ആഗോള ഇസ്ലാമിക് സമ്പദ്‌വ്യവസ്ഥയില്‍ യുഎഇ മുന്നില്‍

ആഗോള ഇസ്ലാമിക് സമ്പദ്‌വ്യവസ്ഥയില്‍ യുഎഇ മുന്നില്‍

2023 ല്‍ യുഎഇയില്‍ മുസ്ലിം ജനതയുടെ ചെലവഴിക്കല്‍ തുക മൂന്ന് ട്രില്യണ്‍ ഡോളറിലെത്തും

അബുദാബി: ആഗോള തലത്തില്‍ വളര്‍ന്നു വരുന്ന ഇസ്ലാമിക് സമ്പദ്‌വ്യവസ്ഥയില്‍ യുഎഇയുടെ പ്രാധാന്യം ഏറുന്നതായി റിപ്പോര്‍ട്ട്. മുസ്ലിം ജനത ഏറ്റവും കൂടുതല്‍ ചെലവഴിക്കല്‍ നടത്തുന്നത് യുഎഇയിലാണെന്നാണ് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. 2023 ല്‍ യുഎഇയില്‍ മുസ്ലിം ജനതയുടെ ചെലവഴിക്കല്‍ തുക മൂന്ന് ട്രില്യണ്‍ ഡോളറിലെത്തുമെന്നും ആഗോള ഇസ്ലാമിക് ഇക്കോണമി റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

ഫിനാന്‍സ് വിഭാഗത്തില്‍ ആഗോള ഇസ്ലാമിക് എക്കോണമി സൂചികയില്‍ മുന്നിലെത്തിയിരിക്കുന്നത് മലേഷ്യയാണെങ്കിലും ഹലാല്‍ ഭക്ഷണം, ഹലാല്‍ യാത്ര, ഫാഷന്‍, ഹലാല്‍ മാധ്യമം, ഹലാല്‍ ഫാര്‍മ- കോസ്‌മെറ്റിക്‌സ് വിഭാഗങ്ങളില്‍ മുന്നിലെത്തിയിരിക്കുന്നത് യുഎഇയാണ്. ദുബായ് ഇസ്ലാമിക് ഇക്കോണമി ഡെവലപ്പ്‌മെന്റ് സെന്റര്‍ (ഡിഐഇഡിസി) കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് ദിനാര്‍ സ്റ്റാന്റേര്‍ഡ്, ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെന്റര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ തോംസണ്‍ റോയിട്ടേഴ്‌സ് ആണ് പുറത്തു വിട്ടിരിക്കുന്നത്.

ആഗോള ഇസ്ലാമിക് ഇക്കോണമി സൂചികയില്‍ ഇത്തവണ രണ്ടു വിഭാഗങ്ങളില്‍ കൂടി മുന്‍നിര സ്ഥാനം കൈയടക്കി രാജ്യം റാങ്കിംഗ് മെച്ചപ്പെടുത്തിയതായി സാമ്പത്തികകാര്യ മന്ത്രിയും ഡിഐഇഡിസി ചെയര്‍മാനുമായ സുല്‍ത്താന്‍ ബിന്‍ സയ്യിദ് അല്‍ മന്‍സൂരി പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുസ്ലിം ജനത ഏറ്റവും കൂടുതല്‍ ചെലവഴിക്കല്‍ നടത്തുന്നതില്‍ മൂന്നുവിഭാഗങ്ങളില്‍ മാത്രമാണ് രാജ്യത്തിന് മുന്നിലെത്താനായത്. ഡിഐഇഡിസിയുമായി പങ്കാളിത്തം സ്ഥാപിച്ച കമ്പനികളുടെ മികച്ച രീതിയിലുള്ള സംഭാവനയും ഡിഐഇഡിസിയുടെ പുതിയ നയങ്ങളും രാജ്യത്തെ മറ്റു വികസന നയ പരിപാടികളും ഈ വളര്‍ച്ചയ്ക്ക് കാരണമായതായി അല്‍ മന്‍സൂരി കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഫുഡ്്-ബിവറേജ്, ലൈഫ്‌സ്റ്റൈല്‍ വിഭാഗത്തില്‍ മുസ്ലിം ജനത ചെലവഴിച്ചത് 2.1 ട്രില്യണ്‍ ഡോളറാണ്. ഇത് 2023 ഓടുകൂടി കൂടുതല്‍ വളര്‍ന്ന് മൂന്ന് ട്രില്യണില്‍ എത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഫുഡ്-ബിവറേജ് വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ ചെലവഴിക്കല്‍ നടക്കുന്നത് (1.3 ട്രില്യണ്‍ ഡോളര്‍). ഫാഷന്‍ (270ബില്യണ്‍ ഡോളര്‍, മാധ്യമം-വിനോദം(209ബില്യണ്‍ ഡോളര്‍), യാത്ര (177 ബില്യണ്‍ ഡോളര്‍), ഫാര്‍മ (87 ബില്യണ്‍ ഡോളര്‍), കോസ്‌മെറ്റിക്‌സ് (61 ബില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളിലെ ചെലവഴിക്കലുകള്‍.

Comments

comments

Categories: Arabia
Tags: UAE