അപെക് മേഖലയിലെ രണ്ടാമത്തെ വലിയ ഡാറ്റ സെന്റര്‍ ഹബ്ബായി ഇന്ത്യ മാറും

അപെക് മേഖലയിലെ രണ്ടാമത്തെ വലിയ ഡാറ്റ സെന്റര്‍ ഹബ്ബായി ഇന്ത്യ മാറും

വിദേശ കമ്പനികളോട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ തദ്ദേശീയമായി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സിബിആര്‍ഇ റിപ്പോര്‍ട്ട്

ബെംഗളൂരു: അധികം വൈകാതെ ഏഷ്യ-പസഫിക് മേഖലയിലെ (അപെക്) രണ്ടാമത്തെ വലിയ ഡാറ്റ സെന്റര്‍ വിപണിയായി ഇന്ത്യ മാറുമെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സംരംഭമായി സിബിആര്‍ഇയുടെ റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ നേട്ടം രാജ്യം കൈവരിക്കുമെന്നും ഇന്ത്യന്‍ ഡാറ്റ സെന്റര്‍ വിപണിയുടെ മൂല്യം 2016ലെ 2.2 ബില്യണ്‍ ഡോളറില്‍ നിന്നും 4.5 ബില്യണ്‍ ഡോളറായി ഉയരുമെന്നുമാണ് സിബിആര്‍ഇ പറയുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കൂടുതല്‍ വിദേശ കമ്പനികളോട് ഉപഭോക്താക്കളുടെ വിവരങ്ങള്‍ തദ്ദേശീയമായി സൂക്ഷിക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സിബിആര്‍ഇ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന വിദേശ കമ്പനികള്‍ക്ക് രാജ്യത്ത് തന്നെ ഡാറ്റ സെന്ററുകള്‍ ഉണ്ടായിരിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നു. ഒക്‌റ്റോബര്‍ 15 മുതല്‍ ഇത് നടപ്പാക്കാനായിരുന്നു കേന്ദ്ര ബാങ്കിന്റെ നിര്‍ദേശം. വിസ, മാസ്റ്റര്‍ കാര്‍ഡ്, ആമസോണ്‍ എന്നിവ ഇതിനോടകം ആഭ്യന്തര ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തദ്ദേശീമായി സൂക്ഷിക്കാന്‍ ആരംഭിച്ചതായാണ് വിവരം. മറ്റ് കമ്പനികളോടും ഡാറ്റ തദ്ദേശീയമായി സൂക്ഷിക്കാന്‍ കര്‍ശനമായി ര്‍ബിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഡാറ്റ സെന്ററുകളുള്ള നഗരം മുംബൈയാണ്. 35 ഡാറ്റ സെന്ററുകളാണ് മുംബൈയിലാണ്. 27 ഡാറ്റ സെന്ററുകളുള്ള ബെംഗളൂരുവാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഡെല്‍ഹിയില്‍ 19 ഡാറ്റ സെന്ററുകളാണുള്ളത്. രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പ്രവര്‍ത്തനം ശക്തമാക്കാനാണ് കമ്പനികളുടെ ശ്രമമെങ്കിലും മുംബൈ, ചെന്നൈ തീരദേശ നഗരങ്ങളാണ് ഡാറ്റ സെന്ററുകളുടെ ഇഷ്ട കേന്ദ്രം. സമുദ്രത്തിനടിയിലൂടെയുള്ള കേബിള്‍ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ഉപയോഗപ്പെടുത്താനാകുമെന്നതാണ് ഈ നഗരങ്ങള്‍ക്കുള്ള ആകര്‍ഷണം.

വന്‍കിട ധനകാര്യ സ്ഥാപനങ്ങളും ടെലികോം കമ്പനികളും തങ്ങളുടെ വര്‍ധിച്ചുവരുന്ന ഡാറ്റ സ്റ്റോറേജ് ആവശ്യകത നിറവേറ്റുന്നതിന് മികച്ച സൗകര്യങ്ങളുള്ള ഡാറ്റ സെന്ററുകള്‍ വികസിപ്പിക്കാനാണ് സാധ്യത. ചെറുകിട-ഇടത്തരം ഉപഭോക്താക്കളുടെ ആവശ്യകതയ്ക്കനുസരിച്ച് തങ്ങളുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് ഡാറ്റ സെന്റര്‍ സര്‍വീസ് പ്രൊവൈഡര്‍മാരും നിക്ഷേപം നടത്തുമെന്നാണ് സിബിആര്‍ഇ പ്രതീക്ഷിക്കുന്നത്.

സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഡാറ്റ സെന്റര്‍ വികസിപ്പിക്കുന്നതിനുള്ള റിയല്‍റ്റി ചെലവ് വളരെ കുറവാണ്. ഡാറ്റ സെന്ററുകളുടെ അടുത്ത ഹബ്ബായി മാറാനുള്ള വലിയ സാധ്യതകളാണ് ഇന്ത്യക്കുള്ളത്. ഭൂമിയുടെ ലഭ്യത, വിദഗ്ധരായ പ്രൊഫഷണലുകള്‍, വലിയ വിപണി എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഡാറ്റ സെന്റര്‍ വിപണി സംബന്ധിച്ച വീക്ഷണം പോസിറ്റീവ് തലത്തിലാണെന്നും ഇതിനെല്ലാം പുറമെ കേന്ദ്ര സര്‍ക്കാരിന്റെ ചില നയപരിഷ്‌കരണങ്ങള്‍ വിദേശ നിക്ഷേപകരില്‍ ആവേശമുണര്‍ത്തുന്നുണ്ടെന്നും സിബിആര്‍ഇ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യന്‍ വിപണിയില്‍ വര്‍ധിച്ചുവരുന്ന താല്‍പ്പര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടേതായ പദ്ധതികള്‍ വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഡാറ്റ സെന്റര്‍ ആവശ്യകത അവസരമാക്കുന്നതിന് തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ ംസ്ഥാനങ്ങള്‍ നിരവധി ഇന്‍സെന്റീവ് സ്‌കീമുകള്‍ തയാറാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതേസമയം ഡാറ്റാ സെന്റര്‍ മേഖലയില്‍ ഇന്ത്യ നേരിട്ടേക്കാവുന്ന ചില വെല്ലുവിളികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Comments

comments

Categories: FK News
Tags: Apec

Related Articles