75 ബില്യണ്‍ ഡോളറിന്റെ കറന്‍സി സ്വാപ്പ് കരാറിലൊപ്പിട്ട് ഇന്ത്യയും ജപ്പാനും

75 ബില്യണ്‍ ഡോളറിന്റെ കറന്‍സി സ്വാപ്പ് കരാറിലൊപ്പിട്ട് ഇന്ത്യയും ജപ്പാനും

രൂപ നല്‍കി പകരം ഡോളറോ യെന്നോ നേടാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിക്കുക; കറണ്ട് എക്കൗണ്ട് കമ്മി കുറക്കാനാഗ്രഹിക്കുന്ന ഇന്ത്യക്ക് ഇടപാട് കൂടുതല്‍ ഉപകാരപ്പെടും

ന്യൂഡെല്‍ഹി: വിദേശ നാണ്യ വിനിമയത്തിനും മൂലധന വിപണിക്കും ആശ്വാസം പകരാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ജപ്പാനും 75 ബില്യണ്‍ ഡോളറിന്റെ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പിട്ട് ഇന്ത്യയും ജപ്പാനും. 2013 ല്‍ ഇരു രാജ്യങ്ങളും ഒപ്പിട്ട കറന്‍സി സ്വാപ്പ് കരാറിന്റെ ഇരട്ടി മൂല്യമുള്ള കരാറാണ് ഇതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി ഡെല്‍ഹിയില്‍ പ്രതികരിച്ചു. ‘ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് ഈ ഉഭയകക്ഷി കരാര്‍,’ ജെയ്റ്റ്‌ലി ട്വീറ്റിലൂടെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയും ടോക്കിയോയില്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് കറന്‍സി സ്വാപ്പ് കരാറിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടത്. രൂപ നല്‍കി പകരം ഡോളറോ യെന്നോ നേടാനുള്ള അവസരമാണ് ഇതിലൂടെ ഇന്ത്യക്ക് ലഭിക്കുക. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇടിയാതിരിക്കാനും രൂപയുടെ മൂല്യം കൂടുതല്‍ ദുര്‍ബലമാകാതിരിക്കാനും ഇത് വഴിയൊരുക്കും. ഫലത്തില്‍ 393.5 ബില്യണ്‍ ഡോളറിന്റെ വിദേശ നാണ്യ ശേഖരത്തിന് ഒരു കവചം എന്ന നിലയില്‍ ജപ്പാനില്‍ നിന്നുള്ള ഡോളര്‍ കറന്‍സി പ്രവര്‍ത്തിക്കും. അടുത്തിടെ ചൈനയുമായും ജപ്പാന്‍ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ 30 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇതിന്റെ മൂല്യം.

ഡോളറിനെതിരെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രൂപയെ കൈപിടിച്ചുയര്‍ത്താന്‍ കൂടിയാണ് ജപ്പാനുമായി ഇന്ത്യ കറന്‍സി സ്വാപ്പ് കരാറില്‍ ഒപ്പിട്ടത്. ഇന്ത്യന്‍ രൂപയിലോ ജപ്പാന്റെ യെന്നിലോ വിനിമയം നടത്താമെന്ന നേട്ടമാണ് ഇതിലൂടെ ഇരു രാജ്യങ്ങള്‍ക്കും ഉണ്ടാവുക. 75 ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള ഇടപാടുകള്‍ ഇതിലൂടെ സാധിക്കും. 2013 ല്‍ 50 ബില്യണ്‍ ഡോളറിന്റെ കറന്‍സി സ്വാപ്പ് കരാറാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാക്കിയിരുന്നത്. 2008 ല്‍ മൂന്ന് ബില്യണ്‍ ഡോളറിന്റെ കരാറിലും ഒപ്പിട്ടിരുന്നു. ഇന്ത്യക്ക് ആവശ്യമുള്ള സമയത്ത് വിദേശ മൂലധനം ഉറപ്പാക്കാന്‍ പുതിയ കരാറു കൊണ്ട് സാധിക്കുമെന്ന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയ്ല്‍ കോറിഡോറടക്കം വിവിധ പദ്ധതികള്‍ക്കായി വന്‍ വായ്പകളാണ് ജപ്പാന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. കറന്‍സി സ്വാപ്പിന്റെ കീഴില്‍ വരുന്നതോടെ ഇതിലും ഇന്ത്യക്ക് നേട്ടമുണ്ടാകും.

ഇരു രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകള്‍ തമ്മിലാവും ഇടപാടുകള്‍ നടക്കുക. പലിശ നിരക്ക് മുന്‍കൂട്ടി നിശ്ചയിക്കപ്പെടും. യെന്നിന് പകരമായി ഇന്ത്യയില്‍ നിന്ന് ഡോളര്‍ ആവശ്യപ്പെടാന്‍ ജപ്പാനും കരാര്‍ പ്രകാരം അവകാശമുണ്ട്. എങ്കിലും കറണ്ട് എക്കൗണ്ട് കമ്മി കുറക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാണ് ഈ ഇടപാട് കൂടുതല്‍ ഉപകാരപ്പെടുക. ജിഡിപിയുടെ 2.8 ശതമാനത്തിലേക്ക് ഉയര്‍ന്നിരിക്കുന്ന കറണ്ട് എക്കൗണ്ട് കമ്മിയാണ് രൂപയുടെ ചാഞ്ചാട്ടത്തിന്റെ മൂലകാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

വിപണിയുടെയും വിദേശ നിക്ഷേപകരുടെയും ആത്മവിശ്വാസം ഉയര്‍ത്താനും കറന്‍സി സ്വാപ്പ് ഇടപാടുകള്‍ സഹായിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. ഇതുവരെ ജപ്പാന്‍ ഏതെങ്കിലും രാജ്യവുമായി ഒപ്പിട്ട ഏറ്റവും വലിയ കറന്‍സി സ്വാപ്പ് കരാറാണിത്. യുഎസ് ഡോളറിന്റെ മൂല്യ വര്‍ധനയും പെട്രോളിയം വിലക്കയറ്റവും വ്യാപാര യുദ്ധവും രാഷ്ട്രീയ കാരണങ്ങളാലും ഏറ്റവും തിരിച്ചടിയേറ്റ കറന്‍സികളിലൊന്ന് രൂപയാണ്. 2018 ല്‍ 13 ശതമാനം മൂല്യത്തകര്‍ച്ചയാണ് രൂപക്ക് ഉണ്ടായത്. ഏപ്രിലില്‍ 426 ബില്യണ്‍ ഡോളറുണ്ടായിരുന്ന ആര്‍ബിഐയുടെ കറന്‍സി റിസര്‍വും കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 73.45 ആയിരുന്നു.

Comments

comments

Categories: FK News
Tags: India-Japan