18,000 കോടിയുടെ അധിക ബജറ്റ് സഹായം തേടി റെയ്ല്‍വേ

18,000 കോടിയുടെ അധിക ബജറ്റ് സഹായം തേടി റെയ്ല്‍വേ

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയ്ല്‍ പദ്ധതിക്കും പടിഞ്ഞാറന്‍ ചരക്ക് ഇടനാഴിക്കും വേണ്ടിയാണ് അധിക ബജറ്റ് തുക ആവശ്യമായി വന്നിരിക്കുന്നത്

ന്യൂഡെല്‍ഹി: നിലവിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികളുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് മൊത്ത ബജറ്റ് സഹായത്തില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം 18,000 കോടി രൂപയുടെ അധിക സഹായം ആവശ്യപ്പെടാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ. ധനമന്ത്രാലയത്തിന്റെ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഈ മാസം പകുതിയോടെ ചേരാനിരിക്കുന്ന യോഗത്തില്‍ റെയ്ല്‍വേ ആവശ്യം ഉന്നയിച്ചേക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റേയും വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്റേയും പരിഷ്‌കരിച്ച ചെലവ് കണക്കുകള്‍ തയാറാക്കുന്നതിനുവേണ്ടിയാണ് യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

53,060 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റില്‍ റെയ്ല്‍വേക്കായി നീക്കിവച്ചിരുന്നത്. 1.46 ലക്ഷം കോടി രൂപയുടെ വാര്‍ഷിക മൂലധന ചെലവിന്റെ 40 ശതമാനം മാത്രമേ സെപ്റ്റംബര്‍ അവസാനം വരെ റെയ്ല്‍വേ ഉപയോഗപ്പെടുത്തിയിട്ടുള്ളെന്നിരിക്കെയാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ബജറ്റ് തുകയുടെ 60 ശതമാനം ഇതിനകം റെയ്ല്‍വേ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് അവസാനത്തെ കണക്കുകള്‍ പ്രകാരം മൂലധനത്തില്‍ നിന്ന് 50,700 കോടി രൂപയുടെ മൂലധനമാണ് ചെലവഴിച്ചത്. വജറ്റ് വകയിരുത്തല്‍, ബജറ്റിന് പുറമെയുള്ള ധന സോത്രസ്സുകള്‍, ആഭ്യന്തര സോത്രസ്സുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് റെയ്ല്‍വേയുടെ മൊത്തം മൂലധന ചെലവിടല്‍.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.31 ലക്ഷം കോടിയുടെ പ്രാരംഭ വിലയിരുത്തലില്‍ നിന്നും 1.2 ലക്ഷം കോടിയിലേക്ക് മൂലധന ചെലവിടല്‍ കുറച്ചിരുന്നു. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയ്ല്‍ പദ്ധതിക്കും പടിഞ്ഞാറന്‍ ചരക്ക് ഇടനാഴിക്കും വേണ്ടിയാണ് അധിക ബജറ്റ് തുക ആവശ്യമായി വന്നിരിക്കുന്നത്. യഥാക്രമം 8,000 കോടി രൂപയും 6,000 കോടി രൂപയുമാണ് ഇരു പദ്ധതികള്‍ക്കുമായി റെയ്ല്‍വേ ആവശ്യപ്പെടുന്നത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയില്‍ (ജെഐസിഎ) നിന്നുള്ള വായ്പയിലൂടെയാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്. പണമിടപാടുകാരുടെ പരമാധികാര സംരക്ഷണത്തിനായി ബഹുരാഷ്ട്ര വായ്പകള്‍ കേന്ദ്ര ബജറ്റ് വഴിയാണ് വഴിതിരിച്ച് വിടുന്നത്.

Comments

comments

Categories: FK News
Tags: railway