ആയുധ നിര്‍മാണത്തിന് സ്വകാര്യ കമ്പനികള്‍ക്കും ഇനി അനുമതിയെന്ന് പ്രതിരോധ മന്ത്രാലയം

ആയുധ നിര്‍മാണത്തിന് സ്വകാര്യ കമ്പനികള്‍ക്കും ഇനി അനുമതിയെന്ന് പ്രതിരോധ മന്ത്രാലയം

കമ്പനികളുടെ സാമ്പത്തിക ശേഷി, അനുഭവ പരിചയം, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാവും മന്ത്രാലയം കരാര്‍ ഏല്‍പ്പിക്കുക; പൊതുമേഖലാ കമ്പനികള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു ഇതുവരെ ആയുധ നിര്‍മാണ കരാറുകള്‍

ന്യൂഡെല്‍ഹി: ആയുധ നിര്‍മാണം സ്വകാര്യ കമ്പനികളെയും ഏല്‍പ്പിക്കാന്‍ നയപരമായ തിരുത്തലുകള്‍ വരുത്തി കേന്ദ്ര പ്രതിരോധ മന്ത്രാലയം. സാങ്കേതിക കൈമാറ്റ കരാറനുസരിച്ച് വിദേശ രാജ്യങ്ങളുമായി ഏര്‍പ്പെടുന്ന ധാരണ പ്രകാരം ഇന്ത്യയില്‍ ആയുധങ്ങള്‍ നിര്‍മിക്കാന്‍ സ്വകാര്യ കമ്പനികളെയും ഇനി മന്ത്രാലയത്തിന് തെരഞ്ഞെടുക്കാം. കമ്പനികളുടെ സാമ്പത്തിക ശേഷി, അനുഭവ പരിചയം, യോഗ്യതാ മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാവും മന്ത്രാലയം കരാര്‍ ഏല്‍പ്പിക്കുക. ഇതുവരെ വിദേശ ആയുധ കരാറുകളുടെ അടിസ്ഥാനത്തില്‍ തദ്ദേശീയമായി ആയുധങ്ങളും ആയുധ ഘടകങ്ങളും നിര്‍മിക്കാനുള്ള കരാറുകള്‍, നിയമം മൂലം പൊതുമേഖലാ കമ്പനികള്‍ക്ക് മാത്രം അവകാശപ്പെട്ടതായിരുന്നു. സ്വകാര്യ ആയുധ നിര്‍മാണ കമ്പനികള്‍ക്കും ഈ മേഖലയിലേക്ക് കടന്നു വരാന്‍ മടിച്ചു നില്‍ക്കുന്ന സ്വകാര്യ സംരംഭകര്‍ക്കും വലിയ അവസരമാണ് ഇതോടെ ഒരുങ്ങിയിരിക്കുന്നത്.

ആഗോള കമ്പനിയില്‍ നിന്നും സാങ്കേതിക വിദ്യ വാങ്ങിയ ശേഷം ഇന്ത്യയില്‍ നടത്തേണ്ടുന്ന ഉല്‍പ്പാദനത്തിനായി സ്വകാര്യ കമ്പനിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ഇനി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തില്‍ നിക്ഷിപ്തമായിരിക്കും. പ്രധാനമായും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡാണ് ഇത്തരം ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിരുന്നത്. കാമോവ് 226 ഹെലികോപ്റ്ററുകളുടെ കരാര്‍ അടുത്തിടെ എച്ച്എഎല്ലിന് ലഭിച്ചിരുന്നു. എന്നാല്‍ നിര്‍മാണത്തിലുണ്ടാവുന്ന കാലതാമസവും മറ്റ് സാങ്കേതിക, സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് മേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ കമ്പനികളെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ താല്‍പ്പര്യത്തിന് പിന്നില്‍.

ആയുധ കരാറുകള്‍ ലഭിക്കുന്ന സ്വകാര്യ കമ്പനി പൂര്‍ണമായും ഇന്ത്യന്‍ പൗരന്‍മാരുടെ ഉടമസ്ഥതയിലാവണമെന്നതാണ് ഇത് സംബന്ധിച്ച പ്രധാന മാനദണ്ഡം. കുറഞ്ഞത് രണ്ട് വര്‍ഷത്തെ അനുഭവ പരിചയം ആയുധ നിര്‍മാണ മേഖലയില്‍ ഉണ്ടായിരിക്കണം. ഉല്‍പ്പാദക കമ്പനി തന്നെ ആയിരിക്കണം. നിരോധിക്കപ്പെട്ടതോ കരിമ്പട്ടികയില്‍ പെടുത്തിയതോ ആയ സ്ഥാപനങ്ങള്‍ ആയിരിക്കരുത്. ഏറ്റെടുക്കുന്ന പദ്ധതിയുടെ ചെലവിന്റെ 10 ശതമാനത്തിലും താഴെയാവരുത് കമ്പനിയുടെ ലാഭം. സാമ്പത്തികമായി ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ തഴയപ്പെടും. ഏറ്റെടുക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട വ്യാവസായിക അനുമതി പത്രം ഉണ്ടായിരിക്കുകയും വേണം എന്നാണ് മാനദണ്ഡങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധത്തോടൊപ്പം ലഭിക്കുന്ന സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാക്കാന്‍ നേരിട്ടോ അല്ലാതെയോ പ്രതിരോധ മന്ത്രാലയം പണം മുടക്കും. അതിനാല്‍ സാങ്കേതിക വിദ്യാ കൈമാറ്റം അത്യധികം സുതാര്യമായിരിക്കണമെന്നും പുതിയതായി തയാറാക്കിയ മാനദണ്ഡത്തില്‍ വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനികള്‍ ആയുധ നിര്‍മാണ മേഖലയില്‍ വന്‍തോതില്‍ അവസരമൊരുക്കുന്ന നടപടിയാണെങ്കിലും, കമ്പനികളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പ്രതിസന്ധികളുണ്ടായേക്കാമെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Comments

comments

Categories: FK News