ആപ്പിളിന്റെ വരുമാനം 20 ശതമാനം ഉയര്‍ന്നു

ആപ്പിളിന്റെ വരുമാനം 20 ശതമാനം ഉയര്‍ന്നു

രാജ്യാന്തര വില്‍പ്പന മൊത്ത വരുമാനത്തിലേക്ക് 61 ശതമാനമാണ് ആപ്പിളിന്റെ സംഭാവ

കാലിഫോര്‍ണിയ: ആപ്പിളിന്റെ വരുമാനത്തില്‍ വന്‍ വര്‍ധനവ്. ജൂലെ-സെപ്റ്റംബറില്‍ അവസാനിച്ച നാലാം പാദത്തില്‍ യുഎസ് ടെക് ഭീമന്‍മാരായ ആപ്പിളിന്റെ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 20 ശതമാനം വില്‍പ്പന വര്‍ധനവ് കൈവരിച്ചു. 62.9 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ കമ്പനിയുടെ വരുമാനം. രാജ്യാന്തര വില്‍പ്പന മൊത്ത വരുമാനത്തിലേക്ക് 61 ശതമാനമാണ് ആപ്പിളിന്റെ സംഭാവന. 19.5 ബില്യണ്‍ ഡോളറിന്റെ പ്രവര്‍ത്തന വരുമാനം നേടിയ കമ്പനി 23 ബില്യണ്‍ ഡോളറോളം ഓഹരിയുടമകള്‍ക്ക് ലാഭവിഹിതമായും ഓഹരികള്‍ തിരികെ വാങ്ങുന്നതിനുമായി നല്‍കി.

സെപ്റ്റംബറില്‍ അവസാനിച്ച നാലാം പാദം കമ്പനിയുടെ സേവനങ്ങളില്‍ നിന്നുള്ള വരുമാനം എക്കാലത്തെയും ഉയര്‍ന്ന തുകയായ പത്ത് ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ട്. മുന്‍ വര്‍ഷം 7.9 ബില്യണ്‍ ഡോളറായിരുന്നു വിവിധ സേവനങ്ങളില്‍ നിന്നും കമ്പനി നേടിയ വരുമാനം. അതായത് വരുമാനത്തില്‍ 27 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഓഹരിയില്‍ നിന്ന് 2.91 ഡോളറാണ് ആപ്പിള്‍ നേടിയത്. ഇത് മുന്‍ വര്‍ഷം ഇതേ സമയത്തേക്കാള്‍ 41 ശതമാനം കൂടുതലാണ്. ഇക്കാലയളവില്‍ പ്രതിഫലമായി നല്‍കുന്നതിന് ആകെ 90 ബില്യണ്‍ ഡോളര്‍ ആപ്പിള്‍ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

റെക്കോര്‍ഡുകള്‍ ഭേദിച്ച കമ്പനിയുടെ പാദഫലത്തില്‍ സന്തോഷമുണ്ടെന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടു ബില്യണിന്റെ ഐഒഎസ് ഉപകരണങ്ങളാണ് ആപ്പിള്‍ ഷിപ്പ് ചെയ്തതെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. ആപ്പ് സ്റ്റോറിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കമ്പനിയുടെ ചരിത്രത്തിലെ തന്നെ ശക്തമായ വരുമാനമാണ് ആപ്പിള്‍ നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു മാസത്തിനിടെ ഐഫോണ്‍, ആപ്പിള്‍ വാച്ച്, ഐപാഡ്, മാക് എന്നീ ഉല്‍പ്പന്നങ്ങളുടെ പുതിയ പതിപ്പുകള്‍ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ അടുത്തെത്തിയ സമയത്ത് പുതിയ ഉല്‍പ്പന്നങ്ങളുടെ അവതരണം വില്‍പ്പന വര്‍ധനവിനും അതുവഴി വരുമാനം തുടര്‍ന്നു വര്‍ധിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 89-93 ബില്യണ്‍ ഡോളറിനടുത്ത് വരുമാനം നേടാനാകുമെന്നാണ് ആപ്പിളിന്റെ പ്രതീക്ഷ. 8.7-8.8 ബില്യണ്‍ ഡോളറാണ് ഇക്കാലയളവില്‍ കമ്പനി പ്രതീക്ഷിക്കുന്ന പ്രവര്‍ത്തന ചെലവ്.

Comments

comments

Categories: Business & Economy
Tags: Apple