നിലവിലെ സാമ്പത്തിക സാഹചര്യം 91ലെ പ്രതിസന്ധി പോലെയല്ല: ബിമല്‍ ജലാന്‍

നിലവിലെ സാമ്പത്തിക സാഹചര്യം 91ലെ പ്രതിസന്ധി പോലെയല്ല: ബിമല്‍ ജലാന്‍

രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക ഘടകങ്ങള്‍ ശക്തമായ നിലയിലാണ്

ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ എണ്ണവില ഉയരുന്നതും, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതും മൂലധനവിപണിയില്‍ നിന്നും വിദേശഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്കും ചേര്‍ന്ന് നിലവില്‍ സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി 1991ല്‍ ബാലന്‍സ് ഓഫ് പേമെന്റില്‍(ബിഒപി) ഇന്ത്യ അനുഭവിച്ച പ്രതിസന്ധിഘട്ടം പോലെ ആശങ്ക സൃഷ്ടിക്കുന്നതല്ലെന്ന് റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ ബിമല്‍ ജലാന്‍. നിലവില്‍ ഇന്ത്യയുടെ അടിസ്ഥാന ഘടകങ്ങള്‍ മുന്‍പത്തേതിനേക്കാള്‍ ശക്തമാണെന്നതാണ് ഇതിനു കാരണം. മാത്രവുമല്ല രാജ്യത്തിന്റെ ബിഒപി കരുത്തുറ്റ നിലയിലും വിദേശ നാണയ കൈമാറ്റം ഏറ്റവും ഉയര്‍ന്ന തലത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
രൂപയുടെ മൂല്യം ഇടിയുന്നതും പുറത്തേക്കുള്ള നിക്ഷേപത്തിന്റെ ഒഴുക്കും തടയുന്നതിന്റെ ഭാഗമായി പലിശനിരക്ക് ഉയര്‍ത്താന്‍ ഒക്‌റ്റോബറില്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചിരുന്നു. കേന്ദ്ര ബാങ്കിന്റെ പണ നയ സമിതിക്ക് പണപ്പെരുപ്പം, വളര്‍ച്ച, ആഗോള സാമ്പത്തിക സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്തിന്റെ അടിസ്ഥാന സാമ്പത്തിക ഘടകങ്ങള്‍ ശക്തമാണെന്ന് മുന്‍ സാമ്പത്തിക സെക്രട്ടറിയും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ജലാന്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ‘ഇന്ത്യ എഹെഡ് 2025 ആന്‍ഡ് ബിയോണ്ട്’ എന്ന പുസ്തകത്തിലും വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രീയം, സാമ്പത്തികം, ഭരണനിര്‍വഹണം എ്ന്നീ മേഖലകളിലെല്ലാം പഴയതും പുതിയതുമായ വെല്ലുവിളികളും രാജ്യം നേരിടുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

മൂലധനവിപണിയില്‍ നിന്നും വിദേശഫണ്ടുകള്‍ പുറത്തേക്കൊഴുകുന്നത് മുന്‍ കാലങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് ജലാന്‍ ചൂണ്ടിക്കാണിക്കുന്നു. തൊണ്ണൂറുകളില്‍ ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നപ്പോള്‍ അതിനെ കൈകാര്യം ചെയ്യാന്‍ രാജ്യത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ ഈ ഔട്ട്ഫ്‌ളോ സാഹചര്യത്തെയും കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ രാജ്യത്തിന് ഇന്ന് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ പ്രുഡന്‍ഷ്യല്‍, പ്രൊവിഷനിംഗ്, കാപിറ്റലൈസേഷന്‍ നയങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ജലാന്‍ പുസ്്തകത്തില്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK News
Tags: Bimal jalan