അമേരിക്ക സൗദി നയം മാറ്റുന്നു; സ്വരം കടുപ്പിക്കും

അമേരിക്ക സൗദി നയം മാറ്റുന്നു; സ്വരം കടുപ്പിക്കും
  • ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സൗദിയോട് സ്വരം കടുപ്പിക്കാന്‍ യുഎസ്
  • ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും

ജമാല്‍ ഖഷോഗ്ഗിയുടെ കൊലപാതകത്തിന് പിന്നില്‍ സൗദി അറേബ്യ തന്നെയാണെന്ന് വ്യക്തമായതോടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെതിരെ അമേരിക്ക ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ എതിര്‍പ്പ് ശക്തമായി തുടങ്ങി. സൗദിക്കുള്ളില്‍ പ്രിന്‍സ് മുഹമ്മദിന് അത്ര വലിയ പ്രതിസന്ധികളില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പല മാറ്റങ്ങളും സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തലുകളുണ്ട്.

പ്രിന്‍സ് മുഹമ്മദ് മുന്‍കൈയെടുത്ത് നടത്തിയ ആഗോള നിക്ഷേപക സംഗമത്തില്‍ നിന്ന് നിരവധി അമേരിക്കന്‍ നിക്ഷേപകര്‍ പിന്‍വാങ്ങിയതിന് പിന്നാലെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ട്രംപ് ഭരണകൂടവും സൗദിയോടുള്ള സമീപനം മാറ്റുകയാണ്. യെമെനിലെ സൗദി നയിക്കുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് രണ്ട് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നവംബറില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും നിര്‍ദേശമുണ്ട്. അമേരിക്ക ഇതുവരെ സംസാരിച്ച ഭാഷയായിരിക്കില്ല ഇനിയങ്ങോട്ടെന്ന സന്ദേശമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മാത്രമല്ല, ഖത്തറിനെ ഒറ്റപ്പെടുത്തിയ സൗദി ചേരിയുടെ നടപടിക്കെതിരെയും യുഎസ് ഒടുവില്‍ പ്രതികരിക്കാന്‍ തയാറെടുക്കുകയാണ്. എത്രയും പെട്ടെന്ന് ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് പ്രതിസന്ധി ഒഴിവാക്കണമെന്ന് സൗദിക്ക് നിര്‍ദേശം നല്‍കുന്നതിനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം 33കാരനായ സൗദി കിരീടാവകാശി പ്രിന്‍സ്് മുഹമ്മദ് അപകടകാരിയായ നേതാവായി മാറിയേക്കുമോയെന്ന ഭയം പലരിലും ഉടലെടുക്കുന്നതായാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഖ്യരാഷ്ട്രങ്ങളെയും ശത്രു രാജ്യങ്ങളെയും ഒരുപോലെ അമ്പരപ്പിക്കുന്ന വിദേശനയങ്ങളാണ് പ്രിന്‍സ് മുഹമ്മദിന്റേതെന്നാണ് പല നയതന്ത്രവിദഗ്ധരുടെയും അഭിപ്രായം.

അമേരിക്കന്‍ സമ്മര്‍ദ്ദം മാത്രമേ സൗദിയുടെ നിലപാട് മാറ്റത്തിന് വഴിവെക്കുകയുള്ളൂവെന്നാണ് പൊതുധാരണ. അതുകൊണ്ടുതന്നെയാണ് നയത്തില്‍ മാറ്റം വരുത്താന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതമായിരിക്കുന്നതും. രണ്ട് വര്‍ഷം മുമ്പാണ് സൗദിയുടെ ഭാവി ഭരണാധികാരിയെന്ന നിലയില്‍ പ്രിന്‍സ് മുഹമ്മദ് രാജ്യത്ത് പരിഷ്‌കരണനയങ്ങള്‍ക്ക് തുടക്കമിട്ടത്. അതിന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് കയ്യടിയും ലഭിച്ചു. എന്നാല്‍ സൗദിയുടെ ശക്തമായ വിമര്‍ശകനായി മാറിയ ജമാല്‍ ഖഷോഗ്ഗിയെന്ന വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റിന്റെ മരണം പ്രിന്‍സ് മുഹമ്മദിന്റെ സമാനതകളില്ലാത്ത കുതിപ്പിന് തടയിടുകയാണോ എന്നതാണ് വിദേശ മാധ്യമങ്ങളുടെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയം.

സൗദിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള മികച്ച അവസരമാണ് നിലവിലെ സാഹചര്യങ്ങള്‍ യുഎസിന് നല്‍കിയിരിക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധനായ കമ്രാന്‍ ബൊക്കാരി അഭിപ്രായപ്പെടുന്നു. എന്നാല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്രമാത്രം ഇത് ഉപയോഗപ്പെടുത്തുമെന്നത് കാണേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഖഷോഗ്ഗിയുടെ കൊലപാതകത്തില്‍ പ്രിന്‍സ് മുഹമ്മദിന് യാതൊരുവിധ പങ്കുമില്ലെന്നാണ് സൗദി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളത്. കൊലപാതകത്തെ പ്രിന്‍സ് മുഹമ്മദ് അപലപ്പിക്കുകയും ചെയ്തു. ഒക്‌റ്റോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലേക്ക് പോയ ഖഷോഗ്ഗിയെ സൗദിയില്‍ നിന്നെത്തിയ സംഘം ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് തുര്‍ക്കി അധികൃതര്‍ വ്യക്തമാക്കിയത്. തുടക്കത്തില്‍ സൗദി അറേബ്യ ഇത് ശക്തമായി നിഷേധിച്ചെങ്കിലും പിന്നീട് ഖഷോഗ്ഗി കൊല്ലപ്പെട്ടെന്ന് സമ്മതിച്ചു.

സൗദിക്കുള്ള ആയുധ വിതരണത്തിലും മറ്റും പുനര്‍വിചിന്തനം നടത്തണമെന്നാണ് അമേരിക്കയിലെ പല മുതിര്‍ന്ന രാഷ്ട്രീയനേതാക്കളും ട്രംപിനോട് ആവശ്യപ്പെടുന്നത്. പ്രിന്‍സ് മുഹമ്മദിന്റെ പരിധിയില്ലാത്ത അധികാരങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന അഭിപ്രായങ്ങള്‍ സൗദിക്കുള്ളില്‍ തന്നെ ഉയര്‍ന്നുതുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രിന്‍സ് മുഹമ്മദിന് ലോകം ചാര്‍ത്തി നല്‍കിയ പരിഷ്‌കരണ നായകനെന്ന പരിവേഷമാണ് ഒക്‌റ്റോബര്‍ രണ്ടോടെ ഇല്ലാതായതെന്നും ഇവര്‍ പരിതപിക്കുന്നു.

വിദേശനയത്തിന്റെ കാര്യത്തില്‍ തീവ്രനിലപാടുകളാണ് പ്രിന്‍സ് മുഹമ്മദ് സ്വീകരിച്ചുപോരുന്നത്. ഖത്തര്‍, കാനഡ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങളില്‍ അത് വളരെയധികം പ്രകടമായതുമാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഈ തീവ്രനയത്തില്‍ നിന്ന് സൗദി പുറകോട്ട് പോകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുണ്ട്.

വിദേശനയങ്ങളെ കുറിച്ച് കാര്യമായ അവബോധമുള്ള വ്യക്തികളെ തന്റെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രിന്‍സ് മുഹമ്മദ് തയാറായേക്കുമെന്നും സൂചനയുണ്ട്.

Comments

comments

Categories: Arabia