ഊര്‍ജ മേഖലയിലെ ലയന സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍

ഊര്‍ജ മേഖലയിലെ ലയന സാധ്യതകള്‍ തേടി കേന്ദ്ര സര്‍ക്കാര്‍

ഓഹരി വില്‍പ്പന വഴി നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 80,000 കോടി രൂപയുടെ ധനസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

ന്യൂഡെല്‍ഹി: ഊര്‍ജ മേഖലയില്‍ കുറഞ്ഞത് രണ്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയെങ്കിലും ലയനം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റൊഴിയല്‍ വഴി ലക്ഷ്യമിടുന്ന ധനസമാഹരണം സാധ്യമാക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. ഇതിന്റെ ഭാഗമായി വൈദ്യുതി വിതരണ കമ്പനിയായ എന്‍ടിപിസി ലിമിറ്റഡും ഹൈഡ്രോപവര്‍ കമ്പനിയായ എസ്‌ജെവിഎന്നും തമ്മിലുള്ള ലയനത്തിനുളള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എസ്‌ജെവിഎന്‍ ഏറ്റെടുക്കുന്നതിന് എന്‍ടിപിസി ഇതിനകം താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എസ്‌ജെവിഎന്നില്‍ 63.79 ശതമാനം ഓഹരി അവകാശമാണ് സര്‍ക്കാരിനുള്ളത്. മറ്റ് ചില ബ്ലൂചിപ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളും ചെറുകിട പൊതുമേഖലാ കമ്പനികളെ ഏറ്റെടുക്കുന്നതില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഊര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫിനാന്‍സിംഗ് കമ്പനിയായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനും (പിഫ്‌സി)യും ആര്‍ഇസി ലിമിറ്റഡും തമ്മിലുള്ള ലയനത്തിനുള്ള സാധ്യതകളും സര്‍ക്കാര്‍ തേടുന്നുണ്ടെന്നാണ് വിവരം. പിഎഫ്‌സിയില്‍ 65.64 ശതമാനവും ആര്‍ഇസി ലിമിറ്റഡില്‍ 57.99 ശതമാനവും ഓഹരി അവകാശമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഈ രണ്ട് കരാറുകളും നടപ്പു സാമ്പത്തിക വര്‍ഷം പ്രാവര്‍ത്തികമാകുകയാണെങ്കില്‍ നിലവിലുള്ള വിപണി വിലയില്‍ ഏകദേശം 21,000 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
എന്‍എച്ച്പിസി ലിമിറ്റഡും നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡും പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള ലയനസാധ്യതകളും സര്‍ക്കാര്‍ തേടുന്നുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന വഴി നടപ്പു സാമ്പത്തിക വര്‍ഷം മൊത്തം 80,000 കോടി രൂപയുടെ ധനസമാഹരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ വെറും 10,028 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് സര്‍ക്കാര്‍ ഇതുവരെ സമാഹരിച്ചിട്ടുള്ളത്.
ജിഎസ്ടി വരുമാനം പ്രതീക്ഷിച്ച തോതിലേക്ക് ഉയരാത്തതും ചെലവിടല്‍ വര്‍ധിക്കുന്നതും മറ്റ് ധനസമാഹരണ മാര്‍ഗങ്ങള്‍ ശക്തമാക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നുണ്ട്. ബാങ്കിംഗ് മേഖലയിലും കൂടുതല്‍ ലയനനീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Comments

comments

Categories: Current Affairs
Tags: power