രാജ്യത്ത് 3,000ത്തില്‍ അധികം ടെക്കികളെ നിയമിച്ച് യുബിഎസ്

രാജ്യത്ത് 3,000ത്തില്‍ അധികം ടെക്കികളെ നിയമിച്ച് യുബിഎസ്

ഡാറ്റ സയന്‍സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും (എഐ) വൈദഗ്ധ്യമുള്ള ജീവനക്കാരെ കൂടുതലായി നിയമിക്കാനാണ് യുബിഎസിന്റെ പദ്ധതി

ബെംഗളൂരു: സ്വിസ് ബഹുരാഷ്ട്ര ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ യുബിഎസ് ഇന്ത്യയില്‍ 3,000ത്തില്‍ അധികം ടെക്കികളെ നിയമിച്ചതായി റിപ്പോര്‍ട്ട്. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ കേന്ദ്രീകരിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് യുബിഎസ് കൂടുതല്‍ സാങ്കേതികവിദഗ്ധരെ രാജ്യത്ത് നിയമിച്ചിരിക്കുന്നത്.

നിയമനങ്ങള്‍ക്കായി ഇന്ത്യന്‍ എന്‍ജിനീയറിംഗ് കോളെജുകളിലെ അവസരങ്ങള്‍ ഉപയോഗപ്പെടുത്താനും സ്വിസ് ബാങ്ക് പദ്ധതിയിടുന്നുണ്ട്. 2017ലെ കണക്ക് പ്രകാരം രാജ്യത്ത് 1,500 ജീവനക്കാരാണ് യുബിഎസിനുണ്ടായിരുന്നത്. നടപ്പു വര്‍ഷം സെപ്റ്റംബറോടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 3,000 കടന്നു. പ്രാരംഭ ഘട്ടത്തില്‍ പരമ്പരാഗത രീതിയിലാണ് കമ്പനി റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. എന്നാലിന്ന് കാംപസ് നിയമനങ്ങളില്‍ സജീവമായ ഇടപെടലാണ് കമ്പനി നടത്തുന്നത്. ഐഐടികളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും യുബിഎസ് നിയമനം നടത്താന്‍ നോക്കുന്നുണ്ട്.

നടപ്പു വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 100 പേരെയാണ് യുബിഎസ് കാംപസുകളില്‍ നിന്നും തങ്ങളുടെ തൊഴില്‍ ശക്തിയുടെ ഭാഗമാക്കിയത്. ഭാവിയില്‍ കൂടുതല്‍ നിയമനങ്ങള്‍ ഇന്ത്യന്‍ കാംപസുകളില്‍ നിന്ന് നടത്താനാണ് പദ്ധതിയെന്നും യുബിഎസ് ഇന്ത്യ മേധാവി ഹെറാള്‍ഡ് എഗ്ഗര്‍ പറഞ്ഞു.

പൂനെയിലും നവി മുംബൈയിലുമായി രണ്ട് സെന്ററുകള്‍ യുബിഎസിനുണ്ട്. തങ്ങളുടെ കരാറുകളുടെ ഏകദേശം 70 ശതമാനത്തോളം യുബിഎസ് പുറത്തുകൊടുത്ത് (ഔട്ടസോഴ്‌സ്) ചെയ്യിക്കാറാണ് പതിവ്. എന്നാലിനി 60 ശതമാനത്തോളം ടെക് ജോലികളും യുബിഎസ് ഇന്ത്യയില്‍ നിന്ന് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡാറ്റ സയന്‍സിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും (എഐ) വൈദഗ്ധ്യമുള്ള ജീവനക്കാരെ നിയമിക്കാനാണ് യുബിഎസ് നോക്കുന്നത്. പ്രൊഡക്റ്റ് റിസ്‌ക് അടക്കമുള്ള മേഖലകള്‍ കൈകാര്യം ചെയ്യുന്നതിന് ഗണിതജ്ഞരെ നിയമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടെന്ന് എഗ്ഗര്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന് പ്രയോജനം ഉറപ്പുവരുത്തുന്ന തരത്തിലുള്ള പ്രൊജക്റ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കമ്പനിയുടെ ശ്രമമെന്നും അദ്ദേഹം അറിയിച്ചു.

Comments

comments

Categories: Business & Economy
Tags: UBS