ടോപ് 5, ഏറ്റവും സുരക്ഷിത ബൈക്കുകള്‍

ടോപ് 5, ഏറ്റവും സുരക്ഷിത ബൈക്കുകള്‍

ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന ഏറ്റവും സുരക്ഷിതമായ അഞ്ച് ബൈക്കുകള്‍

ഇന്ത്യയില്‍ ഇരുചക്ര വാഹന ഉടമകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അതേസമയം വാഹന സുരക്ഷയുമായി ബന്ധപ്പെട്ട് ഇവര്‍ ഇപ്പോള്‍ കൂടുതല്‍ ബോധവാന്‍മാരാണ്. ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ സുരക്ഷ പരിഗണിച്ച് അല്‍പ്പം കൂടുതല്‍ കാശ് മുടക്കാന്‍ ഇപ്പോള്‍ ആളുകള്‍ തയ്യാറാകുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇരുചക്ര വാഹനങ്ങളില്‍പ്പോലും ചില പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍ കാണാം. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ചിലത് മാത്രമാണ്. ഇന്ത്യ പോലൊരു രാജ്യത്ത് വാഹനങ്ങളുടെ വില നിശ്ചയിക്കുന്നതാണ് അതാത് കമ്പനികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളി. അതുകൊണ്ടുതന്നെ ഒരു ലക്ഷം രൂപയില്‍ താഴെ വില വരുന്ന, ഏറ്റവും സുരക്ഷിതമായ അഞ്ച് ബൈക്കുകള്‍ ഏതെല്ലാമെന്ന് നോക്കാം.

സുസുകി ജിക്‌സര്‍ എബിഎസ്

നിലവില്‍ ഇന്ത്യയില്‍ എബിഎസ് സഹിതം ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന മോട്ടോര്‍സൈക്കിളാണ് സുസുകി ജിക്‌സര്‍. ജിക്‌സര്‍ എബിഎസ്സും സ്റ്റാന്‍ഡേഡ് മോഡലും തമ്മില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. 155 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് സുസുകി ജിക്‌സര്‍ എബിഎസ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 14.6 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ട്രാന്‍സ്മിഷനുമായി എന്‍ജിന്‍ ചേര്‍ത്തിരിക്കുന്നു. 87,664 രൂപയാണ് സുസുകി ജിക്‌സര്‍ എബിഎസ്സിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍ എബിഎസ്

ഹോണ്ടയുടെ അഗ്രസീവ് സ്ട്രീറ്റ്‌ഫൈറ്ററാണ് സിബി ഹോര്‍ണറ്റ് 160ആര്‍. കാര്യമായ പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയ മോഡല്‍ ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റമായിരുന്നു മോട്ടോര്‍സൈക്കിളില്‍ കണ്ട ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇതോടെ സുസുകി ജിക്‌സര്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന രണ്ടാമത്തെ എബിഎസ് മോട്ടോര്‍സൈക്കിളായി ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍ മാറി. ഫുള്‍ എല്‍ഇഡി ഹെഡ്‌ലാംപ്, ആകര്‍ഷകമായ പുതിയ ഗ്രാഫിക്‌സ് തുടങ്ങിയവയാണ് 2018 ഹോണ്ട ഹോര്‍ണറ്റിലെ മറ്റ് ശ്രദ്ധേയ മാറ്റങ്ങള്‍. 91,143 രൂപ മുതലാണ് ഹോണ്ട സിബി ഹോര്‍ണറ്റ് 160ആര്‍ എബിഎസ് മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില.

ടിവിഎസ് റേഡിയോണ്‍

എന്‍ട്രി ലെവല്‍ കമ്യൂട്ടര്‍ ബൈക്ക് സെഗ് മെന്റിലെ ഏറ്റവും സുരക്ഷിതമായ മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് ടിവിഎസ് റേഡിയോണ്‍. സിങ്ക് ബ്രേക്കിംഗ് സിസ്റ്റം (എസ്ബിഎസ്) ലഭിച്ചതാണ് ഒരു പ്രധാന കാരണം. സെഗ്‌മെന്റില്‍ ഈ ഫീച്ചര്‍ ലഭിച്ച ഒരേയൊരു ബൈക്കാണ് ടിവിഎസ് റേഡിയോണ്‍. 109.7 സിസി എന്‍ജിനാണ് ടിവിഎസ് റേഡിയോണില്‍ നല്‍കിയിരിക്കുന്നത്. ഈ മോട്ടോര്‍ 8.4 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 48,400 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഹീറോ സ്‌പ്ലെന്‍ഡര്‍, ഹോണ്ട സിഡി 110 ഡ്രീം തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ടിവിഎസ് റേഡിയോണ്‍ മല്‍സരിക്കുന്നത്.

ഹീറോ എക്‌സ്ട്രീം 200ആര്‍

ഹീറോ നിരയില്‍ എബിഎസ് ലഭിച്ച ഒരേയൊരു മോട്ടോര്‍സൈക്കിളാണ് എക്‌സ്ട്രീം 200ആര്‍. 199.6 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എല്‍ജിനാണ് മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 18.1 ബിഎച്ച്പി പരമാവധി കരുത്തും 17.1 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡാണ് ട്രാന്‍സ്മിഷന്‍. 89,900 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബജാജ് പള്‍സര്‍ എന്‍എസ് 200, ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 തുടങ്ങിയ ബൈക്കുകളുമായാണ് ഹീറോ എക്‌സ്ട്രീം 200ആര്‍ മല്‍സരിക്കുന്നത്.

സുസുകി ഇന്‍ട്രൂഡര്‍ 150

താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ക്രൂസര്‍ മാത്രമല്ല, സുരക്ഷിതമായ മോട്ടോര്‍സൈക്കിള്‍ കൂടിയാണ് സുസുകി ഇന്‍ട്രൂഡര്‍. സുസുകി ജിക്‌സറിന് കരുത്തേകുന്ന അതേ 155 സിസി എന്‍ജിനാണ് സുസുകി ഇന്‍ട്രൂഡറില്‍ നല്‍കിയിരിക്കുന്നത്. 14.6 ബിഎച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 99,995 രൂപ മുതലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 മോട്ടോര്‍സൈക്കിളാണ് പ്രധാന എതിരാളി.

Comments

comments

Categories: Auto, Slider
Tags: Top 5 bikes