ശതകോടീശ്വരന്മാര്‍ വാഴുന്ന ഏഷ്യ

ശതകോടീശ്വരന്മാര്‍ വാഴുന്ന ഏഷ്യ

ഇന്ത്യയിലും ചൈനയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധന

ഏഷ്യയിലെ ഒന്നാമത്തെ സാമ്പത്തികശക്തിയായി മാറാന്‍ ഇന്ത്യയും ചൈനയും മല്‍സരിക്കുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളിലെയും സമ്പത്തിന്റെ വലിയ പങ്ക് ഏതാനും ചിലരില്‍ കേന്ദ്രീകരിക്കപ്പെടുക സ്വാഭാവികം. പോയ വര്‍ഷം ആഴ്ചയില്‍ രണ്ടു ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്ന വിധത്തില്‍ ചൈനയുടെ സമ്പദ്‌വ്യവസ്ഥ ശക്തിയാര്‍ജ്ജിച്ചുവെന്ന് സ്വിസ് ബാങ്കും ഓഡിറ്റര്‍ സ്ഥാപനം പിഡബ്ല്യുസിയും നടത്തിയ സംയുക്ത സര്‍വേയില്‍ പറയുന്നു. ചൈനയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 2016ലെ 318 ല്‍ നിന്ന് 2017-ല്‍ 373 ആയി ഉയര്‍ന്നു. 1.12 ട്രില്യണ്‍ ഡോളറാണ് ഇവരുടെ മൊത്തം ആസ്തി. അതേ സമയം ഇന്ത്യയിലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2017-18 വര്‍ഷത്തെ 121 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ പട്ടിക ഫോര്‍ബ്‌സ് പുറത്തു വിട്ടിട്ടുണ്ട്.

ലോകത്തിലെ ആകെ ശതകോടീശ്വരന്മാരുടെ എണ്ണം 2,158 ആയിരുന്നു. ഇവരുടെ മൊത്തം ആസ്തി 8.9 ട്രില്യണ്‍ ഡോളര്‍ ആണ്. ശതകോടീശ്വരന്മാരുടെ രാജ്യം എന്നറിയപ്പെടുന്ന രാജ്യം ഇന്നും അമേരിക്ക തന്നെയാണ്. കുടിയേറ്റക്കാരായ എല്ലാവരുടെയും പ്രിയനാടാണിത്. 73 ശതകോടീശ്വരന്‍മാരാണ് ഇവിടെയുള്ളത്. 42 ശതകോടീശ്വരന്‍മാരുമായി സ്വിറ്റ്‌സര്‍ലന്‍ഡും 39 ശതകോടീശ്വരന്‍മാരുമായി യുകെയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. സ്വിറ്റ്‌സര്‍ലന്റ്, ബ്രിട്ടണ്‍, യുഎഇ, സിംഗപ്പുര്‍, ഇസ്രയേല്‍, മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇതില്‍ പകുതിയും. ശതകോടീശ്വരന്‍മാര്‍ 67 രാജ്യങ്ങളില്‍ നിന്നായി 44 രാജ്യങ്ങളിലേക്ക് കുടിയേറിയവരുണ്ട്. ആഗോള പൗരന്‍മാര്‍ എന്നാണ് ഈ കോടീശ്വരന്‍മാരെ വിശേഷിപ്പിക്കുന്നത്. അതിനാല്‍ അവര്‍ എവിടെ ജീവിക്കുന്നവരാണെന്ന് വ്യക്തമായി പറയാന്‍ വിഷമമാണ്.

അമേരിക്കയിലെ ശതകോടീശ്വരന്മാരുടെ സമ്പത്തിന്റെ ഉല്‍പ്പാദനം കഴിഞ്ഞ വര്‍ഷം മന്ദഗതിയിലായിരുന്നു. 2017ല്‍ അമേരിക്കയ്ക്ക് പുതുതായി 53 ശതകോടീശ്വരന്മാരെയേ സൃഷ്ടിക്കാനായുള്ളൂ. അഞ്ചു കൊല്ലം മുമ്പ് 87 നവശതകോടിപതികളെ സൃഷ്ടിക്കാനായ സ്ഥാനത്താണിത്. സാമ്പത്തിക മാന്ദ്യഭീഷണി നേരിടുന്ന യൂറോപ്പിലെ സാഹചര്യവും വിഭിന്നമല്ല. ഇക്കാലയളവില്‍ യൂറോപ്പിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലുണ്ടായ വര്‍ധന വെറും 17 മാത്രമാണ്. ഇവിടെ പോയവര്‍ഷത്തെ ശതകോടീശ്വരന്മാരുടെ ആകെ എണ്ണം 414 ആണ്. യുഎസില്‍ ഉള്ളതിനേക്കാള്‍ ശതകോടീശ്വരന്മാര്‍ ഏഷ്യയിലാണ് ഉള്ളതെന്ന് സര്‍വേ പറയുന്നു. ഇപ്പോഴത്തെ പോക്കനുസരിച്ച് മൂന്നു വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍ ശതകോടീശ്വരന്മാര്‍ അമേരിക്കന്‍ ശതകോടീശ്വരന്മാരെ സമ്പത്തിന്റെ കാര്യത്തില്‍ കടത്തിവെട്ടും.

ചൈന ഇപ്പോള്‍ സമ്പന്നരെ സൃഷ്ടിക്കുന്നതില്‍ മുന്‍നിരയിലുള്ള രാജ്യമാണ്. ചൈനയിലെ കോടീശ്വരന്മാര്‍ക്ക് ഉയര്‍ന്ന വിറ്റുവരവുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് പൗരന്മാരായ 106 പേരാണ് പോയ വര്‍ഷം ശതകോടീശ്വരപ്പട്ടികയില്‍ കയറിയത്. എന്നാല്‍, 51 പേരെ ലിസ്റ്റില്‍ നിന്നു പുറത്താക്കി. രാജ്യത്ത് ബിസിനസ് അനുകൂല സാഹചര്യമില്ലെന്ന് അഭിപ്രായപ്പെട്ടവരാണ് ലിസ്റ്റില്‍ നിന്നു പുറത്തായത്. കഴിഞ്ഞ ദശകത്തില്‍, ലോകത്തിലെ ഏറ്റവും വലിയ വിജയം നേടിയ കമ്പനികള്‍ ചൈനയില്‍ ശതകോടീശ്വരന്മാരെ സൃഷ്ടിക്കുകയും ചൈനീസ് ജനതയുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്‌തെന്ന് യുബിഎസ് ഗ്ലോബല്‍ മാനേജ്‌മെന്റിലെ അള്‍ട്ര ഹൈ നെറ്റ് വര്‍ത്ത് മാനേജ്‌മെന്റ് മേധാവി ജോസഫ് സ്റ്റഡ്‌ലര്‍ പറഞ്ഞു. എന്നാലിതൊരു തുടക്കം മാത്രമായിരുന്നു. ചൈനയുടെ വിപുലമായ ജനസംഖ്യയും നവസാങ്കേതികതയും ഉല്‍പ്പാദനക്ഷമതയും സര്‍ക്കാര്‍ പിന്തുണയോടെ വര്‍ദ്ധിച്ചുവരികയാണ്. ഇത് മുമ്പില്ലാത്ത വിധം നല്‍കുന്ന അവസരങ്ങള്‍ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാന്‍ മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കാരണമാകുന്നു.

2016ല്‍ ചൈനീസ് ശതകോടീശ്വരന്മാരുടെ എണ്ണം വെറും 16 ആയിരുന്നു, എന്നാല്‍ ഇന്നു ലോകത്തിലെ ശതകോടീശ്വരന്മാരില്‍ അഞ്ചെണ്ണം ചൈനക്കാരാണ്. ചൈനയിലെ ശതകോടീശ്വരന്‍മാരില്‍ 97 ശതമാനവും സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നു വന്നവരാണ്. സാങ്കേതികവിദ്യ, ചില്ലറവ്യാപാരം എന്നീ രംഗങ്ങളിലാണ്് ഇവരില്‍ ഭൂരിപക്ഷവും വ്യാപരിക്കുന്നത്. ഇന്ത്യയിലാകട്ടെ മാറി വന്ന രാഷ്ട്രീയസാഹചര്യങ്ങളെ അനുകൂലമാക്കിയെടുത്തു രംഗത്തുവന്നവരാണ് ഭൂരിപക്ഷവും. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങമായി ഇന്ത്യന്‍ സമൂഹത്തിന്റെ സ്വത്തില്‍ അസാധാരണമായ സ്‌ഫോടനാത്മകത ഉണ്ടായിട്ടുണ്ട്. 1990- കളുടെ മധ്യത്തില്‍ വാര്‍ഷിക ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ രണ്ട് ഇന്ത്യക്കാര്‍ മാത്രമാണ് സ്ഥാനം പിടിച്ചത്. ഇവരുടെ ആകെ സ്വത്തിന്റെ മൂല്യമാകട്ടെ മൂന്നു ബില്ല്യണ്‍ ഡോളര്‍ മാത്രമായിരുന്നു. എന്നാല്‍, 1991- ല്‍ ആരംഭിച്ച ക്രമാനുഗതമായ സാമ്പത്തികപരിഷ്‌കരണങ്ങളുടെ പശ്ചാത്തലത്തില്‍ അതിന് അതിവേഗം മാറ്റമുണ്ടായി.

ഇന്ത്യയുടെ മുന്നേറ്റം ചൈനയുടെ വളര്‍ച്ചയ്ക്കു ഭീഷണിയാകുന്ന മട്ടുണ്ട്. ഈ നൂറ്റാണ്ടിലെ സാമ്പത്തിക ശക്തികളില്‍ ഇന്ത്യ ഒന്നാമതായി വളരുമെന്നാണു കണക്കാക്കപ്പെടുന്നത്. ലോകജനസംഖ്യയുടെ കാര്യത്തില്‍ ചൈനയെ അടുത്ത രണ്ടു ദശാബ്ദത്തിനിടയില്‍ ഇന്ത്യ മറികടക്കുമെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 2017 മാര്‍ച്ചില്‍ ഒരു കോടിക്കു മുകളില്‍ വരുമാനമുള്ള ഇന്ത്യയിലെ വ്യക്തികളുടെ എണ്ണം 81,344 ആണ്. 2015-16ലെ 67,783 ല്‍ നിന്ന് 20 ശതമാനത്തിന്റെ വര്‍ദ്ധന. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 2.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതായെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈന 2006- ല്‍ ഈ നിലവാരത്തിലെത്തിയെങ്കിലും അവിടെ നിന്ന് 10 ശതകോടീശ്വരന്മാര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. വികസനത്തിന്റെ അതേ ഘട്ടത്തില്‍ ഇന്ത്യ എട്ടു മടങ്ങ് കൂടുതല്‍ സമ്പത്ത് ഉല്‍പ്പാദിപ്പിച്ചുവെന്നര്‍ത്ഥം.

കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്ത് ഇന്ത്യ നേടിയത് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചയായിരുന്നു. ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും ഉയര്‍ത്താന്‍ സഹായിച്ച സാമ്പത്തിക വിപുലീകരണം റെക്കോര്‍ഡ് വേഗത്തില്‍ വളരുകയാണ്. അതേസമയം, ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന 10% പേര്‍ ദേശീയ വരുമാനത്തിന്റെ 55% കൈയാളുന്നു. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2016-17 സാമ്പത്തിക വര്‍ഷം 4.67 കോടി നികുതിദായകരാണ് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചത്. ഈ കണക്കുകള്‍ പ്രകാരം ഒരു കോടി രൂപ വരുമാനമുള്ളത് ഇന്ത്യയിലെ നികുതിദായകരില്‍ 0.002 ശതമാനത്തിനു മാത്രമാണെങ്കിലും കഴിഞ്ഞ നാലു സാമ്പത്തിക വര്‍ഷങ്ങളിലായി ഇവരുടെ എണ്ണത്തില്‍ 80 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2013-14ല്‍ 3.79 കോടിയായിരുന്നത്. 2017-18 ആയപ്പോള്‍ 6.85 കോടിയിലേക്ക് ഉയര്‍ന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സമ്പത്തിന്റെ മൂല്യം 440 ബില്ല്യന്‍ ഡോളര്‍ ആയിരുന്നു. യുഎസ്, ചൈന എന്നിവയൊഴികെയുള്ള മറ്റേതൊരു രാജ്യത്തിന്റെയും സമ്പത്തിനേക്കാള്‍ കൂടുതലാണിത്. ഇന്ത്യയിലെ ശരാശരി പൗരന്റെ വാര്‍ഷികവരുമാനം 1,700 ഡോളറാണെന്നോര്‍ക്കണം. രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ ആദ്യപടികള്‍ കയറുമ്പോള്‍ത്തന്നെ, ഇന്ത്യയിലെ പുതിയ അതിസമ്പന്നര്‍ മറ്റ് ഏത് രാജ്യത്തുമുള്ള വരേണ്യവര്‍ഗങ്ങളേക്കാള്‍ വേഗത്തില്‍ കൂടുതല്‍ പണം സമാഹരിക്കുന്നുണ്ടെന്നര്‍ത്ഥം. 2016- ല്‍ ഫോര്‍ബ്‌സ് കോടീശ്വര പട്ടികയില്‍ 84 ഇന്ത്യക്കാര്‍ ഇടം നേടി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 2.3 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ളതായെന്ന് ലോക ബാങ്കിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചൈന 2006- ല്‍ ഈ നിലവാരത്തിലെത്തിയെങ്കിലും അവിടെ നിന്ന് 10 ശതകോടീശ്വരന്മാര്‍ മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്.

രണ്ടാം യുപിഎസര്‍ക്കാരിന്റെ കാലത്താണ് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് വലിയൊരു കുതിപ്പുണ്ടായത്. സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതു പോലെ പെട്ടെന്നുണ്ടായ കോടീശ്വരന്മാരുടെ വര്‍ധനയെ ഉടനെ ആശ്രയിക്കാനാകില്ല. കാരണം ഇവരുടെ വരവ് താഴ്ന്ന വരുമാന പരിധിയില്‍പ്പെട്ട വിഭാഗങ്ങളില്‍ നിന്നാണ്. അതിനാല്‍, ഇവരുടെ കടന്നു വരവ് നികുതി വരുമാനത്തില്‍ ആനുപാതികമായ പ്രതിഫലനമുണ്ടാക്കില്ല. എന്നിരുന്നാലും, രണ്ട് മേഖലകളില്‍ മോദി സര്‍ക്കാര്‍ നിതാന്ത പുരോഗതി കൈവരിച്ചിട്ടുണ്ട്. ആദ്യത്തേത് ഇന്ത്യയുടെ നേരിട്ടുള്ള നികുതി-ജിഡിപി അനുപാതമാണ്. 2017-2018 സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ച 5.98 ശതമാനത്തിന്റെ അനുപാതം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ നേടിയ മികച്ച പ്രത്യക്ഷ നികുതി ജിഡിപി അനുപാതമാണ് എന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് വ്യക്തമാക്കുന്നു.

ഇന്ത്യയിലെ ബില്യണയര്‍ രാജിന്റെ വ്യക്തമായ പ്രഭാവം ആഭ്യന്തര സാമ്പത്തിക പരിഷ്‌കാരങ്ങളോടെയാണ് സുദൃഢമായത്. 1980- കളില്‍ സാവധാനം ആരംഭിച്ച്, 1991- ലെസാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നാടകീയമായി വളര്‍ന്ന്, ലൈസന്‍സ് രാജ് സൃഷ്ടിച്ച ഇരുമ്പറകള്‍ പൊളിച്ചുമാറ്റിവ്യവസായസാമ്രാജ്യം സൃഷ്ടിക്കുകയായിരുന്നു ഇവര്‍. പഴയ സര്‍ക്കാരുകള്‍ ലാളിച്ചു കൊണ്ടിരുന്ന വിലനിയന്ത്രണം എടുത്തു മാറ്റുകയും വിദേശ നിക്ഷേപം അനുവദിക്കുകയും അങ്ങനെ കമ്പനികള്‍ക്കു മത്സരരംഗം തുറന്നു കൊടുക്കുകയും ചെയ്തു. പതിയെ വ്യോമയാനം, സ്റ്റീല്‍, ടെലികോം മേഖലകളില്‍, ഇന്‍ഡ്യന്‍ കമ്പനികള്‍ മേല്‍വിലാസമുണ്ടാക്കാന്‍ തുടങ്ങി. ഏഷ്യയെ നയിക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനു കൂടുതല്‍ മെച്ചപ്പെട്ട ജനാധിപത്യ ഭാവിയിലേക്കുള്ള ലോകത്തിന്റെ പ്രത്യാശകളും ഈ വിഭാഗത്തിന്റെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കും. ലോകത്തിലെ ഒരു പ്രബല വിഭാഗം ഇന്ത്യയുടെ സാമ്പത്തികമേധാവിത്തത്തെ പ്രത്യാശയോടെയാണു കാണുന്നത്. രാജ്യത്തെ ജനാധിപത്യത്തിന്റെ കരുത്തും ഭരണസുസ്ഥിരതയില്‍ അതിന്റെ പ്രതിഫലനവുമാണ് ഈ വിശ്വാസമാര്‍ജ്ജിക്കാനുള്ള കാരണം.

Comments

comments

Categories: Top Stories