139 കോടി രൂപയുടെ അറ്റ ലാഭം നേടി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

139 കോടി രൂപയുടെ അറ്റ ലാഭം നേടി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ

വായ്പാ വളര്‍ച്ചയില്‍ നേരിയ വര്‍ധന രേഖപ്പെടുത്താനായി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 139 കോടി രൂപയുടെ അറ്റാദായം നേടിയതായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. കിട്ടാക്കടം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നീക്കിയിരിപ്പ് കുറഞ്ഞതാണ് ലാഭത്തില്‍ പ്രതിഫലിച്ചതെന്ന് ബാങ്ക് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 1,531 കോടി രൂപയുടെ അറ്റ നഷ്ടമാണ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ രേഖപ്പെടുത്തിയിരുന്നത്.
കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നീക്കിയിരിപ്പില്‍ 53 ശതമാനം വാര്‍ഷിക ഇടിവാണ് കഴിഞ്ഞ പാദത്തില്‍ ഉണ്ടായതെന്ന് യൂണിയന്‍ ബാങ്ക് പറയുന്നു. 1,655 കോടി രൂപയാണ് ബാങ്കിന്റെ കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നീക്കിയിരിപ്പ്. അറ്റ പലിശ വരുമാനം 75 ശതമാനം വര്‍ധിച്ച് 2,494 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 2,321 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റ പലിശ വരുമാനം.
അതേസമയം ബാങ്കിന്റെ ആസ്തി ഗുണനിലവാരത്തില്‍ ഇടിവുണ്ടായി. 15.74 ശതമാനമാണ് ബാങ്കിന്റെ നിഷ്‌ക്രിയാസ്തി അനുപാതം. 2017 സെപ്റ്റംബര്‍ പാദത്തില്‍ 12.35 ശതമാനമായിരുന്നു ബാങ്കിന്റെ എന്‍പിഎ അനുപാതം. അറ്റ എന്‍പിഎ കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 6.70 ശതമാനത്തില്‍ നിന്നും 8.42 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ വര്‍ഷം ജൂണ്‍ പാദത്തെ (8.7 ശതമാനം) അപേക്ഷിച്ച് അറ്റ എന്‍പിഎ കുറവാണ്. ഐഎല്‍ & എഫ്എസില്‍ നിന്നും 1,100 കോടി രൂപയുടെ കുടിശ്ശികയാണ് കിട്ടാനുള്ളതെന്നും ബാങ്ക് അറിയിച്ചു.
വായ്പാ വളര്‍ച്ചയില്‍ നേരിയ വര്‍ധന രേഖപ്പെടുത്താന്‍ സെപ്റ്റംബര്‍ പാദത്തില്‍ യൂണിയന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. 2.8 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധനയാണ് വായ്പയിലുണ്ടായത്. 3,18,563 കോടി രൂപയുടെ വായ്പയാണ് ഇക്കാലയളവില്‍ ബാങ്ക് അനുവദിച്ചത്. നിക്ഷേപം 3.41 ശതമാനം വര്‍ധിച്ച് 3,86,025 കോടി രൂപയിലെത്തിയതായും ബാങ്ക് റിപ്പോര്‍ട്ട് ചെയ്തു.

Comments

comments

Categories: Banking