ലയനങ്ങളിലൂടെ രണ്ട് വലിയ ബാങ്കുകളെ സൃഷ്ടിക്കാന്‍ അബുദാബി

ലയനങ്ങളിലൂടെ രണ്ട് വലിയ ബാങ്കുകളെ സൃഷ്ടിക്കാന്‍ അബുദാബി

പുതിയ ബാങ്കുകളെ മാനേജ് ചെയ്യുന്നതിനായി ഒരു ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കാനും അബുദാബി പദ്ധതിയിടുന്നു

അബുദാബി: കീഴിലുള്ള മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് വലിയ രണ്ട് ബാങ്കുകളെ സൃഷ്ടിക്കാന്‍ അബുദാബി ഒരുങ്ങുന്നു. സര്‍ക്കാരിന്റെ പദ്ധതി അനുസരിച്ച് യൂണിയന്‍ നാഷണല്‍ ബാങ്ക്(യുഎന്‍ബി) പിജെഎസ്‌സിയെ അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്(എഡിസിബി) പിജെഎസ്‌സി ഏറ്റെടുക്കും. ഇരുബാങ്കകളുടെയും ഇസ്ലാമിക് ഡിവിഷനുകള്‍ ലയിച്ച് സ്വകാര്യ ബാങ്കായ അല്‍ ഹിലാല്‍ ബാങ്കിനെ ഏറ്റെടുക്കാനാണ് പദ്ധതി.

കഴിഞ്ഞ വര്‍ഷം രണ്ട് വലിയ ബാങ്കുകളെ ലയിപ്പിച്ച ശേഷം അബുദാബി നടത്തുന്ന സുപ്രധാനമായ നീക്കമാണിത്. പുതിയ ബാങ്കുകളെ മാനേജ് ചെയ്യുന്നതിനായി ഒരു ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കാനും അബുദാബി പദ്ധതിയിടുന്നു.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന് ഏകദേശം 10 ബില്ല്യണ്‍ ഡോളറിന്റെ വിപണിമൂല്യമുണ്ട്. യുണൈറ്റഡ് നാഷണല്‍ ബാങ്കിന്റെ വിപണി മൂല്യം 2.9 ബില്ല്യണ്‍ ഡോളറോളം വരും.

ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ ഏറ്റവും വലിയ ബാങ്കുകളായി പുതിയ സംരംഭങ്ങള്‍ മാറും. കുറഞ്ഞ സര്‍ക്കാര്‍ ചെലവിടല്‍, സാമ്പത്തിക വളര്‍ച്ചയിലെ മന്ദത തുടങ്ങിയ കാരണങ്ങളാല്‍ ബാങ്കിംഗ് രംഗത്ത് പ്രതിസന്ധികള്‍ നേരിടുന്ന സമയത്താണ് ഇത്തരത്തിലൊരു നീക്കമെന്നത് ശ്രദ്ധേയമാണ്.

എമിറേറ്റിലെ രണ്ട് വലിയ ബാങ്കുകളായ നാഷണല്‍ ബാങ്ക് ഓഫ് അബുദാബിയും ഫസ്റ്റ് ഗള്‍ഫ് ബാങ്കും കഴിഞ്ഞ വര്‍ഷം ലയിച്ച് ഫസ്റ്റ് അബുദാബി ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ധനകാര്യസേവന സ്ഥാപനങ്ങളുടെ ഏീകകരണത്തിനാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി അബുദാബി സാക്ഷ്യം വഹിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മുബാദല ഇന്‍വെസ് കമ്പനിയും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് കൗണ്‍സിലും സഹകരണത്തിലേര്‍പ്പെട്ട് പുതിയ സോവറിന്‍ വെല്‍ത്ത് ഫണ്ടിനും രൂപം കൊടുത്തിരുന്നു. ഏകദേശം 220 ബില്ല്യണ്‍ ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ടാണത്.

ഫസ്റ്റ് അബുദാബി ബാങ്കിന്റെ ലയനം വിജയിച്ചതോടെ മേഖലയിലെ ചെറുകിട ബാങ്കുകളാണ് മല്‍സരത്തിന്റെ സമ്മര്‍ദ്ദം അനുഭവിക്കുന്നത്. ഏകീകരണത്തിലൂടെ പിടിച്ചുനില്‍ക്കാനാണ് ഇപ്പോള്‍ അവരും ശ്രമിക്കുന്നത്.

ഏകദേശം 9 ദശലക്ഷം ജനങ്ങളും 50ഓളം ബാങ്കുകളുമാണ് യുഎഇയിലുള്ളത്. സിറ്റി ഗ്രൂപ്പ്, എച്ച്എസ്ബിസി തുടങ്ങിയവയുടെ ആഭ്യന്തര ഘടകങ്ങളും ഇതില്‍ പെടും. പുതിയ വാര്‍ത്ത വന്നതോടെ യൂണിയന്‍ നാഷണല്‍ ബാങ്കിന്റെ ഓഹരിവിലയില്‍ 2.3 ശതമാനം വര്‍ധന രേഖപ്പെടുത്തി.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ 62.5 ശതമാനം ഓഹരിയും യൂണിയന്‍ നാഷണല്‍ ബാങ്കിന്റെ 50 ശതമാനം ഓഹരിയും കൈവശം വച്ചിരിക്കുന്നത് മുബാദലയാണ്.

Comments

comments

Categories: Arabia