ശ്രീലങ്കയില്‍ പിടിമുറുക്കുന്ന ചൈന

ശ്രീലങ്കയില്‍ പിടിമുറുക്കുന്ന ചൈന

തീര്‍ത്തും അധാര്‍മികതയിലൂന്നി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയെ പുറത്താക്കാന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തുനിഞ്ഞത് ലങ്കയുടെ സ്വസ്ഥത വീണ്ടും കെടുത്തുകയാണ്. അപക്വവും ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തതുമായ നീക്കമായി പോയി ഇത്

മാലദ്വീപില്‍ അബ്ദുള്ള യമീന് ഭരണം നഷ്ടമായതോടെ ചൈനയ്ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. ചൈനയുടെ നവകൊളോണിയല്‍ അധിനിവേശത്തിന് അനുസൃതമായി ചരിക്കുന്നതായിരുന്നു യമീന്റെ ഭരണം. എന്നാല്‍ ജനങ്ങള്‍ അതിന് തക്കമറുപടി നല്‍കിയപ്പോള്‍ അടി കിട്ടിയത് ചൈനയ്ക്ക് കൂടിയായിരുന്നു. ആ തിരിച്ചടി മാറ്റാന്‍ കമ്യൂണിസ്റ്റ് ചൈനയ്ക്ക് പുതിയഅവസരമൊരുക്കിയിരിക്കുകയാണ് ശ്രീലങ്കയിലെ ചില നിക്ഷിപ്ത ഭരണാധികാരികള്‍.

രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയതാകട്ടെ ലങ്കയുടെ പ്രസിഡന്റ് മൈത്രിപാല സിരിസേന തന്നെയാണെന്നതാണ് വൈരുദ്ധ്യം. പ്രധാനമന്ത്രിപദത്തിലുള്ള റനില്‍ വിക്രമസിംഗയെ യാതൊരുവിധ മുന്നറിയിപ്പുകളുമില്ലാതെ പുറത്താക്കി പകരം ആ സ്ഥാനത്ത് മുന്‍ പ്രസിഡന്റും കടുത്ത ചൈന വിധേയത്വമുള്ള നേതാവുമായ മഹിന്ദ രജപക്ഷയെ നിയമിച്ച സാഹസമാണ് സിരിസേന കാണിച്ചത്.

തീര്‍ത്തും ഭരണഘടനാ വിരുദ്ധമായ നടപടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. നിലവിലെ ഐക്യസര്‍ക്കാര്‍ ഇന്ത്യയോട് അനുഭാവപൂര്‍ണമായ നിലപാടായിരുന്നു സ്വീകരിച്ചുപോന്നത്. എന്നാല്‍ രജപക്ഷെയെ അധികാരത്തില്‍ വാഴിക്കാനാണ് ലങ്ക തീരുമാനിക്കുന്നതെങ്കില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാനാണ് സാധ്യത.

വികസ്വര രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിവിട്ട് സൈനിക, രാഷ്ട്രീയ, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ചൈനയുടെ അധിനിവേശ, ഫാസിസ്റ്റ് നയങ്ങള്‍ക്ക് കുടപിടിക്കുന്ന ശൈലിയാണ് രജപക്ഷയുടേത്. നിലവിലെ ആശയക്കുഴപ്പങ്ങള്‍ ശ്രീലങ്കയെ മറ്റൊരു കലാപത്തിലേക്ക് തള്ളിവിടാതിരുന്നതാല്‍ മതിയെന്നാണ് മനുഷ്യസ്‌നേഹികള്‍ പ്രാര്‍ത്ഥിക്കുന്നത്.

തന്നെ പുറത്താക്കിയെങ്കിലും ഇതുവരെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയോ ഓഫീസോ ഒഴിയാന്‍ വിക്രമസിംഗെ തയാറായിട്ടില്ല. നവംബര്‍ 16 വരെ പാര്‍ലമെന്റ് നിര്‍ത്തിവെച്ച് രജപക്ഷെക്ക് കുതിരകച്ചവടത്തിനുള്ള അവസരവും നല്‍കിയിട്ടുണ്ട് പ്രസിഡന്റ്. വിക്രമസിംഗയെ പുറത്താക്കിയത് ശ്രീലങ്കയുടെ പത്തൊമ്പതാം ഭരണഘടനാ ഭേദഗതിയുടെ ലംഘനമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നവംബര്‍ രണ്ടാം വാരത്തോടുകൂടിയേ ഏത് ദിശയിലായിരിക്കും ശ്രീലങ്കയുടെ ഭരണം എന്നതിന് വ്യക്തത കൈവരികയുള്ളൂ. വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിക്ക് 106 പേരുടെ പിന്തുണയാണണ് പാര്‍ലമെന്റിലുള്ളത്. രജപക്ഷെയുടെ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിക്കും സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിനും കൂടി ആകയെുള്ളത് 95 സീറ്റുകളാണ്. ഈ കണക്കുകള്‍ തന്നെ കളിയിലെ പൊരുത്തക്കേടുകള്‍ വിളിച്ചോതുന്നുണ്ട്.

സ്പീക്കര്‍ കരു ജയസൂര്യയാകട്ടെ സിരിസേനയുടെ നപടിയെ ചോദ്യം ചെയ്യുക പോലുമുണ്ടായി. പാര്‍ലമെന്റിലൂടെ തന്നെ ഈ പ്രശ്‌നത്തിന് സമവായം ഉണ്ടാക്കിയില്ലെങ്കില്‍ കടുത്ത രക്ത ചൊരിച്ചിലിലേക്ക് ലങ്ക വീഴുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ലങ്കയെ വലിയ കടത്തിലേക്ക് തള്ളിവിടുന്ന രീതിയിലുള്ള നയങ്ങളാണ് രജപക്ഷം പിന്തുടരുക. അതാണ് അദ്ദേഹത്തിന്റെ മുന്‍ഭരണകാലം പ്രതിഫലിപ്പിക്കുന്നത്. ചൈനയുമായുള്ള ഇടപാടുകള്‍ തന്നെയാണ് അതിന് ഉദാഹരണം. ഹംബന്‍ടോട്ട തുറമുഖത്തിന്റെ നിയന്ത്രണാധികാരം ചൈനയ്ക്ക് ലഭിച്ചതെല്ലാം ഇന്ന് ചൈനയുടെ സാമ്പത്തിക അധിനിവേശത്തിന് ഉദാഹരണങ്ങളായി നിരവധി ഗവേഷക സ്ഥാപനങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

ലങ്കയിലെ പ്രശ്‌നങ്ങളില്‍ ഇന്ത്യ ഇതുവരെ പക്ഷം ചേരുന്ന തരത്തിലുള്ള കാര്യമായ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. എന്തായാലും രജപക്ഷെ അധികാരത്തിലേറുന്നതല്ല ഇന്ത്യ ഒരിക്കലും ആഗ്രഹിക്കുന്നത്. അതിനോടൊപ്പം തന്നെ ഈ രാഷ്ട്രീയ അസ്വസ്ഥതകള്‍ തെരുവിലേക്ക് നീങ്ങിയാല്‍ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ പെട്ട് നടുവൊടിഞ്ഞ ലങ്കയെ സംബന്ധിച്ചിടത്തോളം അത് കടുത്ത രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. പക്വതയോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് സാധിക്കട്ടെ.

Comments

comments

Categories: Editorial, Slider