നവംബര്‍ 12ന് ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍

നവംബര്‍ 12ന് ഊര്‍ജിത് പട്ടേല്‍ പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍

ജനുവരിയിലും ജൂലൈയിലും പട്ടേല്‍ കമ്മറ്റിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയിരുന്നു

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തെ കുറിച്ച് വിശദീകരിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് പാര്‍ലമെന്ററി ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി. നവംബര്‍ 12ന് കമ്മറ്റിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‌ലിയുടെ നേതൃത്വത്തിലുള്ള 31 അംഗ കമ്മറ്റി മൂന്നാം വട്ടമാണ് ഉര്‍ജിത് പട്ടേലിനോട് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെ അംഗങ്ങളായുള്ള പാനല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വിഷയം സസൂക്ഷ്മം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.

2016 നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ചിരുന്നത്. നോട്ടുകള്‍ നിരോധിച്ചതിനെ കുറിച്ചും അതിന്റെ അനന്തരഫലങ്ങളെ കുറിച്ചും ഉര്‍ജിത് പട്ടേലിനോട് കമ്മറ്റി വിശദീകരണം തേടും. അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ബില്ല് നിരോധിച്ചതും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും ഗവര്‍ണര്‍ പാനലിന് മുന്‍പാകെ വിശദീകരിക്കും.

”നോട്ടസാധുവാക്കലുമായി ബന്ധപ്പെട്ട് അംഗങ്ങള്‍ക്ക് ഏതാനും ചില വിവരങ്ങളും വിശദാംശങ്ങളും ആവശ്യമാണ്. പ്രത്യേകിച്ച് അതിന്റെ പ്രത്യാഘാതവുമായി ബന്ധപ്പെട്ട്. അതിനായാണ് ആര്‍ബിഐ ഗവര്‍ണറോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്,” വീരപ്പ മൊയ്‌ലി വ്യക്തമാക്കി. ഒരേ വിഷയത്തിന്റെ പേരില്‍ ആര്‍ബിഐ ഗവര്‍ണറെ ഒരു പാനല്‍ മൂന്ന് തവണ വിളിപ്പിക്കുന്നത് ഇത് ആദ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലും ജൂലൈയിലും പട്ടേല്‍ കമ്മറ്റിക്ക് മുന്നില്‍ ഹാജരായി, നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പങ്കുവെച്ചിരുന്നു.

പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലുള്ള സമിതിക്ക് ഇതുവരെ വിഷയത്തിലെ കരട് റിപ്പോര്‍ട്ട് തയാറാക്കാന്‍ സാധിച്ചിട്ടില്ല. സര്‍ക്കാരിനെ പ്രതി്ക്കൂട്ടിലാക്കുന്ന രീതിയിലുള്ള റിപ്പോര്‍ട്ട് വീരപ്പമൊയ്‌ലി ഓഗസ്റ്റ് മാസത്തില്‍ തയാറാക്കിയിരുന്നെങ്കിലും നിഷികാന്ത് ദുബെയുടെ നേതൃത്വത്തില്‍ ബിജെപി അംഗങ്ങള്‍ ഈ നീക്കം തടഞ്ഞു. റിപ്പോര്‍ട്ടുകളൊന്നും താന്‍ തയാറാക്കി അവതരിപ്പിച്ചില്ലെന്നാണ് യുപിഎ സര്‍ക്കാരിലെ പെട്രോളിയം മന്ത്രിയായിരുന്ന മൊയ്‌ലി പിന്നീട് അവകാശപ്പെട്ടത്. പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാനലിലെ ഭരണ-പ്രതിപക്ഷ വടംവലി രൂക്ഷമാകുമെന്നാണ് സൂചന.

Comments

comments

Categories: FK News
Tags: urjit patel