യുഎഇയില്‍ ടെക് ജോലികള്‍ക്ക് ആവശ്യകത കൂടുന്നു

യുഎഇയില്‍ ടെക് ജോലികള്‍ക്ക് ആവശ്യകത കൂടുന്നു

റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ റോബര്‍ട്ട് ഹാഫ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് ഐടി അധിഷ്ഠിത ജോലികള്‍ക്കാണ് ഇപ്പോള്‍ കൂടുതല്‍ ഡിമാന്‍ഡ്

ദുബായ്: യുഎഇ സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കപ്പെടുന്നത് കൂടുതല്‍ മേഖലകളില്‍ ജോലിസാധ്യത തുറന്നിടുന്നു. ഇതില്‍ കോളടിച്ചിരിക്കുന്നത് ഐടി രംഗത്തിനാണ്. സ്‌പെഷലിസ്റ്റ് ജോലികള്‍ക്ക് യുഎഇയില്‍ കൂടുതല്‍ ഡിമാന്‍ഡുണ്ടെന്നാണ് റിക്രൂട്ട്‌മെന്റ് കണ്‍സള്‍ട്ടന്‍സിയായ റോബര്‍ട്ട് ഹാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

ടെക്‌നോളജി അധ്ഷ്ഠിത ജോലികള്‍ക്ക് വിപണിയില്‍ ആവശ്യകത ഏറുന്നതായും റോബര്‍ട്ട് ഹാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ കമ്പനികള്‍ മികച്ച വളര്‍ച്ചാ സാധ്യതകളിലേക്ക് എത്തുമെന്ന് ഇവരുടെ സര്‍വെയില്‍ പങ്കെടുത്ത 89 ശതമാനം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും പറുന്നു.

അതേസമയം സ്‌പെഷലിസ്റ്റ് പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തില്‍ ദുബായിലും അബുദാബിയിലുമുള്ള ബിസിനസ് നേതാക്കള്‍ക്ക് ആശങ്കയുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്. പല തലത്തിലുള്ള സാമ്പത്തിക സൂചകങ്ങള്‍ പറയുന്നതനുസരിച്ച് യുഎഇയില്‍ ബിസിനസ് ആത്മവിശ്വാസം കൂടുകയാണ്. വളര്‍ച്ചാ പ്രതീക്ഷയും സംരംഭകര്‍ക്കുണ്ട്. കഴിവുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമെല്ലാം മികച്ച അവസരങ്ങളാണ് നിലവിലെ ബിസിനസ് അന്തരീക്ഷം തുറന്നിടുന്നത്-റോബര്‍ട്ട് ഹാഫ് യുഎഇ അസോസിയേറ്റ് ഡയറക്റ്റര്‍ ഗരെത് എല്‍ മെട്ടൗരി പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ നവസങ്കേതങ്ങളുടെ ആപ്ലിക്കേഷനുകള്‍ ഓരോ ബിസിനസ് മേഖലയിലും ആവശ്യമായി വരുന്നു. അതുകൊണ്ടുതന്നെ ഈ മേഖലകളില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് ജോലി സാധ്യത കൂടുമെന്നാണ് വിലയിരുത്തല്‍. മിഡ്‌ലെവല്‍ മാനേജിരിയല്‍ തൊഴിലുകള്‍ക്കുള്ള ആവശ്യകതയും കൂടും.

ഐടി സെക്യൂരിറ്റി അനലിസ്റ്റുകള്‍, ആപ്ലിക്കേഷന്‍സ് ഡെവലപ്പര്‍, സിസ്റ്റംസ് ഡെവലപ്പര്‍ തുടങ്ങിയ തസ്തികകളിലേക്കും വ്യാപകമായ റിക്രൂട്ട്‌മെന്റ് നടക്കും. ഈ തൊഴിലുകള്‍ക്ക് 46,600 ഡോളര്‍ മുതല്‍ 125,100 ഡോളര്‍ വരെ തുടക്ക ശമ്പളം ലഭിച്ചേക്കും. ഫിനാന്‍സ് ഡയറക്റ്റര്‍, ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് മാനേജര്‍, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്‌സ് എന്നിവയാകും എക്കൗഡിംഗ് ആന്‍ഡ് ഫിനാന്‍സിംഗ് മേഖലയിലെ മികച്ച ജോലികള്‍.

Comments

comments

Categories: Arabia
Tags: Tech Jobs