കാര്‍ഷികരംഗത്ത് അഞ്ച് ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് പെപ്‌സികോ

കാര്‍ഷികരംഗത്ത് അഞ്ച് ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് പെപ്‌സികോ

ഉരുളക്കിഴങ്ങ്, അരി, ചോളം, നാരങ്ങ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് രാജ്യത്തെ 24,000ത്തോളം കര്‍ഷകരുമായാണ് പെപ്‌സികോ സഹകരിക്കുന്നത്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ കാര്‍ഷിക മേഖലയുമായി കൈകോര്‍ത്ത് നടപ്പാക്കുന്ന തങ്ങളുടെ പദ്ധതികള്‍ വിപുലീകരിക്കുന്നതിനായി 2020ഓടെ അഞ്ച് ദശലക്ഷം ഡോളര്‍ (36.6 കോടി രൂപ) നിക്ഷേപിക്കാന്‍ ഭക്ഷ്യ പാനീയ ഭീമനായ പെപ്‌സികോ പദ്ധതിയിടുന്നു. ലെയ്‌സ്, അങ്കിള്‍ ചിപ്‌സ്, കുര്‍ക്കുറേ സ്‌നാക്‌സ്, ട്രോപ്പിക്കാന ജ്യൂസ് തുടങ്ങിയ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കാന്‍ ഉരുളക്കിഴങ്ങ്, അരി, ചോളം, നാരങ്ങ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതിന് രാജ്യത്തെ 24,000ത്തോളം കര്‍ഷകരുമായാണ് നിലവില്‍ കമ്പനി സഹകരിക്കുന്നത്.

”അടുത്ത അഞ്ച് വര്‍ഷത്തില്‍ സഹകരണ കാര്‍ഷിക ശൃംഖലയുടെ വ്യാപ്തി ഇരട്ടിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ ഭൂപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതുള്‍പ്പടെ പരിഗണനയിലുണ്ട്,” പെപ്‌സികോ സുസ്ഥിര കൃഷി വിഭാഗം ആഗോള വൈസ് പ്രസിഡന്റ് ക്രിസ്റ്റീന്‍ ദൗഹര്‍ത്തി പറഞ്ഞു. കൃഷിയിടങ്ങളില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ കൊണ്ടുവരാനും പെപ്‌സികോയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. കീടങ്ങളെ കൈകാര്യം ചെയ്യുന്നത് മുതല്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കുന്നത് വരെയുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു മൊബീല്‍ ആപ്ലിക്കേഷന്‍ വഴി കര്‍ഷകരെ ബന്ധിപ്പിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സുസ്ഥിര കാര്‍ഷിക പരിപാടികളിലൂടെ കാര്‍ഷിക ശാസ്ത്രം, വളങ്ങള്‍, ജലസേചനം, സസ്യ സംരക്ഷണ സങ്കേതങ്ങള്‍, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയില്‍ പെപ്‌സികോ അറിവ് പകര്‍ന്നു നല്‍കുന്നുണ്ടെന്നും ദൗഹര്‍ത്തി പറഞ്ഞു. തങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കു കീഴില്‍ ഉരുളക്കിഴങ്ങ് കര്‍ഷകരുടെ വിളവ് 13 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്ന് കമ്പനി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 28 വര്‍ഷങ്ങളുടെ ബന്ധമാണ് കര്‍ഷകരും പെപ്‌സികോയും തമ്മിലുള്ളതെന്ന് ദൗഹര്‍ത്തി പറഞ്ഞു. കൂട്ടുകൃഷി, തുള്ളിനന തുടങ്ങിയ പരിപാടികളിലൂടെ രാജ്യത്തെ 14 സംസ്ഥാനങ്ങളിലെ കര്‍ഷകരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.

ലെയ്‌സിലും അങ്കിള്‍ ചിപ്‌സിലും ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് പൂര്‍ണമായും ഇന്ത്യയിലെ കര്‍ഷകരില്‍ നിന്ന് ശേഖരിച്ചതാണെന്നും അവര്‍ വ്യക്തമാക്കി. രാജ്യത്ത് ചിപ്‌സ് ഉല്‍പ്പാദിപ്പിക്കുന്നതിനായി ഏറ്റവും കൂടുതല്‍ ഉരുളക്കിഴങ്ങ് വാങ്ങുന്നതും പെപ്‌സികോയാണ്. പഞ്ചാബിലെ പൊട്ടാറ്റോ മിനി ട്യൂബര്‍ ലാബില്‍ ഉരുളക്കിഴങ്ങ് വിത്തുകള്‍ വികസിപ്പിക്കുക മാത്രമല്ല, അത് സൗദി അറേബ്യ, ഈജിപ്ത്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യുന്നുണ്ടെന്ന് ദൗഹര്‍ത്തി പറഞ്ഞു. തങ്ങളുടെ ടൊറേറ്റോ സ്‌നാക്‌സിനായി ബിഹാറില്‍ നിന്ന് ചോളവും ഇവര്‍ സംഭരിക്കുന്നുണ്ട്. കൃഷിയിടങ്ങള്‍, ഭൂപ്രദേശങ്ങള്‍ എന്നിവ ഡിജിറ്റലായി അടയാളപ്പെടുത്താനും മറ്റുമായി പരീക്ഷണാടിസ്ഥാനത്തില്‍ ഒരു പദ്ധതിയും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്.

Comments

comments

Categories: FK News
Tags: PepsiCo