ഹോണ്ട സിബി ഷൈന്‍ വില്‍പ്പന എഴുപത് ലക്ഷം കടന്നു

ഹോണ്ട സിബി ഷൈന്‍ വില്‍പ്പന എഴുപത് ലക്ഷം കടന്നു

ആറ് കളര്‍ ഓപ്ഷനുകളിലും മൂന്ന് വേരിയന്റുകളിലും ഹോണ്ട സിബി ഷൈന്‍ ലഭിക്കും

ന്യൂഡെല്‍ഹി : ഹോണ്ട സിബി ഷൈന്‍ മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന എഴുപത് ലക്ഷം യൂണിറ്റ് പിന്നിട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇരുചക്ര വാഹനങ്ങള്‍ക്കിടയിലാണ് ഹോണ്ടയുടെ 125 സിസി കമ്യൂട്ടര്‍ ബൈക്കിന് സ്ഥാനം. നിലവില്‍ 125 സിസി മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ 51 ശതമാനമാണ് ഹോണ്ട ഷൈന്‍ സീരീസ് മോട്ടോര്‍സൈക്കിളുകളുടെ വിപണി വിഹിതം. ഈ സെഗ്‌മെന്റില്‍ വില്‍പ്പന രണ്ട് ശതമാനം ഇടിഞ്ഞപ്പോള്‍ സിബി ഷൈന്‍ പത്ത് ശതമാനം വളര്‍ച്ചയാണ് കൈവരിച്ചതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) അറിയിച്ചു.

ഒരു ദശാബ്ദത്തിലധികമായി ഷൈന്‍ സീരീസില്‍ വിശ്വാസമര്‍പ്പിക്കുന്ന എഴുപത് ലക്ഷം ഉപയോക്താക്കള്‍ക്ക് നന്ദി അറിയിക്കുന്നതായി എച്ച്എംഎസ്‌ഐ സീനിയര്‍ വൈസ് പ്രസിഡന്റ് (സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്) യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ഗംഭീര പെര്‍ഫോമന്‍സ്, ഈക്വലൈസര്‍ സഹിതം കോംബി ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) എന്നിവയാണ് സെഗ്‌മെന്റിലെ മറ്റ് മോട്ടോര്‍സൈക്കിളുകളില്‍നിന്ന് ഷൈന്‍ മോട്ടോര്‍സൈക്കിളിനെ നമ്പര്‍ വണ്‍ ആക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2006 ല്‍ വിപണിയിലെത്തിച്ച ഹോണ്ട സിബി ഷൈന്‍ നാല് വര്‍ഷത്തിനുള്ളില്‍ 2010 ല്‍ ആദ്യ പത്ത് ലക്ഷം വില്‍പ്പന താണ്ടിയിരുന്നു. അടുത്ത നാല് വര്‍ഷത്തില്‍, 2014 ഓടെ മുപ്പത് ലക്ഷം വില്‍പ്പന പിന്നിട്ടു. അപ്പോഴേയ്ക്കും സെഗ്‌മെന്റില്‍ 33 ശതമാനം വിപണി വിഹിതം കൈവരിക്കാന്‍ സാധിച്ചു. 2017 ല്‍, അമ്പത് ലക്ഷം യൂണിറ്റ് വില്‍പ്പന നേടുന്ന ആദ്യ 125 സിസി മോട്ടോര്‍സൈക്കിളായി ഹോണ്ട സിബി ഷൈന്‍ മാറി. പിന്നീടുള്ള ഇരുപത് ലക്ഷം യൂണിറ്റ് വില്‍പ്പന ഒരു വര്‍ഷത്തിനുള്ളിലാണ് സാധ്യമാക്കിയത്. 2018 ഓഗസ്റ്റില്‍ മാത്രം ഒരു ലക്ഷത്തിലധികം സിബി ഷൈന്‍ ബൈക്കുകള്‍ വിറ്റു.

124.73 സിസി, എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഹോണ്ട സിബി ഷൈന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 7,500 ആര്‍പിഎമ്മില്‍ 10.16 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.30 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഹോണ്ട ഇക്കോ ടെക്‌നോളജി (എച്ച്ഇടി) എന്‍ജിന്‍ സവിശേഷതയാണ്. ആറ് കളര്‍ ഓപ്ഷനുകളില്‍ ഹോണ്ട സിബി ഷൈന്‍ ലഭിക്കും. വേരിയന്റുകള്‍ മൂന്നാണ്. സിബി ഷൈന്‍ (ഡ്രം ബ്രേക്കുകള്‍) വേരിയന്റിന് 57,683 രൂപയും സിബി ഷൈന്‍ (ഡിസ്‌ക് ബ്രേക്കുകള്‍) വേരിയന്റിന് 59,997 രൂപയും സിബി ഷൈന്‍ (സിബിഎസ് സഹിതം ഡിസ്‌ക് ബ്രേക്കുകള്‍) 62,903 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

Comments

comments

Categories: Auto