രതിദിന നിയമ ലംഘനത്തിന്റെ അടിസ്ഥാനത്തില്‍ പിഴ ശുപാര്‍ശ ചെയ്യുന്നതാണ് ഇന്ത്യയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഡാറ്റാ സംരക്ഷണ ചട്ടക്കൂട്. സ്ഥാപനങ്ങളുടെ ആഗോള വരുമാനം കൂടി കണക്കിലെടുത്താണ് നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുകയെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും തുകയോ അനുപാതമോ നിശ്ചയിച്ചിട്ടില്ല. രാജ്യത്തെ ഓരോ പൗരന്റെയും മൗലികാവകാശമാണ് സ്വകാര്യതയെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് ഡാറ്റ സംരക്ഷണ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറായിരിക്കുന്നത്. ഡാറ്റാ സംരക്ഷണ നിയമത്തിന്റെ കരട് നിലവില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായ രൂപീകരണത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്‍ സുപ്രീം കോടതി ജഡ്ജി ബി എന്‍ ശ്രീകൃഷ്ണയുടെ കീഴിലുള്ള പാനലാണ് സ്വകാര്യ ഡാറ്റാ സംരക്ഷണ നിയമനിര്‍മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തയാറാക്കിയത്. നിരവധി നിര്‍ദേശങ്ങളും ശുപാര്‍ശകളും ലഭിച്ചിട്ടുണ്ടെന്നും എല്ലാം ക്രോഡീകരിച്ചുള്ള നിയമം ഈ വര്‍ഷം അവസാനം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും സാഹ്നി വ്യക്തമാക്കി.

Comments

comments

Categories: FK News