സൂക്ഷ്മകൃഷി ഇന്ത്യന്‍ കാര്‍ഷികരംഗത്തിന് നേട്ടമാകും

സൂക്ഷ്മകൃഷി ഇന്ത്യന്‍ കാര്‍ഷികരംഗത്തിന് നേട്ടമാകും

സമീപകാലത്ത് ഇന്ത്യന്‍ കാര്‍ഷിക രംഗം നേരിടുന്ന വെല്ലുവിളികള്‍ക്കും തിരിച്ചടികള്‍ക്കും മികച്ച മറുപടിയാണ് പ്രിസിഷന്‍ ഫാമിംഗെന്നറിയപ്പെടുന്ന സൂക്ഷ്മ കൃഷി. കൃഷിഭൂമിയുടെ വിസ്തൃതി കുറയുകയും തൊഴിലാളികളെ ലഭിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യുന്ന കാലത്ത് ജിപിഎസ് സംവിധാനവും ആളില്ലാ ചെറു വിമാനങ്ങളും വിതക്കുന്നത് മുതല്‍ കൊയ്യുന്നത് വരെയുള്ള മേഖലകളില്‍ സഹായകരമാവുന്ന സാങ്കേതിക ഉപകരണങ്ങളും ചേര്‍ന്നുള്ള അത്യാധുനിക കൃഷിരീതി ചെറുകിട കര്‍ഷകര്‍ക്ക് ഏറെ ആശ്വാസദായകവും ഒപ്പം ആദായവര്‍ധകവും ആവും.

അനില്‍ കെ രാജ്‌വംശി

കാര്‍ഷിക രംഗം പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്നത് ഇന്ത്യയെ സംബന്ധിച്ച് അലോസരപ്പെടുത്തുന്ന സമീപകാല യാഥാര്‍ത്ഥ്യമാണ്. ഗ്രാമങ്ങളായ ഗ്രാമങ്ങളിലെല്ലാം തങ്ങളുടെ ഭൂമി വില്‍ക്കാനും ഉപജീവന മാര്‍ഗമായ കൃഷിയില്‍ നിന്ന് പിന്‍മാറാനുമാണ് കര്‍ഷകര്‍ ശ്രമിക്കുന്നത്.

ധനസഹായങ്ങളുടെ അഭാവം, അശാസ്ത്രീയമായ രീതിയിലുള്ള കാര്‍ഷിക നിക്ഷേപങ്ങള്‍, കാര്‍ഷികോല്‍പ്പന്നങ്ങളുടെ മോശം താങ്ങുവില ഘടന, കാര്‍ഷിക ഇന്‍ഷുറന്‍സിന്റെ പരിമിതികള്‍ എന്നിവയാണ് കൃഷി ലാഭകരമല്ലെന്ന് ചിന്തിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കുന്നതും കൂടുതല്‍ കടങ്ങളിലേക്ക് അവരെ നയിക്കുന്നതുമായ പ്രധാന കാരണങ്ങള്‍. യന്ത്രവല്‍ക്കരണം ഇല്ലെങ്കില്‍, കൃഷി ബുദ്ധിമുട്ടേറിയതും നടുവൊടിക്കുന്നതുമായ പ്രവര്‍ത്തനം തന്നെയാണ്. മിക്ക കര്‍ഷകരുടെയും മക്കള്‍ കാര്‍ഷിക പാരമ്പര്യങ്ങള്‍ ഉപേക്ഷിച്ച് മറ്റു മേഖലയിലുള്ള തൊഴിലുകള്‍ തേടിയതിനും ഇതാണ് കാരണം. കര്‍ഷകര്‍ക്കാകട്ടെ കൃഷിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനം വന്‍കിട കെട്ടിട നിര്‍മാതാക്കള്‍ക്കും ഫാക്റ്ററികള്‍, മാളുകള്‍ എന്നിവയ്ക്കായും തങ്ങളുടെ ഭൂമി വില്‍ക്കുന്നതിലൂടെ ലഭിച്ചു. ഇത് രാജ്യത്തെ കൃഷിഭൂമി വീണ്ടും ചുരുങ്ങാന്‍ ഇടയാക്കി. അതിനാല്‍ത്തന്നെ, ഉല്‍പ്പാദനക്ഷത വര്‍ധിപ്പിക്കുന്നതിനായുള്ള സാങ്കേതികവിദ്യയുടെ സഹായം അത്യാവശ്യമായി വരുന്നു. 130 കോടിക്ക് മുകളിലേക്ക് കുതിക്കുന്ന രാജ്യത്തെ ജനതയെ തീറ്റിപ്പോറ്റാന്‍ ഇത്തരം മുന്നേറ്റങ്ങള്‍ കൊണ്ടേ സാധിക്കൂ.

കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഉല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യയെങ്കിലും മറ്റ് രാജ്യങ്ങളിലെ കൃഷിയിടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ശരാശരി 33 ശതമാനം ഉല്‍പ്പാദനക്ഷമത മാത്രമാണുള്ളത്. ഈ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ, ചുരുക്കം തൊഴിലാളികളെ വച്ച് ഇതേ അളവിലുള്ള ഭൂമിയില്‍ നിന്നും കൂടുതല്‍ വരുമാനം നേടാന്‍ കര്‍ഷകര്‍ക്ക് സാധിക്കൂ. സൂക്ഷ്മകൃഷി (Precision agriculture) ഈ ലക്ഷ്യം നേടുന്നതിനുള്ള ഒരു മാര്‍ഗമായി വര്‍ത്തിക്കും. ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിളവ് പരമാവധിയാക്കാനുമായി ശരിയായ സമയത്ത്, ജലം, വളം, കീടനാശിനികള്‍, തുടങ്ങിയ ഘടകങ്ങള്‍ കൃത്യമായും സൂക്ഷ്മമായും പ്രയോഗിച്ച് കൃഷി ചെയ്യുന്നതിനെയാണ് സൂക്ഷ്മകൃഷി എന്ന് പറയുന്നത്.

ഗ്ലോബല്‍ പൊസിഷനിംഗ് സാറ്റലൈറ്റ് (ജിപിഎസ്) സംവിധാനം ഉപയോഗിച്ച് കൃഷിയിടങ്ങളുടെ സൂക്ഷ്മമായ മാപ്പിംഗ് നടത്തുന്ന യുഎസ്, യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഈ കൃഷിരീതി ആവിര്‍ഭവിച്ചത്. വിളയുടെ അവസ്ഥയെ കുറിച്ചും, കൃഷിയിടത്തിന്റെ ഏത് ഭാഗത്താണ് ജലം, കീടനാശിനി, വളം എന്നിവയുടെ ആവശ്യമുള്ളത് എന്നതടക്കമുള്ള വിവരങ്ങളും ജിപിഎസ് സംവിധാനം കര്‍ഷകര്‍ക്ക് യഥാസമയം നല്‍കുന്നു. വിളകള്‍ക്ക് ആവശ്യമായ ജലവും വളവും കൃത്യമായി ലഭിക്കുന്നതിനുള്ള തുള്ളിനന പോലെയുള്ള സങ്കേതങ്ങളും, വിത്ത് വിതക്കുന്നതിനും കളപറിക്കുന്നതിനും വെള്ളം തേവുന്നതിനും വിളവെടുക്കുന്നതിനുമെല്ലാം യന്ത്രസംവിധാനങ്ങളുടെ ഉപയോഗവുമെല്ലാം ഇതില്‍ ഉള്‍ക്കൊള്ളുന്നു. വമ്പന്‍ കാര്‍ഷികോപകരണങ്ങള്‍ ഗണ്യമായ തോതില്‍ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ചെറുകിട കര്‍ഷകരെ സംബന്ധിച്ച് പലപ്പോഴും ഈ ചെലവ് താങ്ങാന്‍ പറ്റുന്നതല്ല.

റോബോട്ടുകളുടെയും സ്വയം നിയന്ത്രിത കാര്‍ഷികോപകരണങ്ങളുടെയും സഹായത്തോടെ (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നും അറിയപ്പെടും) സൂക്ഷ്മകൃഷി, ചെറുകിട കൃഷിയിടങ്ങളില്‍ മികച്ച പരിവര്‍ത്തനങ്ങളുണ്ടാക്കും. കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നും കൃഷിയിടങ്ങളില്‍ തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി, കംപ്രസ്ഡ് ബയോഗ്യാസ്, ജൈവ ഇന്ധനങ്ങള്‍ തുടങ്ങിയ പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകള്‍ ഉപയോഗിച്ചും ഇവ പ്രവര്‍ത്തിപ്പിക്കാം. മണ്ണിന് കൂടുതല്‍ ഇളക്കം തട്ടാതെ വര്‍ഷങ്ങളോളം കൃഷി ചെയ്യാനുള്ള സൗകര്യം, കള നശീകരണം, വിളവെടുക്കല്‍, തുടങ്ങി ഇന്ത്യയിലെ ചെറുകിട കൃഷിയിടങ്ങളെ സംബന്ധിച്ച് അനുയോജ്യമായ കാര്‍ഷിക പ്രവര്‍ത്തനങ്ങളെല്ലാം ചെയ്യാന്‍ സ്വയം നിയന്ത്രിത കാര്‍ഷികോപകരണ സംവിധാനങ്ങള്‍ക്ക് ശേഷിയുണ്ട്.

സമാനമായി, വിളകള്‍ക്കുള്ള കീടനാശിനി പ്രയോഗങ്ങള്‍ക്കായി യുഎസിലും ജപ്പാനിലും ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മിക്കവാറും റോബോട്ടുകളും ഡ്രോണുകളും വലിപ്പത്തില്‍ ചെറുതും ചെറുകിട കൃഷിയിടങ്ങളിലെ ഉപയോഗത്തിന് ഉതകുന്നതുമാണ്. യുഎസിലും മറ്റ് രാജ്യങ്ങളിലും സൂക്ഷ്മകൃഷിയുടെ പ്രയോഗം ഉല്‍പ്പാദനക്ഷമതയിലെ ശക്തമായ മുന്നേറ്റം, കൃഷിച്ചെലവ് കുറയ്ക്കല്‍, കര്‍ഷകരുടെ വരുമാന വര്‍ധന എന്നിവയ്ക്ക് കാരണമായിട്ടുണ്ട്. ജലത്തിന്റെ അമിതോപയോഗം നിയന്ത്രിക്കാനും മണ്ണിന് കൂടുതല്‍ ഇളക്കം തട്ടാത്ത തരത്തിലുള്ള കൃഷിയിലൂടെ ഭൂമിയുടെ നിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിച്ചു.

ഗ്രാമീണമേഖലയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ഏജന്‍സികളിലേക്ക് സൂക്ഷ്മകൃഷിയുടെയും യന്ത്രവല്‍ക്കരണത്തിന്റെയും വിമര്‍ശകര്‍ കണ്ണോടിക്കണം. കീടനാശിനികളും മറ്റും തളിക്കുന്നതിനുള്ള ഡ്രോണുകള്‍, യന്ത്രവല്‍കൃത വിളവെടുപ്പ് ഉപകരണങ്ങള്‍, തുള്ളി നനയ്ക്കുള്ള സംവിധാനങ്ങള്‍ എന്നിവ ഈ കമ്പനികളോ സ്ഥാപനങ്ങളോ വാടകയ്ക്ക് നല്‍കുന്നു. ഈ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെയും അവര്‍ ലഭ്യമാക്കുന്നു.

ഇത്തരത്തില്‍ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സംവിധാനം വളരെ ചുരുങ്ങിയ തോതില്‍ മാത്രമേ ഇന്ത്യയില്‍ നിവലില്‍ ഉള്ളൂ. ഏതാനും ഏജന്‍സികള്‍, ഗോതമ്പ് വിളവെടുക്കാനും കീടനാശിനി പ്രയോഗത്തിനും കര്‍ഷകരെ സഹായിക്കാറുണ്ട്. മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഇവര്‍ കര്‍ഷകരില്‍ നിന്ന് അതിനുള്ള ചാര്‍ജ് ഈടാക്കുന്നത്. കര്‍ഷകത്തൊഴിലാളികളെ കൃഷിപ്പണിക്ക് ലഭ്യമാകാത്ത സാഹചര്യത്തില്‍ ഈ ആശയം ലാഭകരവും ആകര്‍ഷകവുമാണെന്ന് കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പശ്ചിമ മഹാരാഷ്ട്രയില്‍ നിരവധി കര്‍ഷകര്‍ ഇത്തരം ഏജന്‍സികള്‍ മുന്നോട്ടുവെക്കുന്ന യന്ത്രവല്‍ക്കരണത്തെ ആശ്രയിക്കുന്നുണ്ട്.

ആവശ്യകതകള്‍ ഉയരുന്നതോടെ ഇത്തരം ലീസിംഗ് കമ്പനികളുടെ എണ്ണവും വര്‍ധിക്കുകയും അതോടൊപ്പം സൂക്ഷ്മകൃഷി വികസിക്കുകയും വര്‍ധിക്കുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. വരും ദിനങ്ങളില്‍ ഈ വാടക കമ്പനികള്‍, ആവശ്യമായ ഉപദേശങ്ങളും തൊഴില്‍ശക്തിയും സൂക്ഷ്മകൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പ്രദാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ കാര്‍ഷികരംഗത്തിന്റെ നട്ടെല്ലായി മാറും. പരമ്പരാഗത കൃഷിക്ക് യഥാസമയമുള്ള തൊഴിലാളി ലഭ്യതയും ജലവും വളവും ആവശ്യമാണ്. പ്രവചനാതീതമായ ഇക്കാര്യങ്ങളില്‍ സൂക്ഷ്മകൃഷി രീതിക്ക് സഹായിക്കാന്‍ സാധിക്കും.

വിവിധ സാങ്കേതിക ഘടകങ്ങള്‍ വികസിപ്പിക്കുന്നതിനായി എന്‍ജിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, കൃഷിതന്ത്രജ്ഞര്‍ എന്നിവരുടെ വലിയ സ്രോതസ് സൃഷ്ടിക്കുക എന്നതാണ് സൂക്ഷ്മകൃഷി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആവശ്യമായ ഏറ്റവും പ്രധാന ഘടകം. മികച്ച തൊഴില്‍ശക്തിയും അനന്തരഫലമായി മികച്ച ഗവേഷണ വികസനവും ഇല്ലെങ്കില്‍ സൂക്ഷ്മകൃഷി നേട്ടം കൈവരിക്കില്ല.

സൂക്ഷ്മകൃഷിക്കായി റോബോട്ടുകളും ഡ്രോണുകളും രൂപകല്‍പ്പന ചെയ്യാന്‍ ഐഐടികളും എന്‍ഐടികളും പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ മികച്ച എന്‍ജിനീയര്‍മാരെ ആവശ്യമാണ്. അഗ്രിക്കള്‍ച്ചറല്‍ മെക്കാട്രോണിക്‌സ് അല്ലെങ്കില്‍ റോബോട്ടിക്‌സ് എന്നുവിളിക്കാവുന്ന, എന്‍ജിനീയറിംഗിന്റെ ഒരു പുതിയ ശാഖ സ്ഥാപിക്കുക വഴി ഇത് എളുപ്പമാക്കാം. സൂക്ഷ്മകൃഷിക്കായി സ്മാര്‍ട്ട് സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ എന്‍ജിനീയറിംഗിന്റെ ഏതാണ്ട് എല്ലാ ശാഖകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം സഹകരിക്കാനും സാധിക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റ്റ്റിയൂട്ട്‌സില്‍ നിന്നുള്ള ഗവേഷകര്‍, അക്കാദമിക ലോകത്ത് നിന്നുള്ള എന്‍ജിനീയര്‍മാര്‍, വ്യവസായ രംഗം, കര്‍ഷകര്‍ എന്നിവരെല്ലാം സൂക്ഷ്മകൃഷി വികസിപ്പിക്കുന്നതിനായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് മുന്നോട്ടുള്ള മറ്റൊരു വഴി. വ്യവസായ രംഗത്തിന് ഉകരണങ്ങള്‍ വികസിപ്പിക്കാനും ലീസിംഗ് ഏജന്‍സികള്‍ സ്ഥാപിക്കാനും കഴിയും. കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതിലേക്കും, അഗ്രിക്കള്‍ച്ചറല്‍ മെക്കാട്രോണിക്‌സ് വിഭാഗത്തിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ചേരുന്നതിലേക്കും ഇത് നയിക്കും.

വ്യാവസായിക കോര്‍പ്പറേറ്റ് റെസ്‌പോണ്‍സിബിറ്റിക്കുള്ള (സിഎസ്ആര്‍) വേദിയും സൂക്ഷ്മകൃഷി ഉറപ്പു നല്‍കും. ഇന്ത്യയുടെ ഗ്രാമീണ മേഖലയിലുള്ള പാവപ്പെട്ട വിഭാഗങ്ങളുടെ ജീവിതനിലവാരം അത്യാധുനിക കാര്‍ഷിക സംവിധാനങ്ങള്‍ വഴി ഉയര്‍ത്തുന്നത് ഒരു സിഎസ്ആര്‍ പ്രവര്‍ത്തനമായി നിര്‍വഹിക്കാം. മൃദു വായ്പകളും ധനസഹായങ്ങളും നല്‍കുക വഴി സര്‍ക്കാരിനും ഈ മാര്‍ഗം സുഗമമാക്കാം.

ഇന്ത്യയില്‍ അടുത്ത ഹരിത വിപ്ലവം കൊണ്ടുവരാനും, സുസ്ഥിരവും പാരിസ്ഥിതികമായി ആരോഗ്യമുള്ളതുമായ മഹത്തായ ഗ്രാമീണ സമ്പത്ത് സൃഷ്ടിക്കാനും അത്യാധുനിക സൂക്ഷ്മകൃഷി സഹായിക്കും. ഭക്ഷണം, ഇന്ധനം (കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നുള്ളത്) ഭൂമിയില്‍ നിന്നുള്ള സമ്പത്ത് എന്നിവയുടെ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ കര്‍ഷകരും കൃഷിഭൂമികളുമാണ് ഏതൊരു രാജ്യത്തിന്റെയും നട്ടെല്ല്. സമൂഹമൊന്നാകെ അവരെ സഹായിക്കാന്‍ മുന്നോട്ടു വരണം. ഇത്തരത്തില്‍ ശരിയായ ദിശയിലേക്കുള്ള ഒരു പടിയാണ് സൂക്ഷ്മകൃഷി വികസനം.

(മഹാരാഷ്ട്രയിലെ ഫാള്‍ട്ടനില്‍ നിംബ്കര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്റ്ററാണ് ലേഖകന്‍)

കടപ്പാട്: ഐഎഎന്‍എസ്

Comments

comments

Categories: FK Special, Slider