ടെക് ഭീമന്മാര്‍ ഭാവി കാണുന്നത് ഇന്ത്യയില്‍

ടെക് ഭീമന്മാര്‍ ഭാവി കാണുന്നത് ഇന്ത്യയില്‍

ആഗോള ഐടി കമ്പനികളുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക് രണ്ടു ദശാബ്ദം പിന്നിടുന്നു

1990കളിലെ ഉദാരവല്‍ക്കരണത്തിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ ഐടി സേവന കയറ്റുമതിക്കാരായി ഇന്ത്യ മാറി. എസ്എപി, സിസ്‌കോ, ഹണിവെല്‍, ഇന്റെല്‍ എന്നിവ ഉള്‍പ്പെടെ ആദ്യകാല അന്താരാഷ്ട്ര ഐടി കമ്പനികള്‍ ഇന്ത്യയിലേക്ക് രംഗപ്രവേശം ചെയ്തു. തുടര്‍ന്ന് ഇതിന്റെ ഗതിവേഗം മാറിയത് പെട്ടെന്നായിരുന്നു. പ്രതിഭാധനരായ സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍മാരുടെ സുലഭ്യതയും കുറഞ്ഞ ചെലവും ഇന്ത്യയിലേക്ക് ഐടി ഭീമന്മാരെ ആകര്‍ഷിച്ചു. ഇന്നും അതേ സാഹചര്യം നിലനില്‍ക്കുന്നു.

ലോകത്തിലെ അതിവേഗം വളരുന്ന പ്രമുഖ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അതിവേഗത്തിലുള്ള ഡിജിറ്റൈസേഷന് രാജ്യം സാക്ഷ്യം വഹിക്കുന്നു. മാത്രമല്ല, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കൂടിയാണിത്. ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ഉപഭോഗത്തിലും മികച്ച വളര്‍ച്ച കൈവരിച്ചിരിക്കുന്നു. കഴിഞ്ഞ ദശകത്തില്‍ ഉദയം ചയ്ത ഇന്റര്‍നെറ്റ് നിര്‍മ്മിതബുദ്ധിയും ബിഗ്‌ഡേറ്റയും പോലുള്ള നവസങ്കേതങ്ങളിലേക്കു വികസിച്ചു.

ഫേസ്ബുക്ക്, ആമസോണ്‍, യുബര്‍ തുടങ്ങിയ ആഗോള ടെക് ഭീമന്മാര്‍ വളരെയേറെ സൂക്ഷ്മ പരിശോധനകള്‍ക്കു ശേഷമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഇവിടെ നൂറു കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളെ നേടിയെടുക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെങ്കില്‍, ഇന്ത്യന്‍ മധ്യവര്‍ഗ ഉപഭോക്താക്കളുടെ പോക്കറ്റ് ലക്ഷ്യമിട്ടാണ് ആമസോണിന്റെ വരവ്. ഇന്ത്യയിലെ വളര്‍ച്ചാ സാധ്യതകള്‍ മനസിലാക്കിയ ആമസോണ്‍ ഏഴു ബില്യണ്‍ ഡോളറാണ് ഇവിടെ നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുള്ളത്.

ഉപഭോക്താവില്‍ പരിപൂര്‍ണ വിശ്വാസം അര്‍പ്പിക്കുന്ന കമ്പനികള്‍ മാത്രമല്ല, ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികള്‍ കൂടി വിപണിയില്‍ ഇപ്പോള്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു. സിസ്‌കോ, ക്വാല്‍കോം തുടങ്ങിയ രാജ്യാന്തരകമ്പനികള്‍ ഇന്ത്യയിലെ നിക്ഷേപം വര്‍ധിപ്പിച്ചു. വിവിധ പരിപാടികളിലൂടെ ഈ സംരംഭങ്ങള്‍ പ്രാദേശിക സംരംഭകത്വത്തെയും പിന്തുണക്കുന്നു. സിസ്‌കോ, ഡിജിറ്റല്‍ ആക്‌സിലറേഷന്‍ പ്രോഗ്രാമിലൂടെ ഇന്നൊവേഷനിലും സംരംഭകത്വത്തിലും നിക്ഷേപം നടത്തുകയാണെന്ന് അടുത്തിടെ പ്രസ്താവിച്ചിരുന്നു.

ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ അവസരം തേടുന്ന ആഗോള ഭീമന്മാരുടെ മാത്രം കാര്യമല്ല ഇത്. ചെറിയ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും തങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വളക്കൂറുള്ള മണ്ണായി ഇന്ത്യയെ കാണുന്നു. ഇന്ത്യയില്‍ ഉടലെടുത്തിരിക്കുന്ന നവ പരിസ്ഥിതി ആഗോളനിലവാരത്തിലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പിന്തുണയേകുന്നു. ക്ലൗഡ് ഡെവലപ്പ്‌മെന്റ്, നിര്‍മ്മിത ബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബിഗ്ഡാറ്റ, വിശകലനം, അതിയന്ത്രവല്‍ക്കരണം തുടങ്ങിയ മേഖലകള്‍ ഇതില്‍ ഉള്‍പ്പെടും.

ലോകമെമ്പാടുമുള്ള വിവിധ ടെക്ക് പങ്കാളിത്തങ്ങളില്‍ സജീവമായി പങ്കെടുത്തു കൊണ്ട് ഈ ജൈവവ്യവസ്ഥയുടെ മൂലക്കല്ലായി സര്‍ക്കാര്‍ മാറിയിക്കുന്നു. ഇസ്രയേലും ബ്രിട്ടണുമായുള്ള പങ്കാളിത്തമാണ് ഇതില്‍ ഏറ്റവും പ്രമുഖം. ഇസ്രയേലുമായുള്ള ടെലികമ്യൂണിക്കേഷന്‍ പങ്കാളിത്തത്തിന്റെ ഫലം കണ്ടുതുടങ്ങി. സംയുക്തപദ്ധതികള്‍ക്കുള്ള ആദ്യ ഗഡു ധനസഹായം രണ്ടു മാസം മുമ്പ് ലഭിച്ചു.

ഈ വര്‍ഷം ഏപ്രിലില്‍ പ്രഖ്യാപിച്ച ബ്രിട്ടണുമായുള്ള പങ്കാളിത്ത പദ്ധതിക്കായി ഇരുരാജ്യങ്ങളും പ്രത്യേകനിധിക്കു രൂപം നല്‍കി. യൂണികോണ്‍ അസന്‍ഷന്‍ ഫണ്ട് എന്നറിയപ്പെടുന്ന ഫണ്ടില്‍ ഇന്ത്യന്‍ കമ്പനി യൂണികോണ്‍ ഇന്ത്യ വെഞ്ച്വേഴ്‌സും ബ്രിട്ടന്റെ അസെന്‍ഷന്‍ വെഞ്ച്വേഴ്‌സുമാണ് സഹകരിക്കുന്നത്. വിദേശ ഇന്‍ക്യുബറേറ്റര്‍മാരും ആക്‌സിലറേറ്ററുകളും ഇന്ത്യയില്‍ ഷോപ്പുകള്‍ സ്ഥാപിച്ച് തങ്ങളുടെ സാങ്കേതിക പരിചയം ഇവിടത്തെ നവസാങ്കേതിക ആവാസവ്യവസ്ഥയുമായി സംയോജിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ലണ്ടനില്‍ നിന്നുള്ള എന്റര്‍പ്രണര്‍ ഫസ്റ്റ്, ബംഗളൂരില്‍ ഓഫീസ് ആരംഭിച്ചു.

ഇത്തരമൊരു അനുകൂല സാഹചര്യം ഉരുത്തിരിഞ്ഞതോടെ, ഇന്ത്യയില്‍ കൂടുതല്‍ ഇന്നൊവേറ്റിവ് സ്റ്റാര്‍ട്ടപ്പുകള്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങി. ഉദാഹരണത്തിന്, ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്‍ഷ്വറന്‍സ്-ടെക് കമ്പനി സ്‌കൈലൈന്‍ പാര്‍ട്‌ണേഴ്‌സിന്റെ കാര്യമെടുക്കാം. ബ്ലാക്ക്‌ചെയിന്‍, സ്മാര്‍ട്ട് കോണ്‍ട്രാക്റ്റ്‌സ്, റിയല്‍ടൈം അനലിറ്റിക്കല്‍ ഡേറ്റ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കമ്പനിയാണിത്. ഇന്‍ഷ്വറന്‍സ് മേഖല അവഗണിച്ച മേഖലകളെയാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ കര്‍ഷകര്‍ക്കായി കാലാവസ്ഥാ ഇന്‍ഷ്വറന്‍സ് പോളിസികള്‍ അവതരിപ്പിക്കുമെന്ന് അവര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ചുരുക്കി പറഞ്ഞാല്‍ വളര്‍ച്ച ലക്ഷ്യമിടുന്ന ടെക് കമ്പനികള്‍ ഇന്ത്യന്‍ വിപണികളെയാണ് ഉറ്റുനോക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണികളില്‍ ഒന്നാണ് ഇന്ത്യ. രാജ്യത്തെ ഡിജിറ്റെസേഷന്റെ വികസനം വിസ്‌ഫോടനാത്മകമാണ്. അനുകൂലമായ ആവാസവ്യവസ്ഥയിലേക്ക് വലിപ്പച്ചെറുപ്പമില്ലാതെ കമ്പനികള്‍ ഒഴുകിയെത്തുന്നു. ഇന്ത്യ നേടിയ സാങ്കേതികപുരോഗതി ധൂര്‍ത്തടിക്കാനാണു ശ്രമിക്കുന്നുവെങ്കില്‍ അതു നിരാശാജനകമാണ്.

ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ അത്യന്താധുനിക സങ്കേതങ്ങളുടെ കടന്നുവരവ് ഐടി കമ്പനികളെ തങ്ങളുടെ ബിസിനസ് മാതൃകയെയും സേവനങ്ങളെയും കുറിച്ച് മാറ്റിച്ചിന്തിപ്പിക്കുന്നു. ഒരു പരിധി കഴിയുമ്പേള്‍ ഇത് അവസരങ്ങളെ ബാധിക്കുന്നു. ഇന്ത്യയിലെ ഐടി ജീവനക്കാര്‍ പുതിയ നൈപുണ്യപരിശീലനം നേടുകയും കാലഹരണപ്പെട്ട പഴയ കഴിവുകള്‍ക്കു പകരം കരിയര്‍മുന്നേറ്റത്തിന് അനുകൂലമാകുന്ന പുതിയ കഴിവുകള്‍ നേടിയെടുക്കുകയുമാണ് വേണ്ടത്. കാരണം ഭാവിയിലും ഐടിവ്യവസായം ഏറ്റവും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന മേഖലയായി തുടരും, തൊഴില്‍ സ്വഭാവവും തൊഴില്‍ നൈപുണ്യവും മാറുമെന്നുമാത്രം. ഐടി രംഗത്തെക്കുറിച്ച് ആവേശം കൊള്ളുന്ന തൊഴിലാളികള്‍ നാളത്തേക്കു വേണ്ട വൈദഗ്ധ്യം നേടുന്നതിനു പ്രാധാന്യം കൊടുക്കണം.

Comments

comments

Categories: FK News
Tags: IT companies