വര്‍ഗീയകലാപങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍മിതബുദ്ധി

വര്‍ഗീയകലാപങ്ങള്‍ അവസാനിപ്പിക്കാന്‍ നിര്‍മിതബുദ്ധി

നിര്‍മിതബുദ്ധിയുടെ സഹായത്താല്‍ മതം മനുഷ്യരില്‍ പടര്‍ത്തുന്ന ഹിംസകള്‍ക്ക് അറുതി വരുത്താന്‍ കഴിയുമെന്ന് പഠനം

യന്ത്രങ്ങളെ മനുഷ്യനു പകരമായി കാണാനാകില്ലെന്ന പാഠം പലകുറി വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനെപ്പോലെ പ്രവര്‍ത്തിക്കുന്ന റോബോട്ടിന്റെ കഥ, ഫ്രാങ്കെന്‍സ്റ്റീന്‍ എഴുതിയ മേരി ഷെല്ലി അവസാനം മനുഷ്യന്റെ കൈവിട്ടു പോകുന്ന അവസ്ഥയില്‍ യന്ത്രം അരാജകത്വവും അനിവാര്യമായ നാശവുമാകും വിതയ്ക്കുകയെന്ന് പറഞ്ഞു വെക്കുന്നുണ്ട്. ടെര്‍മിനേറ്റര്‍ പോലുള്ള ഹോളിവുഡ് ചിത്രങ്ങളും യന്തിരന്‍ പോലുള്ള ഇന്ത്യന്‍സിനിമകളും ഈ അവസ്ഥയെ ഓര്‍മിപ്പിക്കുന്നു. എന്നാല്‍ മനുഷ്യന്‍ മതത്തിന്റെ പേരില്‍ നടത്തുന്ന കലാപങ്ങളുടെ കാര്യമെടുത്താല്‍ പലപ്പോഴും മൃഗങ്ങള്‍ പോലും ലജ്ജിച്ചു തല താഴ്ത്തും. സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം അതിക്രമങ്ങള്‍ തടയാനാകുമോ എന്നാണ് ശാസ്ത്രലോകം നോക്കുന്നത്.

വിഭാഗീയചിന്താഗതികളാല്‍ നയിക്കപ്പെടുന്ന ഇത്തരം അനഭിമതപ്രവര്‍ത്തനങ്ങളെ തടയാന്‍ ഗവേഷകര്‍ ക്രിട്ടിക്കല്‍ ഇന്റലിജന്‍സ് അല്‍ഗരിതങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. വംശം, വര്‍ഗം മതം എന്നിവയെ പ്രതിനിധീകരിക്കുന്ന ആയിരക്കണക്കിന് മാതൃകകളാണ് ഇവരുടെ കൈവശമുള്ളത്. വര്‍ഗിയ കലാപങ്ങളുടെ പ്രഭവ കാരണങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കാനും അതിനെ നിയന്ത്രിക്കാനും നിര്‍മിതബുദ്ധി നമ്മെ സഹായിക്കും. മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കി നിര്‍മിതബുദ്ധി പ്രയോഗിക്കുന്ന ലോകത്തിലെ ആദ്യപദ്ധതിയാണിത്.

ജനങ്ങള്‍ സ്വാഭാവികമായും അക്രമാസക്തരാണോ, അല്ലെങ്കില്‍ മതത്തെപ്പോലുള്ള ഘടകങ്ങളാണോ അവരെ അക്രമത്തിലേക്കു നയിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഗവേഷകര്‍. കുടിയേറ്റവിരുദ്ധതയും വിവിധ സമൂഹങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷവും സമ്മര്‍ദ്ദത്തിലേക്കും ഉല്‍കണ്ഠയിലേക്കും ആത്യന്തികമായി അക്രമങ്ങളിലേക്കും നയിക്കുമോ എന്നതും പഠനവിഷയമാക്കുന്നു.ജനങ്ങള്‍ സ്വാഭാവിക സഹചര്യത്തില്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. എന്നാല്‍ വിവിധസന്ദര്‍ഭങ്ങളില്‍ പ്രതികരണം രൂക്ഷമാകുകകയും അക്രമത്തിലേക്കു തിരിയുമെന്നും കണ്ടെത്തി. സ്വത്വരാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശ്വാസങ്ങള്‍ എതിര്‍ക്കപ്പെടുമ്പോഴാണ് അക്രമമാര്‍ഗം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുന്നതത്രെ.

ചരിത്രപരമായ ചില പ്രത്യേകസംഭവങ്ങളെ ഗവേഷണം അഭിസംബോധന ചെയ്യുന്നുണ്ടെങ്കിലും, ഗവേഷണഫലമായി ലഭിച്ച കണ്ടെത്തലുകള്‍ ഏതു വര്‍ഗീയകലാപത്തിന്റെയും മൂലകാരണങ്ങള്‍ അപഗ്രഥിക്കാന്‍ പ്രയോഗിക്കാവുന്നതാണ്. കലാപത്തിലേക്കു നയിച്ച പ്രേരണ എന്തെന്നു മനസിലാക്കാന്‍ ഇതിലൂടെ കഴിയും. മുസ്ലിം കുടിയേറ്റക്കാര്‍ക്കെതിരേ പരമ്പരാഗത ക്രൈസ്തവരാജ്യങ്ങളായ നോര്‍വേയും സ്ലൊവാക്യയുമാണ് ഈ സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. ബോസ്റ്റണ്‍ സ്‌ഫോടനത്തിന്റയും ലണ്ടന്‍ ഭീകരാക്രമണത്തിന്റെയും പശ്ചാത്തലത്തില്‍ റാഡിക്കല്‍ ഇസ്‌ലാം വിഭാഗത്തിന്റെ ദേശസ്‌നേഹം പരിശോധിക്കുകയാണ് ലക്ഷ്യം.

രാജ്യത്തു കുടിയേറ്റക്കാരാണു സംഘര്‍ഷങ്ങളുണ്ടാക്കുന്നതെന്നും അതിനു പരിഹാരം കാണാനുമാണ് പരീക്ഷണമെന്നുമാണ് വാദം. സാമൂഹ്യ സംഘര്‍ഷവും ഭീകരതയും തടയുന്നതിന് ഗവണ്‍മെന്റിനെ പിന്തുണയ്ക്കാന്‍ ഈ ഫലങ്ങള്‍ ഉപയോഗപ്പെടുമെന്ന് ടീം പ്രതീക്ഷിക്കുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് സാങ്കേതികവിദ്യ പ്രദാനം ചെയ്തത്. ഭീകരാക്രമണങ്ങള്‍ പോലുള്ള സംഭവങ്ങള്‍ നേരിടുന്നതിന് തങ്ങളുടെ വിദ്യ സഹായകമാകുമെന്ന് ഓക്‌സ്‌ഫോര്‍ഡ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

എന്നാല്‍ യഥാര്‍ത്ഥ ജീവിതസാഹചര്യങ്ങളില്‍ ഉപയോഗിക്കും മുമ്പ് ഈ സാങ്കേതികവിദ്യ കുറേക്കൂടി പരീക്ഷിച്ച് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണെന്ന് ഒരു സ്വതന്ത്രഗവേഷകന്‍ മുന്നറിയിപ്പു നല്‍കി. പക്വതയോടെ ഉപയോഗിച്ചാല്‍ വളരെ പ്രയോജനപ്രദമായ ഒരു ഗവേഷണ പദ്ധതിയായിരിക്കുമിതെന്ന് ഗവേഷകന്‍ പ്രൊഫസര്‍ നോയെല്‍ ഷാര്‍കി അഭിപ്രായപ്പെടുന്നു. മതസംഘര്‍ഷങ്ങള്‍ക്കു പിന്നിലെ വസ്തുതകള്‍ വിശകലനം ചെയ്യുന്നതിനുള്ള ഉപാധിയായി ഇതിനെ ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിശ്വാസങ്ങളുടെ കാതല്‍

മനുഷ്യന്‍ അടിസ്ഥാനപരമായി സമാധാനകാംക്ഷിയാണെന്ന് ജേണല്‍ ഓഫ് ആര്‍ട്ടിഫിഷ്യല്‍ സൊസൈറ്റീസ് ആന്‍ഡ് സോഷ്യല്‍ സ്റ്റിമുലേഷന്‍ എന്ന ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു. ഓക്‌സ്‌ഫോര്‍ഡ്, ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി, നോര്‍വേയിലെ അഗേര്‍ഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് അഗേര്‍ഡ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളിലെ ഗവേഷകരുടെ കൂട്ടായ്മയാണ് ഈ പ്രബന്ധം പുറത്തുവിട്ടത്. പ്രകൃതിദുരന്തങ്ങള്‍ പോലുള്ള പ്രതിസന്ധികള്‍ വരുമ്പോള്‍ ജനം അതിജീവനത്തിനായി കൈമെയ് മറന്ന് ഒന്നിക്കാറുണ്ട്. അതേസമയം, ചില സാഹചര്യങ്ങളില്‍ ജനങ്ങള്‍ അക്രമത്തെ പിന്തുണയ്ക്കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നതായി കാണാം. മനുഷ്യന്‍ വികാരജീവിയാണ്, ഒപ്പം സാമൂഹിക ജീവിയും. വികാരത്തിന്റെ പ്രകടനവും ഒതുക്കവും തമ്മിലുള്ള സംതുലനമാണ് വേണ്ടത്. ഔചിത്യം എന്ന വാക്ക് ഇവിടെ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. ഓരോ സാഹചര്യത്തിലും ഔചിത്യത്തോടെ പെരുമാറുക എന്നതാണ് പക്വതയെ നിര്‍വചിക്കുന്നത്.

ഏതെങ്കിലും പ്രത്യേകവിഭാഗത്തിന്റെ വിശ്വാസത്തെയും ആചാരങ്ങളെയും വെല്ലുവിളിച്ചാല്‍ വികാരം വ്രണപ്പെടുകയും പ്രകോപിതരാകുകയും ചെയ്യും. നമുക്കു ചുറ്റുമുണ്ടായ സമീപകാല സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇതു ശരിയാണെന്നു തെളിയും. വടക്കന്‍ അയര്‍ലന്റിലെ കലാപങ്ങള്‍ക്കു കാരണം അപരിചിതരേയും വിദേശികളേയും വെറുക്കുന്ന സാമൂഹ്യ ഉല്‍ക്കണ്ഠയാണെന്ന് ഗവേഷണ സംഘം കണ്ടെത്തി. ഇത് കുടിയേറ്റക്കാര്‍ക്കെതിരേയുള്ള ആക്രമണമായി പരിണമിക്കുകയായിരുന്നു. മതത്തിനു പുറമെ രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഭിന്നതകളും ഇതിന് ആക്കം കൂട്ടി. മൂന്നു ദശകങ്ങളായി രാജ്യത്തു നടക്കുന്ന അക്രമങ്ങളില്‍ 3,500 പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്.

മൗലികമായ ഭയം

2002ലെ ഗുജറാത്ത് കലാപത്തെ അടിസ്ഥാനമാക്കിയും കംപ്യൂട്ടര്‍ മാതൃക ഉപയോഗിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷത്തില്‍ വെറും മൂന്നു ദിവസത്തിനുള്ളില്‍ രണ്ടായിരത്തോളം പേരാണു കൊല്ലപ്പെട്ടത്. മതം, സംസ്‌കാരം എന്നിവയെക്കുറിച്ച് പഠിക്കാന്‍ നിര്‍മ്മിതബുദ്ധി ഉപയോഗിക്കുമ്പോള്‍ ഒഴിച്ചു കൂടാനാകാത്തതാണ് മനഃശാസ്ത്രപഠനമെന്ന് ഗവേഷകനായ ജസ്റ്റിന്‍ ലെയ്ന്‍ ചൂണ്ടിക്കാട്ടുന്നു. കാരണം മതത്തിന്റെയും സംസ്‌കാരത്തിന്റെയും അടിത്തറ മനഃശാസ്ത്രമാണ്.

വര്‍ഗീയകലാപങ്ങളുടെ വേരുകള്‍ കിടക്കുന്നത് സമൂഹത്തില്‍ തന്നെയാണ്. ലോകത്തു നടക്കുന്ന സംഭവങ്ങളില്‍ വ്യക്തികളുടെ മാനസിക പ്രതികരണമെന്തെന്നതിനെ ആശ്രയിച്ചിരിക്കും വര്‍ഗീയകലാപങ്ങളിലെ ഓരോ മനുഷ്യരുടെയും ഭാഗധേയം നിശ്ചയിക്കപ്പെടുക. ഒരു മതവിഭാഗത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും വിശുദ്ധ മൂല്യങ്ങളും വെല്ലുവിളി നേരിടുമ്പോള്‍, വര്‍ഗീയ കലാപങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യത കൂടും. വര്‍ഗീയവാദികള്‍ക്ക് സംഘടിതവും ആസൂത്രിതവുമായ പ്രചാരണത്തിലൂടെ സാധാരണക്കാരെ വികാരത്തിനു കീഴ്‌പ്പെടുത്തിക്കളയാന്‍ അതിവേഗം സാധിക്കും. എങ്കിലും, ഇത്തരമൊരു സാഹചര്യത്തില്‍പ്പോലും 20 ശതമാനം പേരില്‍ മാത്രമെ അക്രമത്തിലേക്കു തിരിച്ചു വിടാനാകുന്ന വിധം ഉല്‍ക്കണ്ഠ പടര്‍ത്താനാകൂവെന്നാണ് പഠനത്തില്‍ പറയുന്നത്.

വര്‍ഗീയകലാപങ്ങള്‍ മനുഷ്യരുടെ സ്വാഭാവിക പ്രതികരണം അല്ലെന്ന് ലെയ്ന്‍ ചൂണ്ടിക്കാട്ടുന്നു. വാസ്തവത്തില്‍ ഇത് മാനവിക ചരിത്രത്തില്‍ വളരെ വിരളമായി സംഭവിക്കുന്ന കാര്യമാണ്. ജനങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങള്‍ വെല്ലുവിളി നേരിടുന്ന ഘട്ടത്തിലോ സ്വന്തം വിശ്വാസങ്ങളോടുള്ള പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുമ്പോഴോ മാത്രമാണ്, ആകുലതകളും പ്രക്ഷോഭങ്ങളും ഉണ്ടാകുന്നതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. മറ്റുള്ള വിഭാഗങ്ങളക്കൂടി അംഗീകരിക്കാനും സ്വീകരിക്കാനും മനസിനെ പ്രാപ്തമാക്കുമ്പോഴാണ് ഇത്തരം മൗലികമായ ഭയപ്പാടുകളെ അകറ്റാന്‍ നമുക്കാകുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു.

പുറംജാതിക്കാരെ അംഗീകരിക്കുക

സ്വസമുദായത്തിനു പുറത്തുള്ളവരെ ഭീഷണിയായി കാണാതിരിക്കുന്നതാണ്
മതഭ്രാന്തന്മാരുടെയും ഭീകരവാദികളുടെയും അപകടസാധ്യത കുറയ്ക്കുന്നതിന് ഉചിതമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാവരെയും സ്വാംശീകരിക്കാന്‍ കഴിയുന്ന സമൂഹത്തിന് ഇത്തരം ഭീഷണികളെ അകറ്റി നിര്‍ത്താന്‍ കഴിയുമെന്നാണ് ചരിത്രം പറയുന്നത്. രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളുടെ അംഗസംഖ്യയിലുള്ള വ്യത്യാസമാണ് ഏറ്റവും അപകടസാധ്യതയുള്ള സാഹചര്യം. ഇരുവിഭാഗത്തിന്റെയും അനുയായികള്‍ അടിക്കടി ഏറ്റുമുട്ടല്‍വിചാരത്തോടെ പരസ്പരം കാണുന്നത് സംഘര്‍ഷസാധ്യത വര്‍ധിപ്പിക്കുന്നു.

ഇങ്ങനെയുള്ള മുഖാമുഖങ്ങള്‍ നേരിട്ടായിരിക്കണമെന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെയോ അല്ലാത്തതോ ആയ ഭീഷണി ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ മതി വര്‍ഗീയ സംഘര്‍ഷത്തിനു വഴി മരുന്നിടാനും ആളിപ്പടരാനും. ഭീഷണി മുഴക്കാനുള്ള ഏതെങ്കിലും ആശയം മാത്രം മതി സംഘര്‍ഷം വിതയ്ക്കാനുള്ള യഥാര്‍ത്ഥ ഭീഷണി പുറത്തെടുക്കാനെന്ന് ലെയ്ന്‍ പറയുന്നു. നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗും പോലുള്ള അത്യന്താധുനിക സാങ്കേതികവിദ്യകളുമായി നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്ന 99 ശതമാനം ആളുകള്‍ക്കും ഇത്തരം ക്ലാസിഫിക്കേഷനുകള്‍ പരിചിതമാണ്. മനുഷ്യരുടെ ചിന്താരീതികളും സമൂഹങ്ങളുടെ പെരുമാറ്റവും മനസിലാക്കുന്ന മനഃശാസ്ത്രം അടിസ്ഥാനമാക്കിയുള്ള യഥാര്‍ത്ഥപ്രതീതി ജനിപ്പിക്കുന്ന നിര്‍മിത ബുദ്ധിയാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത്.

ഇത്തം എഐ ഏജന്റുമാരെ സൃഷ്ടിക്കുന്നതിനായി, ഒരു മനുഷ്യന്റെ സ്വാഭാവിക ചിന്താഗതികളും മനനപ്രക്രിയയും എങ്ങനെ അനുകരിക്കാമെന്നതിലാണ് ഗവേഷണസംഘം പരീക്ഷണം നടത്തുന്നത്. ഇത് ഒരു പുതിയ സമീപനമല്ല, എങ്കിലും ഇത്തരമൊരു ഗവേഷണം യാഥാര്‍ത്ഥ്യമാകുന്നത് ഇതാദ്യം. മനുഷ്യ മനസ്സിനെ ഒരു കംപ്യൂട്ടര്‍ പരിപാടിയുമായി താരതമ്യം ചെയ്യുന്ന സൈദ്ധാന്തിക സാഹിത്യത്തിലെ ഒരു വിഭാഗമുണ്ട്. എന്നാല്‍ ആരും ഈ വിവരങ്ങള്‍ കൈക്കലാക്കി ഒരു കംപ്യൂട്ടര്‍ പ്രോഗ്രാം ചെയ്യാന്‍ തുനിയുന്നില്ല, കാരണം ഒരു സമാനത മാത്രമാണ്. ഒരു വ്യക്തിയുടെ വിശ്വാസങ്ങള്‍ ഒരു സമൂഹത്തിന്റെ അവസ്ഥയുമായി എങ്ങനെ പൊരുത്തപ്പെടുന്നെന്ന് കാണിക്കുന്നതിനായി, അവരുടെ എഐ പ്രോഗ്രാമില്‍ കോഗ്‌നിറ്റീവ് പരസ്പരവിശകലനം സംഘടിപ്പിക്കുകയാണിവിടെ.

തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ക്കെതിരെയുള്ള വിവരങ്ങള്‍ മനുഷ്യര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നറിയാനാണ് അവര്‍ ഇങ്ങനെ ചെയ്തത്. തെരഞ്ഞെടുക്കുന്ന എഐ മാതൃകയില്‍ വിശ്വാസികളും, എതിര്‍പ്പുള്ളവരും ഒരു നിലപാടും സ്വീകരിക്കാത്തവരും ഉള്‍പ്പെടും. കാലക്രമേണ അക്രമം ഉണ്ടായതിന്റെയും ശമിച്ചതിന്റെയും കാരണങ്ങള്‍ പഠനവിധേയമാക്കുന്നു. ദൈനംദിന സമൂഹത്തെ പ്രതിനിധീകരിക്കുന്നതിനും യഥാര്‍ത്ഥലോകത്തില്‍ വ്യത്യസ്ത വിശ്വാസങ്ങള്‍ എങ്ങനെയാണു സഹവര്‍ത്തിക്കുന്നതെന്നു കാണിക്കാനും അവര്‍ ഒരു മാതൃക സൃഷ്ടിക്കുന്നു. ഈ ആവാസവ്യവസ്ഥയില്‍ നൂറുകണക്കിനു മനുഷ്യ മോഡല്‍ ഏജന്റുകളെ വിന്യസിച്ചു പഠനം നടത്തുന്നു. പ്രായം, വംശം തുടങ്ങി ചില വ്യത്യാസങ്ങള്‍ ഈ കൂട്ടത്തില്‍ വരുത്താന്‍ ശ്രദ്ധിച്ചിരിക്കും.

Comments

comments

Categories: FK News, Slider