പേടിഎമ്മിന്റെ നഷ്ടം വര്‍ധിച്ചു

പേടിഎമ്മിന്റെ നഷ്ടം വര്‍ധിച്ചു

ബെംഗളൂരു: വിജയ് ശേഖര്‍ ശര്‍മ്മ നേതൃത്വം നല്‍കുന്ന പേടിഎം ഗ്രൂപ്പിന്റെ നഷ്ടം വര്‍ധിച്ചതായി കണക്കുകള്‍. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ വിഭാഗമായ പേടിഎം മാളാണ് കമ്പനിക്കു കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. പേടിമ്മിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,314.8 കോടി രൂപയുടെ വരുമാനമാണ് മൊത്തം നേടിയത്. ഇക്കാലയളവില്‍ കമ്പനിയുടെ നഷ്ടമാകട്ടെ 903.09 കോടി രൂപയില്‍ നിന്ന് 1,606,05 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. വര്‍ധിച്ച് അഡ്വര്‍ടൈസിംഗ്/മാര്‍ക്കറ്റിംഗ്, പേമെന്റ് ഗേറ്റ്‌വേ ചെലവുകള്‍ നഷ്ടം വര്‍ധിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. അഡ്വര്‍ടൈസിംഗിനായി ചെലവാക്കിയ തുകയില്‍ 127 ശതമാനത്തിന്റെ വര്‍ധനവും പേമെന്റ് ഗേറ്റ്‌വേ വിഭാഗത്തിലെ ചെലവുകളില്‍ അഞ്ചു മടങ്ങ് വര്‍ധനയുമാണ് ഉണ്ടായത്. ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ചെലവ് 67 ശതമാനം വര്‍ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

വിപണിയില്‍ ആമസോണ്‍, ഫഌപ്കാര്‍ട്ട് എന്നിവരുമായി മത്സരിക്കുന്ന പേടിഎം മാള്‍ മാര്‍ച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം 774.86 കോടി രൂപയുടെ വരുമാനം നേടിയപ്പോള്‍ 1,787.55 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടത്. വണ്‍ 97 കമ്യൂണിക്കേഷന്റെയും പേടിഎം മാളിന്റെയും സംയുക്ത വരുമാനം 417 ശതമാനം വര്‍ധിച്ച് 4,089 കോടി രൂപയിലും നഷ്ടം 270 ശതമാനം വര്‍ധിച്ച് 3,393 കോടി രൂപയിലും എത്തി. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് പേടിഎം മാളിനെ പേടിഎം ഇ-കൊമേഴ്‌സിന് കീഴിലാക്കികൊണ്ട് വണ്‍ 97 നടത്തിയ പുനസംഘടന വരുമാന വര്‍ധനവിന് സഹായിച്ചുവെന്നാണ് കരുതുന്നത്.

Comments

comments

Categories: FK News
Tags: PayTM